Skip to main content

ഉപതിരഞ്ഞെടുപ്പ്: ചെലവ് പരിശോധന ഇന്ന് (10.10.2019)

ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ ചെലവ് നിരീക്ഷകന്‍ ഇന്ന് (10.10.2019) പരിശോധിക്കും. രാവിലെ 10.30ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശോധനയില്‍ സ്ഥാനാര്‍ത്ഥികളോ, ഏജന്റുമാരോ ചെലവ് രജിസ്റ്റര്‍, ബില്ലുകള്‍, വൗച്ചറുകള്‍, ബാങ്ക് പാസ്ബുക്ക്, എന്നിവ സഹിതം എത്തണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കളക്ടര്‍ അറിയിച്ചു.
 

ഉപതിരഞ്ഞെടുപ്പ്: മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം നല്‍കി
ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും, പോളിംഗ് ഓഫീസര്‍മാര്‍ക്കും പരിശീലനം നല്‍കുന്ന മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം നല്‍കി. ആലപ്പുഴ കളക്ടറേറ്റിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന പരിശീലനത്തില്‍ നൂതനമായ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ള വോട്ടിംഗ് മെഷീനുകളുടെ പ്രവര്‍ത്തനമാണ് മാസ്റ്റര്‍ ട്രെയ്‌നികള്‍ക്ക് പ്രധാനമായും പരിചയപ്പെടുത്തിയത്. ഒക്ടോബര്‍ 11,12 തീയതികളില്‍ മാസ്റ്റര്‍ ട്രെയ്‌നികള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. മുന്‍പ് ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങളില്‍ നിന്നും ഏറെ മാറ്റമുള്ള എം.ടൂ മെഷീനുകളാണ് അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നത്. അതിനാല്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനങ്ങളാണ് പരിശീലനത്തില്‍ പ്രധാനമായും ഉദ്യോഗസ്ഥര്‍ക്കായി പരിചയപ്പെടുത്തിയത്. സംസ്ഥാന മാസ്റ്റര്‍ ട്രെയ്‌നി വേലായുധന്‍ പിള്ള, ജില്ല ട്രെയ്‌നിംഗ് നോഡല്‍ ഓഫീസര്‍ അബ്ദുള്‍ റഷീദ്, ജില്ല ട്രെയ്‌നിംഗ് കോഡിനേറ്റര്‍ സന്തോഷ്‌കുമാര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

ചാനലുകളും പത്രങ്ങളും തിയറ്ററുകളും പരസ്യം നല്‍കുമ്പോള്‍
സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടണം
ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി ചാനലുകള്‍, പ്രാദേശിക ചാനലുകള്‍, റേഡിയോ നിലയങ്ങള്‍ എന്നിവയില്‍ സ്ഥാനാര്‍ഥികളും, കക്ഷികളും നല്‍കുന്ന പരസ്യങ്ങള്‍ നല്‍കും മുമ്പ് അവയ്ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ സമതിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കിയിരിക്കണമെന്ന് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് സമതി (എം.സി.എം.സി.) ചെയര്‍മാനായ ജില്ല കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു.  അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. ഇത്തരം പരസ്യങ്ങള്‍ എം.സി.എം.സി. സമതി നിത്യവും അവലോകനം ചെയ്ത് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. ഇത്തരത്തിലുള്ള പരസ്യങ്ങള്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍ക്കൊള്ളിക്കേണ്ടതായതിനാലാണ് പരസ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ പ്രക്ഷേപണം ചെയ്യുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്യുന്ന ചാനലുകളും റേഡിയോ നിലയങ്ങളും അവയുടെ വിശദാംശം അടിയന്തരമായി ജില്ലാതല എം.സി.എം.സി. ഓഫീസില്‍ നല്‍കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയ പരസ്യങ്ങള്‍ സംബന്ധിച്ച് വരണാധികാരിക്ക് നിത്യവും റിപ്പോര്‍ട്ട് നല്‍കും.

എസ്.എം.എസ്., ശബ്ദസന്ദേശ പരസ്യം:
എം.സി.എം.സി. സര്‍ട്ടിഫൈ ചെയ്യണം
ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മൊബൈല്‍ ഫോണുകളില്‍ എസ്.എം.എസ്., റെക്കോഡ് ചെയ്ത ശബ്ദസന്ദേശം വഴി നടത്തുന്ന പ്രചരണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ അറിയിച്ചു.
പരസ്യത്തിന്റെ സ്വഭാവമുള്ള ഇത്തരം എസ്.എം.എസുകളുടെ പരസ്യവാചകങ്ങള്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്കു സമര്‍പ്പിച്ച് സര്‍ട്ടിഫൈ ചെയ്യണം. പ്രചരണത്തിനായി അയക്കുന്ന കൂട്ട എസ്.എം.എസ്്., റേക്കോഡഡ് വോയ്‌സ് മെസേജുകള്‍ എന്നിവയുടെ എണ്ണം, സേവനദാതാവുമായുള്ള കരാറിന്റെ വിവരങ്ങള്‍, ഇതിന്റെ ചെലവ് തുടങ്ങിയ വിവരങ്ങളും എം.സി.എം.സി.ക്ക് നല്‍കണം. സര്‍ട്ടിഫിക്കേഷനുള്ള പരസ്യങ്ങള്‍ മാത്രമേ സേവനദാതാക്കളും ഇതുമായി ബന്ധപ്പെട്ട ഏജന്‍സികളും കമ്പനികളും നല്‍കാവൂവെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.

