Skip to main content

പ്രവേശനം പ്രത്യേക പാസുള്ളവര്‍ക്ക് മാത്രം; മൊബൈല്‍ഫോണ്‍ അനുവദിക്കില്ല 

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പ്രത്യേക അനുമതിയുള്ള വാഹനങ്ങള്‍ക്ക് മാത്രമാകും പ്രവേശനമെന്ന് ജില്ലാ പോലീസ് ജി.ജയദേവ് അറിയിച്ചു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ മറ്റ് വാഹനങ്ങള്‍ മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമാകും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റുമാര്‍ക്കും കൗണ്ടിങ് സെന്ററിന്റെ ഗേറ്റിന് അകത്തേക്ക് പ്രവേശനം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുള്ളതോ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍, റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ കോന്നി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അനുവദിച്ചിട്ടുള്ള പ്രത്യേക കാര്‍ഡ്/പാസ് ഉള്ളവരെ മാത്രമേ ഗേറ്റികത്ത് പ്രവേശിപ്പിക്കൂ.  മൊബൈല്‍ഫോണും കാമറയും കൗണ്ടിങ് സെന്റിലേക്ക് പ്രവേശിപ്പിക്കില്ല. 

പൊതുനിരീക്ഷകന്‍ ഡോ.എന്‍.വി പ്രസാദ്, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.ബി നൂഹ്, റിട്ടേണിംഗ് ഓഫീസര്‍ എം.ബി ഗിരീഷ്, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍, സ്ഥാനാര്‍ഥികള്‍, കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, ഡ്യൂട്ടിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചവര്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും കൗണ്ടിംഗ് ഹാളില്‍ പ്രവേശനമില്ല. പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് ഒരു വഴിയും സ്ഥാനാര്‍ഥികളുടെ എജന്റുമാര്‍ക്ക് മറ്റൊരു വഴിയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

കൗണ്ടിംഗ് ഏജന്റുമാര്‍ക്ക് ഇലക്ഷന്‍ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചത് പ്രകാരം പ്രത്യേക ഇരിപ്പിടം സജീകരിച്ചിട്ടുണ്ട്. ഇവര്‍ അവരവരുടെ സ്ഥാനത്തുമാത്രം ഇരിക്കുക. ഇരിപ്പിടം വിട്ട്  സഞ്ചരിക്കരുത്. ഹാളിനുള്ളില്‍ പ്രവേശിക്കുന്ന എല്ലാവരും നിര്‍ബന്ധമായും തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരിക്കണം. 

യൂണിഫോമിലായാലും സിവില്‍ വേഷത്തിലായാലും പോലീസുകാര്‍ക്ക് വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശനമില്ല. അവര്‍ പുറത്തുനില്‍ക്കേണ്ടതും റിട്ടേണിംഗ് ഓഫീസര്‍ വിളിച്ചാല്‍ മാത്രം അകത്ത് പ്രവേശിക്കേണ്ടതുമാണ്. 

മോശമായി പെരുമാറുകയോ നിയമപ്രകാരമുള്ള നിര്‍ദേശം അനുസരിക്കാതിരിക്കുകയോ  ചെയ്യുന്ന ആരെയും കൗണ്ടിംഗ് ഹാളില്‍നിന്ന് പുറത്താക്കാന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്. വോട്ടെടുപ്പിന്റെ സ്വകാര്യത വോട്ടെണ്ണല്‍ കേന്ദ്രത്തിലും പാലിക്കണം.                                     

 

date