Skip to main content

ജനകീയ ദുരന്ത നിവാരണ സേന പരിശീലനം തുടങ്ങി  

 
ദുരന്തങ്ങളെ തദ്ദേശീയമായി തന്നെ നേരിടാന്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംസ്ഥാനത്തെ തന്നെ ആദ്യ ജനകീയ ദുരന്ത നിവാരണ സേനയുടെ പരിശീലനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. കല്‍പ്പറ്റ മുനിസിപല്‍ ടൗണ്‍ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പരിശീലനം ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ഞൂറോളം പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കിയത്. പഞ്ചായത്ത് തലത്തില്‍ തിരഞ്ഞെടുത്ത 1200 ഓളം വനിതകള്‍ക്കുള്ള പരിശീലനവും പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ പറഞ്ഞു.    

ദുരന്ത മുഖത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്ത നിവാരണം, ആതുര സേവനം തുടങ്ങിയവിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് പരിശീലനം. പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ സേന രൂപീകരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഉള്‍ക്കൊണ്ടാണ് ജില്ലാ പഞ്ചായത്ത് നൂതന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ വകയിരുത്തി ദുരന്ത നിവാരണ സേന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയത്. സേവന സന്നദ്ധരായ യുവാക്കളെ അണിനിരത്തിയാണ് ജനകീയ ദുരന്ത നിവാരണ സേന ഒരുക്കിയത്.ഇവര്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് സഹായകരമാകുന്ന ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കും. പരിശീലനം പൂര്‍ത്തിയാക്കിവര്‍ക്കായി തിരിച്ചറിയല്‍ രേഖയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുളള ഡയറക്ടറിയും ഇതോടൊപ്പം തയ്യാറാക്കുന്നുണ്ട്. ജില്ലയില്‍ 4000 പേര്‍ അടങ്ങുന്ന ദുരന്ത നിവാരണ സേനയെ ഒരുക്കുന്നതിനുളള പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.    

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.എല്‍ സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷ തമ്പി, ലത ശശി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ. മിനി, അനില തോമസ്, എ. ദേവകി, പി.കെ അനില്‍കുമാര്‍, പി. ഇസ്മായില്‍, തദ്ദേശ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷര്‍. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.ജി വിജയകുമാര്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി. അഭിലാഷ്, ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ സിബി വര്‍ഗീസ്, അഗ്നി രക്ഷാസേന, ജില്ലാ ദുരന്ത നിവാരണ സേന വിഭാഗങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date