Skip to main content

കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വളര്‍ച്ചയുടെ വഴിയില്‍- മന്ത്രി കെ.ടി. ജലീല്‍

 കോട്ടയം തെക്കുംതലയിലെ കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍റ് ആര്‍ട്സ് വളര്‍ച്ചയുടെ വഴിയിലാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ബാച്ചിന്‍റെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പ്രാരംഭ ഘട്ടത്തിലെ പരിമിതികളില്‍നിന്നും സ്ഥാപനം ഏറെ മുന്നോട്ടു പോയിരിക്കുന്നു.വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുംവിധത്തില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് സര്‍ക്കാരിന്‍റെ പിന്തുണയുണ്ടാകും. 2014ല്‍ തുടങ്ങിയ കോഴ്സില്‍ പ്ലസ് ടൂ കഴിഞ്ഞ വിദ്യാര്‍ഥികളെയാണ് പ്രവേശന പരീക്ഷയിലൂടെ തിരഞ്ഞെടുത്തത്. ഇനി മുതല്‍ ഡിഗ്രി യോഗ്യതയുള്ളവരെയാണ് പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കുക. 

പഠനശേഷം വലിയ മത്സരങ്ങളുടെ ലോകത്തിലേക്ക് ഇറങ്ങുമ്പോള്‍ നിലനില്‍പ്പിന് സ്വന്തം കഴിവ് ഏറെ പ്രധാനമാണെന്ന് വിദ്യാര്‍ഥികള്‍ തിരിച്ചറിയണമെന്ന് മന്ത്രി നിര്‍ദേശിച്ചു. 

പ്രിവ്യൂ തിയേറ്റര്‍, ഡിഐ സ്യൂട്ട്, അതിഥി മന്ദിരം എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സുരേഷ് കുറുപ്പ് എം.എല്‍.എ അധ്യക്ഷനായി. അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരുന്നു.  ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഹരികുമാര്‍, ഡയറക്ടര്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായി

ReplyForward

date