Skip to main content

ടെക്നിക്കല്‍ ഹൈസ്‌കൂളിന് ബഹുനില മന്ദിരം

 

    നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിനായി അനുവദിച്ച ആറുകോടി രൂപയുടെ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ നിര്‍വഹിച്ചു. സാങ്കേതികരംഗത്ത് അതിവിദഗ്ധരായ യുവത്വത്തെ സൃഷ്ടിച്ചെടുക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.  പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍  ഉപയോഗശൂന്യമാകുന്ന പഴയ കെട്ടിടങ്ങള്‍ തൊഴില്‍ പരിശീലന പരിപാടികള്‍ക്കായി വിനിയോഗിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

    2623 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള രണ്ട് നില കെട്ടിടത്തില്‍ ഒരു ഭൂഗര്‍ഭ നില കൂടി ഉള്‍പ്പെടുത്തിയാണ് ബഹുനില കെട്ടിടം നിര്‍മ്മിക്കുന്നത്. ഭൂഗര്‍ഭ നിലയില്‍ കാന്റീന്‍, കാര്‍ പാര്‍ക്കിംഗ് എന്നിവയും താഴത്തെ നിലയില്‍ പ്രാക്ടിക്കല്‍ മുറികള്‍, ക്ലാസ് മുറികള്‍, ഓഫീസ് റൂം, സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും അംഗപരിമിതര്‍ക്കും വേണ്ടിയുള്ള ശൗചാലയങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്.

    സി. ദിവാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നെടുമങ്ങാട് നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഡി. ലേഖ വിക്രമന്‍, നഗരസഭയിലെ വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വിവിധ വാര്‍ഡ് കൗണ്‍സിലര്‍മാര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ കെ.പി. ഇന്ദിരാദേവി  ഗവണ്‍മെന്റ് പോളിടെക്നിക് കോളേജ് പ്രിന്‍സിപ്പല്‍ പി. ശൈലേന്ദ്രന്‍, വി.എച്ച.്എസ്.ഇ പ്രിന്‍സിപ്പല്‍ ഷീജ എച്ച്,  എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1291/2019)

 

date