Skip to main content

ജില്ലാ ആസൂത്രണ സമിതി 70 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നൽകി

 2019-20 വാർഷിക പദ്ധതിയിലെ  ഭേദഗതി ചെയ്ത വിവിധ പ്രൊജക്ടുകൾക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി .70 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതി പ്രൊജക്ടുകൾക്കാണ്  അംഗീകാരം നൽകിയത് . അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ കൊടുവള്ളി നഗരസഭയുടെ 13 .55 ലക്ഷം രൂപയുടെ ആക്ഷൻ പ്ലാനിനും ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകി .വെളിയിട വിസർജന വിമുക്ത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായി സ്വച്ഛ് ഭാരത് മിഷൻ (ഗ്രാമീൺ ) പദ്ധതിയിൽ അർഹതയുണ്ടായിട്ടും ഏതെങ്കിലും കാരണവശാൽ ഒഴിവാക്കപ്പെട്ട വ്യക്തികളുണ്ടെങ്കിൽ അവർക്ക് പ്രയോജനം ലഭിക്കുന്നതിനായി പ്രത്യേക യജ്ഞം നടത്താനും പദ്ധതികൾ ഏറ്റെടുക്കുന്നതിനും യോഗം  തീരുമാനിച്ചു .കലക്ടറേറ്റ് കോൺഫറന്സ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി , ജില്ലാ കളക്ടർ എസ്.സാംബശിവറാവു,  ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് എം പി അനിൽകുമാർ ,ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു .

 

 

വസന്തം -2019 വയോജനദിനാഘോഷം;

മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

 

 

ലോക വയോജന ദിനത്തോടനുബന്ധിച്ച് ലോക വയോജന ദിനാഘോഷവും വയോജനോത്സവവും ഇന്ന് (ഒക്ടോബര്‍ 1) രാവിലെ 9.30 ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് വരെയാണ് പരിപാടി.  കേരള സാമൂഹ്യമിഷന്‍ വയോമിത്രം, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ ടാഗോര്‍ സെന്റിനറി ഹാളിലാണ് വസന്തം 2019 എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.എല്‍.എമാര്‍, ചലചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ മുതിര്‍ന്ന പൗരന്‍മാരെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങിലെത്തും. 

 

 

പോഷക മാസാചരണം ആഘോഷമാക്കി ഐ.സി.ഡി എസ് പ്രവര്‍ത്തകര്‍

 

 

പച്ചക്കറികള്‍ കൊരുത്ത മാലകളും പൂക്കളും ഇലകളും ഉപയോഗിച്ച് നിര്‍മ്മിച്ച തൊപ്പികളുമണിഞ്ഞ് ജില്ലയിലെ നൂറുകണക്കിന് ഐ.സി.ഡി എസ് പ്രവര്‍ത്തകര്‍ ഒത്തു ചേര്‍ന്ന് പോഷക മാസാചരണം ആഘോഷമാക്കി. പലനിറങ്ങളിലുള്ള സാരിയുടുത്ത് കയ്യില്‍ പിങ്ക് നിറത്തിലുള്ള ബലൂണും പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ ഘോഷയാത്രയായി സിവില്‍സ്റ്റേഷനില്‍ ഒത്തു ചേര്‍ന്നത്.  സരോവരം ബയോ പാര്‍ക്കിന് സമീപത്ത് നിന്നാണ് ഘോഷയാത്ര ആരംഭിച്ചത്. സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ഭാഗമായി വനിതാ ശിശുവികസന വകുപ്പ് ആരോഗ്യവകുപ്പ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി ചേര്‍ന്ന് നടത്തുന്ന പോഷണ മാസാചരണത്തിന്റെ ആഘോഷപരിപാടികള്‍ ഇത്തരത്തില്‍ വേറിട്ട കാഴ്ചയായി. പച്ചക്കറികളും ധാന്യങ്ങളും മറ്റ് പോഷകാഹാരങ്ങളും ഉപയോഗിച്ച് കളക്ട്രേറ്റ് വരാന്തയില്‍ വലിയ പൂക്കളവുമൊരുക്കി. പൂക്കളം കാണാന്‍ വിദ്യാര്‍ത്ഥികളടക്കം നിരവധിപേര്‍ എത്തി.പരിപാടിയുടെ ഭാഗമായി എല്ലാജില്ലകളിലും പര്യടനം നടത്തുന്ന പോഷന്‍ എക്സ്പ്രസ് ജില്ലയിലെത്തി .ജില്ലാ കളക്ടര്‍  സാംബശിവ റാവു പ്രദര്‍ശന വാഹനത്തെ സ്വീകരിച്ചു.

