Skip to main content

ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും  20 വീടുകളുടെ ശിലാസ്ഥാപനവും ഇന്ന്

 

 

കട്ടിപ്പാറ ഗ്രാമ പഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച ലൈഫ് ഭവനങ്ങളുടെ താക്കോല്‍ദാനവും ജെ.കെ സിമന്റ്സ് നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനവും ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 10.30ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. സമാനതകളില്ലാത്ത തരത്തില്‍ പ്രകൃതി ദുരന്തമുണ്ടായ കട്ടിപ്പാറ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയുടെ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി 131 വീടുകളാണ് നിര്‍മ്മിച്ചത്. എന്റര്‍പ്രണര്‍ ഓര്‍ഗനൈസേഷന്‍ കേരള ജെ.കെ സിമന്റ്സാണ് 20 വീടുകള്‍ നിര്‍മ്മിക്കുന്നത്. 

 

കട്ടിപ്പാറ ടൗണില്‍ നടക്കുന്ന ചടങ്ങില്‍ കാരാട്ട് റസാക്ക് എംഎല്‍എ അധ്യക്ഷത വഹിക്കും. ജെ.കെ സിമന്റ്സ് പ്രതിനിധി ലളിത്ഖന്ന, അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രന്‍ വിതരണം ചെയ്യും. താമരശേരി തഹസില്‍ദാര്‍ സി മുഹമ്മദ്റഫീഖ്, ജില്ലാ പഞ്ചായത്ത് അംഗം നജീബ് കാന്തപുരം വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

 

 

സൗരോര്‍ജ്ജം നല്ല ഭാവിക്കായി

പെയിന്റിങ് മത്സരം ഒക്ടോബര്‍ രണ്ടിന് 

 

 

പൊതുവിദ്യാഭ്യാസ വകുപ്പും അനെര്‍ട്ടും ചേര്‍ന്ന് സൗരോര്‍ജ്ജം നല്ല ഭാവിക്കായി എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നാളെ(ഒക്ടോബര്‍ 2) രണ്ടിന് ജില്ലാ തല പെയിന്റിങ് മത്സരം (ജലച്ചായം) സംഘടിപ്പിക്കുന്നു. ബി.ഇ.എം. ഗേള്‍സ് ഹൈസ്‌കൂളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന മത്സരത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് സ്‌കൂളില്‍ എട്ട് മുതല്‍ പത്ത് വരെ ക്‌ളാസുകളില്‍ പഠിക്കുന്നവര്‍ക്ക് സ്‌കൂള്‍  മുഖേന പങ്കെടുക്കാം. വരയ്ക്കുന്നതിനുള്ള ഡ്രോയിങ് പേപ്പര്‍ നല്‍കും. വാട്ടര്‍ കളറും പെന്‍സിലും മത്സരാര്‍ത്ഥികള്‍ കൊണ്ടുവരണം. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍  നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 1500 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. ഫോണ്‍ - 9188119411, 9188119428.

 

 

 

കൈത്തറി ജില്ലാതല ചിത്രരചനാ മത്സര വിജയികള്‍

 

 

കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാര്‍ത്ഥം പുതുതലമുറയില്‍ കൈത്തറി  അവബോധം വളര്‍ത്തുന്നതിനായി കൈത്തറി വസ്ത്ര ഡയറക്ടറേറ്റും കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി  സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ജില്ലാതല ചിത്രരചനാ മത്സര വിജയികള്‍. 

 

എല്‍പി വിഭാഗം വിജയികള്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനക്രമത്തില്‍:

അദ്വൈത് എം, ബദിരൂര്‍ എ.എല്‍.പി സ്‌കൂള്‍ മക്കട, ഫാത്തിമ ഫിദ വി, മണ്ണൂര്‍ നോര്‍ത്ത് എ.യു.പി സ്‌കൂള്‍, ദേവിക സജീവന്‍ വി.വി, കേന്ദ്രീയ വിദ്യാലയം ഈസ്റ്റ് ഹില്‍.

 

യുപി വിഭാഗം : അവന്തിക എസ് വേദവ്യാസ വിദ്യാലയം മലാപ്പറമ്പ്,  വേദിക ജെ.എസ് എ.യു.പി.എസ് ഉള്ളിയേരി,  അളകനന്ദ ടി,  ജി ജി യു പി എസ് നല്ലൂര്‍.

 

ഹൈസ്‌കൂള്‍ വിഭാഗം :  നദ്‌വ,  ഇലാഹിയ സെക്കന്‍ഡറി സ്‌കൂള്‍ കാപ്പാട്,  നേഹ എ.എസ്, ജിഎച്ച്എസ്എസ് ബാലുശ്ശേരി, അനഘ ടിപി, പ്രോവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കോഴിക്കോട്.  കണ്ടംകുളം ജൂബിലി ഹാളില്‍ ഞായറാഴ്ച നടന്ന മത്സരം ജില്ലാ കലക്ടര്‍ സീറാം സാംബശിവ റാവു ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഇ പി നജീബ്  അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ അഡ്വ പി.എം നിയാസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രാജീവ്, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ.ടി ആനന്ദകുമാര്‍, ഹാന്റക്‌സ് ഡയറക്ടര്‍ സി ബാലന്‍, കൈത്തറി അസോസിയേഷന്‍ സെക്രട്ടറി എ.വി ബാബു എന്നിവര്‍ സംസാരിച്ചു.

 

 

കുന്ദമംഗലം മണ്ഡലത്തില്‍ ലൈഫ് പദ്ധതിയുടെ രണ്ട് ഭവന സമുച്ചങ്ങള്‍

 

കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ ലൈഫ് മിഷന്‍റെ ഭവന സമുച്ചയങ്ങളുടെ രണ്ട് പദ്ധതിക്ക് അംഗീകാരം ലഭിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഗ്രാമപഞ്ചായത്ത് കൈവശത്തിലുള്ള 1.63 ഏക്കര്‍ സ്ഥലത്തും മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ കൈവശത്തിലുള്ള 2.63 ഏക്കര്‍ സ്ഥലത്തുമാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കുന്നത്. പൂളക്കോട് വില്ലേജിലെ ഭവന സമുച്ചയത്തിന് 5.25 കോടി രൂപയും മാവൂര്‍ ഗ്രാമപഞ്ചായത്തിലെ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന  പദ്ധതിക്ക് 6.16 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

       പൂളക്കോട് വില്ലേജിലെ കോട്ടക്കുന്നില്‍ 42 കുടുംബങ്ങള്‍ക്കും മാവൂര്‍ വില്ലേജിലെ പൊന്‍പാറക്കുന്നില്‍ 44 കുടുംബങ്ങള്‍ക്കുമുള്ള ഭവന സമുച്ചങ്ങളാണ് നിര്‍മ്മിക്കുന്നത്. ചാത്തമംഗലം കോട്ടക്കുന്ന് പദ്ധതി കോഴിക്കോട് ജില്ലയിലെ പൈലറ്റ് പ്രോജക്ടായി തെരഞ്ഞെടുത്തിട്ടുണ്ട്.  ഇതിന്‍റെ നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍  പൂര്‍ത്തിയായതായും എം..എല്‍.എ പറഞ്ഞു.

date