Skip to main content

കാഴ്ചപരിമിതര്‍ക്കുള്ള വിദ്യാലയങ്ങളില്‍ പുതിയ പദ്ധതി

 

•    അയല്‍പ്പക്ക വിദ്യാര്‍ഥികളുമായി ഇടപഴകാന്‍ അവസരം

    കാഴ്ച പരിമിതര്‍ക്കുള്ള വിദ്യാലയവും തൊട്ടടുത്തുള്ള പൊതുവിദ്യാലയവുമായി സഹകരിച്ച്  പഠനം രസകരമാക്കുന്ന പദ്ധതിക്ക് വഴുതക്കാട് കാഴ്ചപരിമിത വിദ്യാലയത്തില്‍ തുടക്കം. അയല്‍പക്ക സുഹൃദ് വിദ്യാലയ പദ്ധതി എന്നു പേരിട്ട പദ്ധതി ശിശുദിനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.  ഇത്തവണ ശിശുദിനം ഭിന്നശേഷി സൗഹൃദ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് പദ്ധതിക്ക് തുടക്കമായത്. ഈ പദ്ധതി സംസ്ഥാനത്തെ കൂടുതല്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കും. പരിസരത്തുള്ള പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ കാഴ്ച പരിമിതര്‍ക്കുള്ള വിദ്യാലയത്തിലെത്തി സമാന ക്ലാസുകളിലെ കുട്ടികളുമായി ഒരു ദിവസം ചെലവഴിക്കുന്നതാണ് പദ്ധതി. ഒരു കാലയളവില്‍ പരമാവധി ഏഴു സ്‌കൂളുകളെ തെരഞ്ഞെടുത്ത് സൗകര്യപ്രദമായ ദിവസങ്ങളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. കാഴ്ച പരിമിതി നേരിടുന്നവര്‍ക്കുള്ള സ്‌കൂളുകള്‍ക്കായി വിപുലമായ പദ്ധതികള്‍ തയ്യാറായി വരുന്നതായും മന്ത്രി പറഞ്ഞു. സാമൂഹിക ബോധം മികച്ച രീതിയില്‍ വളര്‍ത്തിയെടുക്കാന്‍ ഇതിലൂടെ കഴിയും. അതിനാല്‍ അധ്യാപകരും രക്ഷിതാക്കളും പദ്ധതിയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.
(പി.ആര്‍.പി. 1228/2019)

 

date