 

 ഐ.സി.ഡി.എസ്, അങ്കണവാടി പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കാളികളായി. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് പോഷണ മാസാചരണം (പോഷന്‍ മാഹ്) സെപ്റ്റംബര്‍ 16 മുതല്‍ ഒക്ടോബര്‍ 16 വരെയാണ് നടത്തുന്നത്. വൈകിട്ട് ബീച്ചില്‍ പോഷന്‍ എക്സ്പ്രസ് പ്രദരര്‍ശനം കാണുന്നതിനായി പൊതുജനങ്ങള്‍ക്കും അവസരമൊരുക്കി. ഒക്ടോബര്‍ ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ താമരശ്ശേരി, 12 മുതല്‍ ഉച്ചക്ക് രണ്ട് മണിവരെ കൊയിലാണ്ടി, മൂന്ന് മുതല്‍ ഏഴ് വരെ വടകര എന്നിവിടങ്ങളില്‍ വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പോഷന്‍ എക്സ്പ്രസ് പര്യടനം നടത്തും. കുട്ടികളുടെ ആദ്യ ആയിരം ദിനങ്ങള്‍, അനീമിയ രഹിത സംസ്ഥാനം, ഡയേറിയ കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിക്കല്‍, ശുചിത്വം, പോഷകാഹരം എന്നീ അഞ്ച് ഘടകങ്ങളില്‍ ഊന്നിയതാണ് ഈ വര്‍ഷത്തെ പോഷകാഹാര വാരാചരണം. അങ്കണവാടി പ്രവര്‍ത്തകര്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.  

 

ജില്ലാ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് അസിസ്റ്റന്റ് കളക്ടര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കോര്‍പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വനിത ശിശു വികസന ഓഫീസര്‍ അനീറ്റ എസ്.ലിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി ജയശ്രീ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷീല.എസ്, അര്‍ബന്‍ 1  ജില്ലാ പ്രോഗ്രാം ഓഫീസര്‍ നജ്മ, ഐ.സി.ഡി.എസ് ഉദ്യോഗസ്ഥര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം 

എട്ടാം വര്‍ഷത്തിലേക്ക്

 

 

 കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്. പൊതു സമൂഹത്തിന് നിരവധി നേട്ടങ്ങളാണ് സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ ലഭ്യമായത്. വൃക്ക തകരാറിലായവരുടെ തുടര്‍ചികിത്സാ ധനസഹായം, വൃക്ക മാറ്റിവെച്ചവര്‍ക്കുള്ള സൗജന്യ മരുന്നുകള്‍, മാനസിക രോഗികളുടെ ചികിത്സ, അഗതികളായ എച്ച്.ഐ.വി ബാധിതരുടെ സംരക്ഷണം, വൃക്കരോഗ നിര്‍ണയത്തിനുള്ള ഏര്‍ലി ഡിറ്റക്ഷന്‍ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ഉള്‍പ്പെടെ 14 കോടി രൂപയാണ് സ്നേഹസ്പര്‍ശം പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. അനുദിനം വൃക്കരോഗികള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ തുടര്‍ ചികിത്സാ ചെലവ് താങ്ങാനാവാതെ ജില്ലയിലെ സാധാരണ കുടുംബങ്ങള്‍ക്ക് സ്നേഹസ്പര്‍ശം നല്‍കുന്ന ധനസഹായം പ്രതിമാസം 3000 രൂപയാണ്. വൃക്ക മാറ്റിവെച്ചവര്‍ക്ക് പൊതുമാര്‍ക്കറ്റില്‍ 4500 നു മേലെ വില വരുന്ന മരുന്നുകളും തീര്‍ത്തും സൗജന്യമായി നല്‍കുന്നുണ്ട്. 5,731 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. രോഗികളെ സഹായിക്കുന്നതോടൊപ്പം രോഗം തടയാനും തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സ എളുപ്പവും ചെലവു കുറഞ്ഞതുമാക്കാന്‍ സ്വകാര്യ സംരഭങ്ങളുമായി സഹകരിച്ച് നടത്തുന്ന സൗജന്യ മൊബൈല്‍ ക്ലിനിക്കിന്റെ സേവനവും ലഭ്യമാക്കുന്നുണ്ട്. 

ജില്ലയിലെ ഏത് ഭാഗത്തുള്ളവര്‍ക്കും 954403222 എന്ന നമ്പറില്‍ വിളിച്ച് സൗജന്യ സേവനം ബുക്ക് ചെയ്യാം. എല്ലാ സ്‌കൂളിലും ഈ ക്യാമ്പ് കുട്ടികളില്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ നടത്തുന്നു. സ്നേഹസ്പര്‍ശം പദ്ധതിയില്‍ ഡയാലിസിസ് ചെയ്യുന്നവരും, സഹായം ലഭിക്കുന്നവരുമായവരുടെ സംഗമം ഒക്ടോബര്‍ 26 ന് വെള്ളിമാടുകുന്ന് ജെഡിടിയില്‍ നടക്കും.

