കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി
ജില്ലയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വഹണ പുരോഗതി രാഹുല്‍ഗാന്ധി എം.പി.യുടെ അധ്യക്ഷതയില്‍ അവലോകനം ചെയ്തു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്ല്യ യോജന, പ്രധാന്‍മന്ത്രി ഗ്രാമ് സഡക്ക് യോജന, പ്രധാന്‍മന്ത്രി ആവാസ് യോജന, എംപിമാരുടെ പ്രാദേശിക വികസന പദ്ധതികള്‍, നാഷണല്‍ റൂറല്‍ ഡ്രിംങ്കിംഗ് വാട്ടര്‍ പ്രോഗ്രാം, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളാണ് ജില്ലാതല സമിതിയായ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) യോഗം വിലയിരുത്തിയത്.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളും നിര്‍ദ്ദേശങ്ങളും ഉദ്യോഗസ്ഥരില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും രാഹുല്‍ഗാന്ധി എം.പി ചോദിച്ചറിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ യഥാസമയം കൂലി ലഭിക്കാത്തത് വളരെയേറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതായി ജനപ്രതിനിധികള്‍ പറഞ്ഞു. ഇതുമൂലം ട്രൈബല്‍ മേഖലയില്‍ നിന്നുളള തൊഴിലാളികള്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ വിമുഖത കാണിക്കുന്നതായും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലയില്‍ നിലവില്‍ 82764 കുടുംബങ്ങള്‍ പദ്ധതിയില്‍ സജീവമാണെന്ന് അധികൃതര്‍ അറിയിച്ചു. 2019 20 ല്‍ 56.78 കോടി രൂപ ചെലവഴിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 130.54 കോടിയാണ് ചെലവഴിച്ചത്. ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്ല്യ യോജനയില്‍പ്പെടുത്തി കൂടുതല്‍ തൊഴില്‍ നൈപുണ്യ വികസനത്തിന് സഹായകരമാകുന്ന ട്രെയിനിഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് കുടുംബശ്രി ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ ആവശ്യപ്പെട്ടു. സാഗി പദ്ധതിയില്‍പ്പെടുത്തി അനുമതി ലഭിച്ച 6.84 കിലോമീറ്റര്‍ റോഡ് പ്രവൃത്തി പുരോഗമിക്കുന്നതായി പി.ഐ.യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. മറ്റ് വകുപ്പുകളുടെ കീഴിലുളള പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി അതത് ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു.
പ്രളയക്കെടുതിയെ നല്ലരീതിയില്‍ അതിജീവിക്കാന്‍ ജില്ലയ്ക്ക് സാധിച്ചതായി രാഹുല്‍ഗാന്ധി എം.പി വിലയിരുത്തി.ദുരന്തബാധിതര്‍ക്കുളള ധനസഹായ വിതരണത്തെ സംബന്ധിച്ചും അദ്ദേഹം ഉദ്യോഗസ്ഥരില്‍ നിന്നും ചോദിച്ചറിഞ്ഞു. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, സി.കെ ശശീന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കളക്ടര്‍ എ.ആര് അജയകുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജ്ക്ട് ഡയറക്ടര്‍ പി.സി മജീദ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments