Skip to main content

ഗാന്ധി ജയന്തി വാരാചരണം:ജില്ലയില്‍ വിവിധ പരിപാടികള്‍

 

 

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാഭരണകൂടത്തിന്റെ ക്‌ളിന്‍ ബീച്ച് മിഷന്‍, ശുചിത്വമിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പുമായും ചേര്‍ന്ന് നടത്തുന്ന ബീച്ചില്‍ പാഴ്‌വസ്തു ശേഖരണകൂടുകളുടെ ഉദ്ഘാടനം ഒക്‌ടോബര്‍ രണ്ടിന് രാവിലെ 9-ന്  മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വഹിക്കും. ബീച്ചിലെ 1200 മീറ്റര്‍ നീളത്തില്‍ 13 കൂടുകളാണ് നിര്‍മിക്കുക. ലയണ്‍സ്‌ക്‌ളബ്ബാണ് ഇവ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്.  ബോധവത്കരണ പരിപാടികളും ലഘുലേഖകളുടെ വിതരണവും സംഘടിപ്പിക്കും. ജില്ലാ ഭരണകൂടത്തിന്റെ ശുചിത്വ ആപ് ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.  മാലിന്യ ശേഖരണവും സംസ്‌കരണവും കൂടുതല്‍ ശാസ്ത്രീയമാക്കാനും കാര്യക്ഷമമായ മേല്‍നോട്ടം ഉറപ്പുവരുത്താനും ഈ മൊബൈല്‍ അപ്‌ളിക്കേഷന്‍ സഹായിക്കും. 

 

ഇന്‍ഫര്‍മേഷന്‍- പബ്‌ളിക് റിലേഷന്‍സ് വകുപ്പ്  കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എക്‌സൈസ് വകുപ്പും സംയുക്തമായി ഗാന്ധിജയന്തിയോഗനുബന്ധിച്ച് വിപുലമായി ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികളും ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ട്. ലഹരിവിരുദ്ധ ബോധവത്കരണ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ ഒക്ടോബര്‍ 2 രാവിലെ 10.30-ന്  വെള്ളിമാട്കുന്ന് ജെഡിടി ഇസ്‌ളാം ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അദ്ധ്യക്ഷനാവും. ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന കിറ്റി ഷോ വിനോദ് നരനാട്ട് അവതരിപ്പിക്കും.  ഗാന്ധി സ്മൃതി ലഹരിവിരുദ്ധ സന്ദേശപത്രം മന്ത്രിയില്‍ നിന്നും ജെഡിറ്റി സ്ഥാപനങ്ങളുടെ സെക്രട്ടറി സി പി കുഞ്ഞുമുഹമ്മദ് എറ്റുവാങ്ങും. ചടങ്ങില്‍ എം കെ രാഘവന്‍ എംപി, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ജില്ലാ കളക്ടര്‍ സാംബശിവറാവു, സംസ്ഥാന ലഹരി വര്‍ജന മിഷനായ വിമുക്തി ചീഫ് കോര്‍ഡിനേറ്റര്‍ ഡി രാജീവ്, ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി ജെ മാത്യു, ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍കുമാര്‍, കെ എസ്ഇഎ ജില്ലാ പ്രസിഡണ്ട് ടി കെ നിഷില്‍കുമാര്‍, ജെഡിറ്റി ഇസ്‌ളാം ആര്‍ട്‌സ്& സയന്‍സ്‌കോളേജ് പ്രിന്‍സിപ്പല്‍ സി എച്ച് ജയശ്രീ തുടങ്ങിയവര്‍ സംസാരിക്കും. എക്‌സൈസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കോഴിക്കോട്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടക്കും. ലഹരി വിരുദ്ധ സന്ദേശത്തെ ആസ്പദമാക്കി, ഹയര്‍ സെക്കന്ററി വിദ്യാത്ഥികള്‍ക്കുള്ള ഉപന്യാസരചനയും ഹൈസ്‌ക്കൂള്‍ വിദ്യാത്ഥികള്‍ക്കായി പോസ്റ്റര്‍ രചനയുമാണ് സംഘടിപ്പിച്ചിരുന്നത്. 