പെയ്ഡ് ന്യൂസ്:
മാധ്യമനിരീക്ഷണത്തിനു സമിതി
ആലപ്പുഴ: അരൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്‌ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടി-ദൃശ്യ-ശ്രാവ്യമാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസുകള്‍) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം/പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനുള്ള ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി.) പ്രവര്‍ത്തിക്കുന്നു. ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പു പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര-ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയകക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ റെക്കോര്‍ഡു ചെയ്യുകയും ചെയ്യും. മാതൃക പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്‌ട്രോണിക് മാധ്യമങ്ങളും സിനിമ തീയറ്ററുകളും വഴി പരസ്യങ്ങള്‍ സംപ്രേഷണം/പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യ-ദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ഏതെങ്കിലും സ്ഥാനാര്‍ഥിയെയോ രാഷ്ട്രീയപാര്‍ട്ടിയേയോ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഒന്നിലധികം പത്രങ്ങളില്‍ സമാനമായോ മിനുക്കുപണികളോടെയോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളും മറ്റും പെയ്ഡ് ന്യൂസിന്റെ ഗണത്തിലാണോയെന്നു പരിശോധിക്കും. ഇലക്‌ട്രോണിക് മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നവയും നിരീക്ഷിക്കും. ഇതു സംബന്ധിച്ച് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടും. പെയ്ഡ് ന്യൂസാണെന്നു തെളിഞ്ഞാല്‍ പരസ്യം എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ തുക ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷനു റിപ്പോര്‍ട്ട് ചെയ്യും. മാതൃക പെരുമാറ്റചട്ടങ്ങള്‍ക്ക് എതിരായ പ്രവര്‍ത്തനവും റിപ്പോര്‍ട്ട് ചെയ്യും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വാര്‍ത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാര്‍ഥിയേയും കുറിച്ചുള്ള റിപ്പോര്‍ട്ട് വരണാധികാരിക്കും  ചെലവു നിരീക്ഷകനും നല്‍കും. സ്വതന്ത്രമായും പരപ്രേരണ കൂടാതെയും വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തില്‍ പെയ്ഡ് ന്യൂസുകള്‍ അനുചിതമായ സ്വാധീനം ചെലുത്തുന്നതായും തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നല്‍കുന്നതായും കെണ്ടത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ എം.സി.എം.സി.ക്കു രൂപം നല്‍കിയത്.

ഇന്റര്‍നെറ്റിലൂടെയുളള തിരഞ്ഞെടുപ്പ്
പ്രചരണത്തിനും പെരുമാറ്റച്ചട്ടം ബാധകം
ആലപ്പുഴ: ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃക പെരുമാറ്റച്ചട്ടവും അനുബന്ധ നിര്‍ദ്ദേശങ്ങളും ബാധകമായിരിക്കും. സോഷ്യല്‍ മീഡിയയും വെബ്‌സൈറ്റുകളും ഇലക്ട്രോണിക് മാധ്യമങ്ങളുടെ നിര്‍വചനത്തില്‍ വരുന്നതിനാല്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ അവയില്‍ പ്രസിദ്ധീകരിക്കുന്നതിന് എം.സി.എം.സിയുടെ  അനുമതി വാങ്ങിയിരിക്കണം.
സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ക്കുളള ചെലവുകളും തിരഞ്ഞെടുപ്പ് ചെലവുകളുടെ പരിധിയില്‍  ഉള്‍പ്പെടും. ഇത്തരം പരസ്യങ്ങളുടെയും വ്യക്തമായ കണക്കുകള്‍ സ്ഥാനാര്‍ഥികളും പാര്‍ട്ടികളും ഹാജരാക്കണം. പ്രചരണാവശ്യങ്ങള്‍ക്കായി ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് നല്‍കുന്ന പണവും പ്രചരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലും വെബ്‌സൈറ്റുകളിലും വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും വേണ്ടിവരുന്ന ചെലവുകളും ഇതില്‍ ഉള്‍പ്പെടും.

 

date