കുലശേഖരം പാലം നിര്‍മ്മാണോദ്ഘാടനം മന്ത്രി സുധാകരന് നിര്‍വഹിച്ചു
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കുലശേഖരത്തെയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുലശേഖരം പാലത്തിന്റെ നിര്‍മാണോദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി. സുധാകരന് നിര്‍വഹിച്ചു. 2021 ജനുവരിക്ക് മുമ്പായി പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വികസനരംഗത്ത് മികച്ച ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളിലും വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവ് - പേരൂര്‍ക്കട പ്രദേശങ്ങളില്‍നിന്ന് പേയാട് - കാട്ടാക്കട ഭാഗത്തേക്കുള്ള ദൂരം 10 കിലോമീറ്ററോളം കുറയ്ക്കാന്‍ പാലം സഹായിക്കും. തിരുമല- കുണ്ടമണ്‍കടവ് ഭാഗത്തുള്ള ട്രാഫിക് കുരുക്ക് കുറയ്ക്കുന്നതിനും പാലം സഹായകമാകും. 120 മീറ്ററാണ് പാലത്തിന്റെ നീളം. വാഹനഗതാഗതത്തിന് 7.5 മീറ്ററും ഇരുവശത്തും നടപ്പാതയ്ക്കായി 1.5 മീറ്ററുമാണ് വീതി. പാലത്തിന്റെ ഇരുകരകളിലുമായി 550 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് നിര്‍മാണവും ഈ പ്രവൃത്തിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വി.കെ പ്രശാന്ത് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.ബി സതീഷ് എം.എല്‍.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ചീഫ് എന്‍ജിനീയര്‍ മനോമോഹന്‍ എസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്.പി. 1281/2019)
- Log in to post comments