 

 

ഒക്ടോബര്‍ 2-ന് ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെയും നായനാര്‍ ബാലികാ സദനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  നായനാര്‍ ബാലികാസദനത്തിലും വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 9.30-ന് രഞ്ജിനി വര്‍മയും സംഘവും ആലപിക്കുന്ന ഹിന്ദുസ്ഥാനി ഭജനോടെ പരിപാടികള്‍ക്ക് തുടക്കമാവും. രാവിലെ 9.50-ന് മഹാത്മജിയുടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉദ്ഘാടനം ചെയ്യും. യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍  ചെയര്‍മാന്‍ പി രമേശന്‍ അദ്ധ്യക്ഷനായിരിക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി. ജോര്‍ജ് മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ സ്വാതന്ത്യസമര സേനാനി പി. വാസു, ഡോ.. പി.എ.ലളിത എന്നിവരെ സാമൂഹ്യ സേവനങ്ങള്‍ക്ക് ആദരിക്കും' ഗാന്ധിപീസ് ഫൗണ്ടേഷന്റെ ഇ.കെ കുട്ടി മുഖ്യ പ്രഭാഷണം നടത്തും. നായനാര്‍ ബാലികാസദനം പ്രസിഡണ്ട് വി വി മോഹനചന്ദ്രന്‍, യുഎല്‍സിസിഎസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ എം കെ ജയരാജ്, മുന്‍ മേയര്‍ സി ജെ റോബിന്‍, ലെഫ്റ്റനന്റ് കേണല്‍  സുശീല നായര്‍,  ഡോ സി കെ ബാബു, പ്രൊഫ. ഡികെ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ കല തുടങ്ങിയവര്‍ സംസാരിക്കും.  തുടര്‍ന്ന് ബാലികാ സദനത്തിലെ അംഗങ്ങളുടെ വിവിധ കലാ പരിപാടികള്‍ ഉണ്ടാകും.

 

ഇന്‍ഫര്‍മേഷന്‍-പബ്‌ളിക്‌റിലേഷന്‍സ് വകുപ്പ് ഗാന്ധി പീസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഒക്‌ടോബര്‍ 2 മുതല്‍ 8 വരെ ജില്ലയില്‍ വിവിധ പരിപാടികള്‍ നടത്തും.  ചെറൂട്ടി റോഡിലെ ഗാന്ധിഗൃഹത്തില്‍  വാരാഘോഷം ഉദ്ഘാടനം ഒക്‌റ്റോബര്‍ 2 രാവിലെ 10-ന് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍ നിര്‍വഹിക്കും ഗാന്ധി പീസ് ഫൗണ്ടേഷന്‍ പ്രസിഡണ്ട് സി കൃഷ്ണന്‍ മൂസ് അദ്ധ്യക്ഷനായിരിക്കും.  മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ എഫ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും.  

 

 

ജീവിതമാണ് ലഹരി ;

ജില്ലാതല പോസ്റ്റര്‍ രചന മത്സരം നടത്തി  

 

 

ലഹരിയാകുന്ന നീരാളിപ്പിടുത്തതില്‍ അകപ്പെടാതെ ജീവിതമാണ് ലഹരിയെന്ന് ഓര്‍മിപ്പിച്ച് പോസ്റ്റര്‍ രചനാമത്സരം. ഗാന്ധിജയന്തിയുടെ ഭാഗമായി നടക്കാവ് എച്ച്.എസ്.എസില്‍ നടത്തിയ ജില്ലാതല പോസ്റ്റര്‍ മത്സരത്തില്‍ മത്സരാര്‍ഥികള്‍ വരച്ചത്  ഏറെയും ലഹരിയുടെ ചതിക്കുഴികള്‍ തുറന്ന്കാട്ടുന്ന സാമൂഹിക പരിസരങ്ങളെയാണ്. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്. പൊതുഇടങ്ങളില്‍ മാത്രമല്ല വിദ്യാലയ പരിസരങ്ങളിലും ലഹരിയുടെ വലകള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പുതുതലമുറയെ കെണിയില്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണെന്ന ജാഗ്രത മുന്നറിയിപ്പു കൂടിയാണ് ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തിലെ പോസ്റ്ററുകള്‍  നല്‍കുന്നത്.

