Skip to main content

ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു

 

    48 ാമത് കേരള ലളിത കല അക്കാദമി പുരസ്‌കാര വിതരണവും രാജാരവിവര്‍മ്മ കലാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും സാംസ്‌കാരിക വകുപ്പ് മന്ത്രി
എ. കെ. ബാലന്‍ നിര്‍വഹിച്ചു. ലളിത കലകള്‍ക്ക് ജനകീയ മുഖം നല്‍കാന്‍ അക്കാദമിക്ക് കഴിഞ്ഞതായി മന്ത്രി പറഞ്ഞു. നഗര കേന്ദ്രികൃതമായിരുന്ന പ്രവര്‍ത്തങ്ങള്‍ ഗ്രാമങ്ങളിലേക്ക് വ്യാപിക്കാനുള്ള അക്കാദമി ശ്രമങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിശിഷ്ടാതിഥിയായിരുന്നു. കിളിമാനൂര്‍ രാജാരവിവര്‍മ്മ സാംസ്‌കാരിക നിലയത്തില്‍ നടന്ന ചടങ്ങില്‍  ബി. സത്യന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ചിത്രകാരന്‍, കലാഗവേഷകന്‍,  പ്രഭാഷകന്‍, ഫോട്ടോഗ്രാഫര്‍ എന്നീ നിലകളില്‍ പ്രശസ്തനായ കെ. കെ. മാരാരെ മന്ത്രി ഫെലോഷിപ്പ്  നല്‍കി ആദരിച്ചു. പ്രശസ്ത ശില്പി കെ. എസ്. രാധാകൃഷ്ണനുള്ള   ഫെലോഷിപ്പ് അദ്ദേഹത്തിന്റെ സഹോദരന്‍ കെ ജി. കുമാര്‍  ഏറ്റുവാങ്ങി.  അഹല്യ. എ. എസ്, ചിത്ര ഇ. ജി, ജലജ പി.എസ്, ജയേഷ് കെ.കെ, വിനോദ് അമ്പലത്തറ എന്നിവര്‍  ഈ വര്‍ഷത്തെ ചിത്ര-ശില്പകലാ പുരസ്‌കാരങ്ങള്‍ മന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌ക്കാരത്തിന്   ടി. എസ്. പ്രസാദ്, രഞ്ജിത്ത് ഐ.പി, സജീന്ദ്രന്‍.കെ, സജീഷ് പി.എ, സിബിന. എന്‍. എം തുടങ്ങിയവര്‍ അര്‍ഹരായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് ഓണറബിള്‍ മെന്‍ഷന്‍  പുരസ്‌കാരം. ഈ വര്‍ഷത്തെ വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ എസ് അഭിരാഗിനും, വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണമെഡല്‍ എന്‍. വി ദ്രുവരാജനും സമ്മാനിച്ചു.  കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഈ വര്‍ഷത്തെ പുരസ്‌കാരം അശ്വതി. ടി. എസ്,  ആതിര കനു, വിഷ്ണു കെ.പി,  ശ്രീലക്ഷ്മി. കെ. എസ്, സുധീഷ. വി എന്നിവര്‍ ഏറ്റുവാങ്ങി. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും ചേര്‍ന്നതാണ് കലാ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാരം. കിളിമാനൂര്‍ രാജ രവി വര്‍മ്മ സാംസ്‌കാരിക നിലയ തോട്  അനുബന്ധിച്ചാണ്    ഒരു  കോടി രൂപ ചെലവില്‍ കലാകേന്ദ്രം  ഒരുങ്ങുക. സ്റ്റുഡിയോ കോംപ്ലക്‌സ്,  കലാകാര•ാര്‍ക്കുള്ള താമസസൗകര്യം എന്നീ  സൗകര്യങ്ങങ്ങള്‍ ഇവിടെ സജ്ജീകരിക്കും. കേരള ലളിത കല അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് സ്വാഗതമാശംസിച്ച  ചടങ്ങില്‍ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദേവദാസ്, കിളിമാനൂര്‍ പാലസ് ട്രസ്റ്റ് പ്രതിനിധി രാമവര്‍മ തമ്പുരാന്‍, കേരള ലളിത അക്കാദമി സെക്രട്ടറി പി. വി. ബാലന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
(പി.ആര്‍.പി. 1280/2019)

 

date