Skip to main content

ശ്രേഷ്ഠ ഭാഷാ ദിനാഘോഷം- ജില്ലാതല ഉദ്ഘാടനം  കൊണ്ടോട്ടിയില്‍

മലയാളം-ശ്രേഷ്ഠ ഭാഷാ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് കൊേണ്ടാട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഹാളില്‍ നടക്കും. രാവിലെ 9.30 ന്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അക്കാദമി ചെയര്‍മാന്‍ ടി.കെ. ഹംസ അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ആദര സമര്‍പ്പണവും മുഖ്യപ്രഭാഷണവും നടത്തും. പ്രമുഖ കഥാപ്രസംഗ കലാകാരനായ തൃക്കുളം കൃഷ്ണന്‍ കുട്ടി, ഗ്രന്ഥശാലാ സംഘം സംസ്ഥാന കൗണ്‍സിലറും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കെ.മുഹമ്മദാലി (തിരൂരങ്ങാടി), ഗ്രന്ഥശാലാ പ്രവര്‍ത്തകയായ ബാലാമണി (നിലമ്പൂര്‍)  എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കും. 
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എന്‍.പ്രമോദ് ദാസ് ആദരിക്കപ്പെടുന്നവരെ പരിചയപ്പെടുത്തും. കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.സി.ഷീബ ഭാഷാദിന പ്രതിജ്ഞക്ക് നേതൃത്വം നല്‍കും. 
മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ കോഴിക്കോട് സര്‍വലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ.ഷംസാദ് ഹുസൈന്‍ പ്രഭാഷണം നടത്തും. വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് മലയാളഭാഷാ വന്ദനം, പുസ്തക പ്രദര്‍ശനം, പ്രബന്ധരചന, പ്രശ്‌നോത്തരി, മലയാള കവിതാലാപനം  എന്നീ പരിപാടികളും നടക്കും. 
ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്,  ജില്ലാ ലൈബ്രറി കൗണ്‍സില്‍, നാഷണല്‍ സര്‍വീസ് സ്‌കീം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിലാണ് ആഘോഷം. 
 

date