ജീവിതമാണ് ലഹരി എന്നതായിരുന്നു ഉപന്യാസ രചന മത്സരത്തിന്റെ വിഷയം. ലഹരി എരിയുന്ന ബാല്യം എന്നത് പോസ്റ്റര്‍ രചനയ്ക്കും വിഷയമായി. ജില്ലാതല മത്സരത്തിന് മുന്നോടിയായി നടത്തിയ റേഞ്ച് തല മത്സരങ്ങളിലെ വിജയികള്‍ തയ്യാറാക്കിയ പോസ്റ്ററുകള്‍ മത്സര ഹാളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചടങ്ങില്‍ റേഞ്ച്തല മത്സര വിജയികള്‍ക്ക് എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍, ഇഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഇ.വി സുഗതന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു.  ജില്ലാതല മത്സരത്തില്‍ വിജയികളാകുന്ന കുട്ടികള്‍ക്ക് ഒക്ടോബര്‍ രണ്ടിന് വെള്ളിമാടുകുന്ന് ജെ.ഡി.ടി സ്‌കൂളില്‍ നടക്കുന്ന സംസ്ഥാതല ഗാന്ധിജയന്തി വാരാഘോഷ ചടങ്ങില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

 

 

 

 

വിദ്യാര്‍ത്ഥികളില്‍ ശുചിത്വ സംസ്‌കാരം രൂപപ്പെടുത്താന്‍ കളക്ടേഴ്‌സ് @ സ്‌കൂള്‍

 

 

   

വിദ്യാര്‍ത്ഥികളില്‍ വൃത്തിയുടെയും ശുചിത്വത്തിന്റെയും സംസ്‌കാരം രൂപപ്പെടുത്തുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തില്‍  കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം  ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി, ഒക്ടോബര്‍ രണ്ടിന് രാവിലെ 10 മണിക്ക് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ കാരപ്പറമ്പ് ഗവ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിര്‍വ്വഹിക്കും.  മാലിന്യം തരംതിരിച്ച് സംസ്‌ക്കരിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച അവബോധം സൃഷ്ടിക്കുക, മാലിന്യം രൂപപ്പെടുന്നതിന്റെ അളവ് കുയ്ക്കുക എന്നിവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.  

 

ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകത്തക്ക രീതിയില്‍ വിദ്യാര്‍ത്ഥികളിലൂടെ വീടുകളിലേയ്ക്കും വീടുകളില്‍ നിന്ന് സമൂഹത്തിലേക്കും  ശുചിത്വ സംസ്‌ക്കാരം പ്രചരിപ്പിക്കുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

 

ശുചിത്വ മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, ഹരിതകേരള മിഷന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സ്‌കൂള്‍ തലത്തിലെ സന്നദ്ധ സംഘടനകള്‍, പാഴ് വസ്തു വ്യാപാരികള്‍, ഹരിത കര്‍മ്മ സേന, കുടുംബശ്രീ മിഷന്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങിയവര്‍ പദ്ധതിയില്‍ പങ്കാളികളാവും. വിദ്യാര്‍ത്ഥികളില്‍ നിന്നും പെറ്റ് ബോട്ടില്‍, ഹാര്‍ഡ് ബോട്ടില്‍സ്, പാല്‍ കവര്‍, തുങ്ങി നാല് തരം വസ്തുക്കള്‍ സംഭരിക്കുന്നതിനുളള പേപ്പര്‍ മിനി മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റികള്‍(എം.സി.എഫ് ) സ്‌കൂളുകളില്‍ സ്ഥാപിക്കും.

 

പ്രവര്‍ത്തനങ്ങളുടെ മേല്‍ നോട്ടത്തിനായി സ്‌കൂള്‍ തലത്തില്‍ എന്‍.എസ്.എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍.സി.സി, ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്  തുടങ്ങിയ സംഘടനകളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ചുമതല നല്‍കും.  എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ച്ചകളിലാണ് വിദ്യാര്‍ത്ഥികള്‍ പാഴ്വ സ്തുക്കള്‍ സകൂളില്‍ കൊണ്ട്  വരേണ്ടത്. എം.സി.എഫുകളില്‍ നിന്നും  വസ്തുക്കള്‍ പാഴ് വസ്തു വ്യാപാരികള്‍ക്കോ ഹരിത കര്‍മ്മ സേനയ്‌ക്കോ നല്‍കും.

 

 

ജില്ലാതലത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യുക്കേഷന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പഞ്ചായത്ത്, റീജണല്‍ ഡയറക്ടര്‍ നഗരകാര്യം എന്നിവരുടെ നേതൃത്വത്തില്‍ ഡി.ഇ.ഒമാര്‍ എ.ഇ.ഓ മാര്‍, സ്‌കൂള്‍ പ്രിന്‍സസിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍, പഞ്ചായത്ത്/മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍  എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുളള  പ്രതിമാസ പുരോഗതി അവലോകനവും നടത്തും. സംസ്ഥാനതലത്തില്‍ പതിമാസ പുരോഗതി അവലോകനവുമുണ്ടാകും.

date