 

 

കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു / പ്രീഡിഗ്രി/തതുല്യം, ഡി.റ്റി.പി (മലയാളം, ഇംഗ്ലീഷ് )യോഗ്യത ഉള്ളവര്‍ ആയിരിക്കണം. അപേക്ഷ - കോ- ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരതാ മിഷന്‍, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട്-673 020 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 10നകം ലഭിക്കണം.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

മേലടി ബ്ലോക്കിലെ തിക്കോടി ടൗണ്‍- കോഴിപ്പുറം റോഡ്  എം.എല്‍.എ എസ്.ഡി.എഫ് പ്രവൃത്തി നടപ്പാക്കുന്നതിന് പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ച് ലക്ഷമാണ് അടങ്കല്‍ തുക.ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബര്‍ നാലിന് ഒരു മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0496-2602031.

 

 

ശാസ്ത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു

 

 

 സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് കേരളത്തിലെ പ്രാദേശിക ജൈവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള കുറിച്ചുളള തനത് മാതൃകകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ശാസ്ത്ര പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. ഹയര്‍സെക്കണ്ടറി വരെയുളള അധ്യാപകര്‍ക്കായി സംസ്ഥാനതലത്തിലാണ് മത്സരം. എന്‍ട്രികള്‍ ഒക്ടോബര്‍ 20 നകം തപാലില്‍ മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, ബെല്‍ഹാവന്‍ ഗാര്‍ഡന്‍, കവടിയാര്‍, തിരുവനനന്തപുരം - 695003 എ വിലാസത്തില്‍ അയച്ചക്കണം. പ്രബന്ധത്തിന്റെ പ്രിന്റ് കോപ്പി തപാലിലും സോഫ്റ്റ് കോപ്പി പി.ഡി.എഫ് ആയി ksbbentries@gmail.com എന്ന ഇമെയിലിലും അയക്കണം.കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ ടി.എ സുരേഷ് (ഫോ - 9447978921). 

 

 

 

പഠനമുറി അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

 

 

കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിനു കീഴിലെ മുക്കം മുനിസിപ്പാലിറ്റിയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ്ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി പഠനമുറി അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. (പ്ലസ് ടു വിന് മുന്‍ഗണന). അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നീ സര്‍ട്ടിഫിക്കറ്റുകളും, കൈവശാവകാശം, വീട്ടിന്റെ വിസ്തീര്‍ണ്ണം 800 സ്‌ക്വയറില്‍ താഴെയാണെന്ന ബന്ധപ്പെട്ട അധികൃതരുടെ സാക്ഷ്യപത്രം, സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് കോപ്പി, ബാങ്ക് പാസ്ബുക്ക് കോപ്പി, വാസയോഗ്യമായ വീട് ഉണ്ടെന്ന സാക്ഷ്യപത്രം, പഞ്ചായത്തില്‍ നിന്നും ധനസഹായം കിട്ടിയിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം. അപേക്ഷകര്‍ ഒക്‌ടോബര്‍ 10 ന് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിക്കണം,  കൂടുതല്‍ വിവരങ്ങള്‍ക്ക് കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി  ബന്ധപ്പെടുക. 

 

 

അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ : അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ജില്ലാ ശുചിതമിഷന്‍ ഓഫീസിലേക്ക് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ (എസ്.എല്‍.ഡബ്ല്യൂ.എം) തസ്തികയിലേക്ക് സയന്‍സ് ബിരുദമുളളവരില്‍ നിന്നും ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്‌ടോബര്‍ 18 നകം ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, സിവില്‍സ്റ്റേഷന്‍ 673020 എന്ന വിലാസത്തില്‍ ലഭിക്കണം. 

 

 

റിസോഴ്‌സ് പേഴ്‌സണ്‍ അപേക്ഷ ക്ഷണിച്ചു

 

 

കോഴിക്കോട് ജില്ലാ ശുചിത്വമിഷന്‍ ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തെരഞ്ഞെടുക്കുന്നതിന് ഏതെങ്കിലും വിഷയത്തില്‍  ബിരുദമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഒക്‌ടോബര്‍ 18 നകം  ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വമിഷന്‍, സിവില്‍സ്റ്റേഷന്‍ 673020 എന്ന വിലാസത്തില്‍ ലഭിക്കണം.

 

 

date