Skip to main content

പൈപ്പ് ലൈന്‍ പുനഃസ്ഥാപിക്കല്‍: വെള്ളം മുടങ്ങുന്ന വിവരം പൊതുജനങ്ങളെ മുന്‍കൂട്ടി അറിയിക്കണം-  പാലക്കാട് താലൂക്ക് വികസന സമിതി

 

വാട്ടര്‍ അതോറിറ്റി പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ വെള്ളം മുടങ്ങുന്ന വിവരം പൊതുജനങ്ങളെ നേരത്തെ അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗം അറിയിച്ചു. ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു. പാലക്കാട് നഗരപ്രദേശത്ത് റോഡുകളില്‍ കന്നുകാലികള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നതിനാല്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ശാശ്വത നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി.

ജില്ലാശുപത്രിക്ക് മുന്‍വശത്തും പിന്‍വശത്തും അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ഡബ്ല്യു.ഡി നിരത്ത് വിഭാഗത്തിന് കത്ത് നല്‍കും. കൂടാതെ പെരുവെമ്പ് ഗ്രാമ പഞ്ചായത്തില്‍ രണ്ടാം വിളയ്ക്ക് മുന്നോടിയായി കനാല്‍ വെള്ളം സമയബന്ധിതമായി എത്തിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ കത്ത് നല്‍കാനും യോഗത്തില്‍ തീരുമാനമായി. അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി പുതുശ്ശേരി - കിണാശ്ശേരി പെരുവെമ്പ് - മന്ദത്ത് കാവ് റോഡുകള്‍ ഉടനെ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് പിഡബ്ല്യുഡി നിരത്ത് വിഭാഗത്തിനോട് ആവശ്യപ്പെടും.

പാലക്കാട് താലൂക്കോഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പെരുവെമ്പ് പഞ്ചായത്ത് പ്രസിഡന്റ് ബാബു അധ്യക്ഷനായി. പാലക്കാട് തഹസില്‍ദാര്‍ കെ മണികണ്ഠന്‍, തഹസില്‍ദാര്‍ (ഭൂരേഖാ) ആനിയമ്മ വര്‍ഗീസ്, കേരളശ്ശേരി പറളി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, കൊടുമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, താലൂക്ക് തല ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍, താലൂക്ക് വികസന സമിതിയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

date