Skip to main content

ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാകും- ഗവർണർ

ലഹരിക്കെതിരായ പ്രവർത്തനങ്ങളിലും ബോധവത്കരണത്തിലും ഗാന്ധിയൻ സംഘടനകൾ കൂടുതൽ മുൻകൈയെടുക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിപ്രായപ്പെട്ടു. കേരള ഗാന്ധി സ്മാരകനിധിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധിജയന്തി ദ്വൈവാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാക്ഷരതയിൽ മുന്നിലുള്ള കേരളത്തിൽ ലഹരി ഉപയോഗം കൂടുതലാണെന്ന കണക്കുകൾ ഞെട്ടിക്കുന്നതാണ്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എപ്പോഴും താൻ മുന്നിലുണ്ടാകുമെന്നും ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ ഗാന്ധി സ്മാരക നിധി പോലുള്ള സംഘടനകൾ മുന്നിട്ടിറങ്ങണം. വിദ്യാർഥികളിൽ ഉൾപ്പെടെ ആവശ്യമായ ബോധവത്കരണത്തിന് കൂട്ടായ ശ്രമമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് മാത്രമല്ല ഗാന്ധിജി പോരാടിയത്. എല്ലാ ഛിദ്രശക്തികളിൽനിന്നുള്ള സ്വാതന്ത്ര്യമാണ് അദ്ദേഹം ആഗ്രഹിച്ചത്. ആയിരക്കണക്കിന് ഇന്ത്യാക്കാരെ ധീര സ്വാതന്ത്ര്യസമരസേനാനികളാക്കാൻ ഗാന്ധിജിക്ക് നേതൃത്വം നൽകാനായി. ഇത് അഹിംസാവാദത്തിലൂടെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായി. സ്‌നേഹത്തെ അഹിംസയായും വിദ്വേഷത്തെ ഹിംസയായും അദ്ദേഹം കണക്കാക്കി. അതുകൊണ്ടാണ് ത്യാഗത്തിലൂടെയും അച്ചടക്കത്തിലൂടെയുമുള്ള സ്വയംശുദ്ധീകരണത്തിന് അദ്ദേഹം പ്രാധാന്യം നൽകിയത്. സാമൂഹ്യക്ഷേമം ചർച്ചചെയ്യുമ്പോൾ ഗാന്ധിയൻ ആശയങ്ങൾ നമ്മുടെ ഭരണഘടനയുടെ എല്ലാ മേഖലകളിലും പ്രതിഫലിക്കുന്നുണ്ടെന്ന് നാം ഓർക്കണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരൻമാർ എന്ന നിലയിൽ മഹാത്മാ ഗാന്ധി നമുക്ക് നൽകിയ അഹിംസയുടെയും സൗഹാർദ്ദത്തിന്റേയും സംസ്‌കാരം നമ്മൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നാലുമാസം കൊണ്ട് പത്തുലക്ഷം പേരിൽ ഗാന്ധി സന്ദേശങ്ങളെത്തിച്ച് അഹിംസാമാർഗത്തിലേക്ക് കൊണ്ടുവരാനുള്ള കാമ്പയിന്റെ ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. അഹിംസാസന്ദേശങ്ങൾ ഉൾക്കൊണ്ടുപ്രവർത്തിക്കാമെന്ന് വിദ്യാർഥികൾ ഒപ്പിട്ട സമ്മതപത്രവും വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ ഗവർണർക്ക് കൈമാറി. ചടങ്ങിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ: എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യസമരസേനാനി പി. ഗോപിനാഥൻ നായർ ആശംസയർപ്പിച്ചു. ഗാന്ധി സ്മാരകനിധി സെക്രട്ടറി ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ സ്വാഗതവും ഗാന്ധി ദർശൻ ഡയറക്ടർ ഡോ. ജേക്കബ് പുളിക്കൻ നന്ദിയും പറഞ്ഞു.
പി.എൻ.എക്‌സ്.3540/19

date