Skip to main content

എസ് കെ പൊറ്റക്കാട് സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമാക്കി മാറ്റിയ മഹാൻ-  മന്ത്രി എ കെ ബാലൻ

സഞ്ചാരസ്വാതന്ത്ര്യം കേവലമൊരു ഡയറി കുറിപ്പല്ല എന്ന് മലയാളിക്ക് മനസിലാക്കി കൊടുത്ത മഹാനാണ് എസ് കെ പൊറ്റക്കാടെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ കെ ബാലൻ പറഞ്ഞു. സാംസ്കാരിക വകുപ്പും നഗരസഭയും ചേർന്ന് നിർമ്മിച്ച എസ് കെ പൊറ്റക്കാട് സാംസ്കാരിക നിലയത്തിന്റെ മിനി എ സി കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാഹിത്യ ശാഖയിൽ സഞ്ചാരത്തെ സർഗാത്മകമായി എഴുതി ഫലിപ്പിക്കാൻ എസ് കെക്ക് കഴിഞ്ഞു. മലയാളിയെ വിസ്മയിപ്പിക്കുകയും സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്ത നിരവധി യാത്രാ വിവരണങ്ങളാണ് അദ്ദേഹത്തിൻറെതായി ഉള്ളത്. ഒരു തെരുവ് എത്ര എണ്ണമറ്റ കഥകളെയാണ് ഉൾക്കൊള്ളുന്നതെന്ന് നാം അറിഞ്ഞത് അദ്ദേഹത്തിന്റെ തെരുവിന്റെ കഥയിലൂടെയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എം എൽ എ പുരുഷൻ കടലുണ്ടി മുഖ്യാതിഥിയായിരുന്നു.

25 ലക്ഷം രൂപ ചെലവിലാണ് എസ് കെ പൊറ്റക്കാട്  സാംസ്കാരിക നിലയത്തിന്റെ മിനി എസി കോൺഫറൻസ് ഹാൾ നിർമ്മിച്ചത്.
സാസ്‌കാരിക വകുപ്പിന്റെ 15 ലക്ഷം രൂപ ചെലവിൽ നിർമ്മിതി കേന്ദ്രയാണ് കോൺഫറൻസ് ഹാളിന്റെ ഇലക്ട്രിക്കൽ വർക്ക്, എ സി, ഫർണിച്ചർ, സ്റ്റേജ്, ലീക്ക് പ്രൂഫ്, ഇന്റീരിയൽ വർക്കുകൾ എന്നിവ ചെയ്തത്. സൗണ്ട് പ്രൂഫിംഗ് ചെയ്തത് കോർപ്പറേഷന്റെ 10 ലക്ഷം രൂപ ചെലവിലാണ്.

ഡെപ്യൂട്ടി മേയർ മീരാ ദർശക് അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരാസൂത്രണ കമ്മിറ്റി ചെയർമാൻ എം സി അനിൽകുമാർ, മരാമത്ത് കമ്മിറ്റി ചെയർമാൻ ടി വി ലളിത പ്രഭ, ആരോഗ്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ വി ബാബുരാജ്, വാർഡ് കൗൺസിലർ എം സെലീന, എസ് കെ പൊറ്റക്കാടിന്റെ പുത്രി സുമിത്ര ജയപ്രകാശ്, പുത്രൻ ജ്യോതീന്ദ്രൻ, എസ് കെ സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് ടി വി രാമചന്ദ്രൻ, സെക്രട്ടറി പി എം വി പണിക്കർ, എന്നിവർ സംസാരിച്ചു. കോർപ്പറേഷൻ അസിസ്റ്റൻറ് എഞ്ചിനീയർ മനോഹരൻ, നിർമിതി കേന്ദ്ര അസിസ്റ്റന്റ് എഞ്ചിനീയർ സീന എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു.

 

 

 

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഉദ്ഘാടനം 4 ന്

 

 

പെരുവയല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി ഒക്ടോബര്‍ നാലിന് മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. കല്ലേരി കൊണാറമ്പിലാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കെട്ടിടം തയ്യാറാക്കിയത്. 

 

സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് വ്യവസായ എസ്‌റ്റേറ്റ് കെട്ടിടമായിരുന്ന ഇവിടം 25 ലക്ഷം രൂപ ചെലവഴിച്ച് പ്രാഥികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടമാക്കി മാറ്റിയത്. ഒ പി, വെയിറ്റിംഗ് ഏരിയ, ഡോക്ടേര്‍സ് റൂം, ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ റൂം, ഓഫീസ് റൂം എന്നിങ്ങനെ 10 റൂമുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്. പെരുവയല്‍, പെരുമണ്ണ, മാവൂര്‍ എന്നിവിടങ്ങളിലുള്ള 200 ഓളം രോഗികളാണ് ദിനംപ്രതി ഇവിടെ പരിശോധനക്കായെത്തുന്നത്. 

 

മാസത്തില്‍ ആറു ദിവസം കുത്തിവെപ്പ് ഉണ്ട്.  ദിവസവും ഒപിയും ബുധനാഴ്ച ജീവിതശൈലിരോഗ ക്ലിനിക്കും പ്രവർത്തിക്കുന്നുണ്ട്. ഡോക്ടേഴ്‌സ്, നഴ്‌സ്, ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിവരെ കൂടാതെ 10 ഫീല്‍ഡ് സ്റ്റാഫാണുള്ളത്.

 

ആട് വളര്‍ത്തലില്‍ പരിശീലനം

 

മലമ്പുഴ ഐ.ടി.ഐയ്ക്ക് സമീപത്തെ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഒക്‌ടോബര്‍ നാല്, അഞ്ച് തീയതികളില്‍ ആട്് വളര്‍ത്തലില്‍ രണ്ടുദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്തവര്‍ നാലിന്് രാവിലെ 10 മണിക്ക് മുമ്പായി കേന്ദ്രത്തില്‍ എത്തുക. ഫോണ്‍ :  0491-2815454.

 

 

വയോജന ദിനാഘോഷം മന്ത്രി ടിപി  രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന വയോജനദിനാഘോഷം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമൂഹ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായാണ് സംസ്ഥാനത്തുടനീളം വയോജനദിനമാഘോഷിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മണിക്ക് എന്‍.ജി.ഒ യൂണിയന്‍ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി വയോജന സംരക്ഷണ നിയമവും വയോജനനയവും എന്ന വിഷയത്തില്‍ വയനാട് ജില്ലാ പ്രബോഷന്‍  ഓഫീസര്‍ കെ ടി അഷ്‌റഫ് ക്ലാസെടുക്കും.  ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത മനക്കല്‍, സബ് കലക്ടര്‍ വി വിഘ്നേശ്വരി, ജില്ലാ സാമൂഹ്യ  നീതി ഓഫീസര്‍ ഷീബ മുംതാസ്, കോഴിക്കോട് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ടിവി ലളിതപ്രഭ, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി പരമേശ്വരന്‍, സംസ്ഥാന വയോജന കൗണ്‍സില്‍ മെമ്പര്‍ ടി ദേവി, തുടങ്ങിയവര്‍ പങ്കെടുക്കും. 

 

date