Skip to main content

ധനുവച്ചപുരം ഐ.ടി.ഐ അന്താരാഷ്ട്രനിലവാരത്തിലേക്ക്

 

•    ആദ്യഘട്ടപദ്ധതികള്‍ക്ക് തുടക്കം

    ധനുവച്ചപുരം ഐ.ടി.ഐയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായ ആദ്യഘട്ട വികസന പദ്ധതികള്‍ തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  അന്താരാഷ്ട്ര തലത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക മികവും കൊണ്ടുവരാന്‍ പദ്ധതിയിലൂടെ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയുമായി സഹകരിച്ചാണ് 65 കോടി രൂപ ചെലവിട്ട് പദ്ധതി യാഥാര്‍ത്ഥ്യമാക്കുക. ഇതില്‍ ആദ്യ ഘട്ടമായി 11.80 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. ദീര്‍ഘകാലത്തേക്കുള്ള വികസനപദ്ധതികളാണ് കിഫ്ബി മുഖേന നടത്തുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ വ്യാവസായിക പരിശീലനത്തിലും നൈപുണ്യ വികസനത്തിലും സംസ്ഥാനം ഏറെ പുരോഗതി നേടിയതായും മന്ത്രി  പറഞ്ഞു.

    ധനുവച്ചപുരം ഐ.ടി.ഐയില്‍ നടന്ന ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.ആന്‍സലന്‍ എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികള്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് മാനേജിങ് ഡയറക്ടര്‍ എസ്. ചന്ദ്രശേഖര്‍, കെ.എ.എസ്.ഇ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എം.ആര്‍ അനൂപ്, ഐ.ടി.ഐ പ്രിന്‍സിപ്പല്‍ സാംരാജ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1227/2019)

 

date