Skip to main content

ദുരന്തനിവാരണം: സന്നദ്ധപ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു

 
ദുരന്തനിവാരണ ആസൂത്രണത്തിന്റെ  രൂപരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സന്നദ്ധ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും യോഗം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുകയും  അതില്‍ പൊതുസമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ്  വിവിധ സംഘടനകളില്‍ നിന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്.
കൃത്യമായ ആസൂത്രണത്തിലൂടെ മാത്രമേ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ കഴിയൂ എന്ന് യോഗം ഉദ്ഘാടനം ചെയ്ത്  ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന് സന്നദ്ധരായവരെ പ്രാദേശിക തലത്തില്‍ ഏകോപിപ്പിക്കാന്‍ കഴിയണം. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ വിഭവങ്ങള്‍ പ്രാദേശികമായി തന്നെ ലഭ്യമാക്കാന്‍ കഴിയണം. അത് സംബന്ധിച്ച് കൃത്യമായ വിവര ശേഖരണം നടത്തുമെന്നും കലക്ടര്‍ അറിയിച്ചു.
ഡപ്യൂട്ടി കലക്ടര്‍ (ഡി.എം) പി.എന്‍  പുരുഷോത്തമന്‍, പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ഹാമിദ് ഹുസൈന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു.  
ദുരന്തനിവാരണ ആസൂത്രണത്തിന്റെ അടുത്ത ഘട്ടത്തില്‍ മോക് ഡ്രില്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കും. പ്രാദേശികമായ മനുഷ്യ-വിഭവ ശേഷി ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ഹളെ നേരിടാനാണ് ജില്ലാ ദുരന്തനിവാരണ ആസൂത്രണ രൂപരേഖ ലക്ഷ്യമിടുന്നത്. 
 

date