Skip to main content

സുസ്ഥിര വികസനം ലക്ഷ്യം കര്‍ഷകര്‍ മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണം                                       :മന്ത്രി വി.എസ് സുനില്‍കുമാര്‍

  കാര്‍ഷിക മേഖലയില്‍ നിന്നും വരുമാന വര്‍ദ്ധനവ് ഉറപ്പാക്കാന്‍ കൃഷിക്കാര്‍ പ്രാഥമിക ഉത്പാദന രംഗത്ത് നിന്നും  മൂല്യവര്‍ദ്ധിത ഉത്പാദന രംഗത്തേക്ക് മാറണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കല്‍പ്പറ്റ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഹാളില്‍ നടന്ന  പ്രീവൈഗ കാര്‍ഷിക പ്രദര്‍ശന മേള  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്തെ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.  പുതിയകാലത്ത് ഉത്പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍  കര്‍ഷകര്‍ക്ക് സഹായവും ശേഷിയും നല്‍കേണ്ടതുണ്ട്. കര്‍ഷകനെ സംരംഭകനാക്കാനുളള ശ്രമങ്ങളുടെ ഭാഗമായാണ് കൃഷിവകുപ്പ് വൈഗയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.     കൃഷി ചെലവ് വര്‍ദ്ധിക്കുമ്പോഴും കര്‍ഷകര്‍ക്ക് വരുമാന വര്‍ദ്ധനവ് നേടാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുളളത്. കാലാവസ്ഥ വ്യതിയാനം വയനാട്ടിലെ ഭൂരിഭാഗം വിളകളെയും സാരമായി ബാധിച്ച സാഹചര്യത്തില്‍ വയനാടന്‍ കാപ്പിയിലാണ് ജില്ലയുടെ പ്രതീക്ഷ. കാപ്പി കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിന് ഊന്നല്‍ നല്‍കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്.  വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്ത് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക ചെലവ് കുറയ്ക്കുന്നതിന് കര്‍ഷകര്‍ സാങ്കേതിക വിദ്യയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
 
 രാജ്യത്തെ കാര്‍ഷിക ചരിത്രത്തിലെ വിപ്ലവകരമായ നടപടിയാണ് കര്‍ഷകന് പെന്‍ഷന്‍ ഉറപ്പ് വരുത്തുന്ന കര്‍ഷക ക്ഷേമ ബില്ലെന്ന് വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമായിട്ടാണ് ഇത് കാണുന്നത്. കര്‍ഷകന് പ്രാഥമിക പരിഗണന നല്‍ണമെന്നതാണ്  സര്‍ക്കാറിന്റെ നയം. മൂല്യവര്‍ദ്ധിത ഉത്പാദകരില്‍ നിന്നും ഒരു ശതമാനം അവകാശ ലാഭവിഹിതം കൊടുക്കണമെന്ന് ബില്ലില്‍ ഉള്‍പ്പെടുത്തിയത് സര്‍ക്കാരിന്റെ ധീരമായ തീരുമാനമാണെന്നും കര്‍ഷകന് നല്‍കുന്ന ആനുകൂല്യങ്ങളുടെ കണക്ക് നോക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 4 മുതല്‍ തൃശ്ശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര ശില്‍പശാലയായ വൈഗ (വാല്യൂ അഡീഷന്‍ ഫോര്‍ ഇന്‍കം ജനറേഷന്‍ ഇന്‍ അഗ്രികല്‍ച്ചര്‍)ക്ക് മുന്നോടിയായാണ് ജില്ലയില്‍ പ്രീ വൈഗ കാര്‍ഷിക പ്രദര്‍ശന മേള സംഘടിപ്പിച്ചത്. വയനാടിന്റെ തനത് കൃഷിയും കര്‍ഷകരുടെ മുഖ്യ വരുമാനവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കിക്കൊണ്ടാണ് വയനാട് കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മേള സംഘടിപ്പിച്ചത്. വിവിധ വിഷയത്തില്‍ നടന്ന സെമിനാറുകളും പ്രദര്‍ശനങ്ങളും മേളയെ ശ്രദ്ധേയമാക്കി. മേള നവംബര്‍ 24 ന് അവസാനിക്കും. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനെ ചടങ്ങില്‍ ആദരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദര്‍ശിപ്പിച്ചു. ജൈവ കാര്‍ഷിക പഞ്ചായത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരുനെല്ലി ഗ്രാമ പഞ്ചായത്തിനുള്ള അവാര്‍ഡ് ദാനവും നടന്നു.

  ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,കല്‍പ്പറ്റ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി. സുരേഷ്, കോഫി ഗ്രവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പ്രശാന്ത് രാജേഷ്, ആത്മ പ്രോജക്ട് ഡയറക്ടര്‍ സജിമോന്‍ എന്നിവര്‍ സംസാരിച്ചു.

date