Skip to main content

ധ്വനി കലോത്സവം സമാപിച്ചു

 

    ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാരീരിക-മാനസിക ഉല്ലാസം ലക്ഷ്യംവച്ച് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ധ്വനി 2019 കലാ കായിക മേള സമാപിച്ചു. ആറ് വയസിനും പതിനെട്ടു വയസിനുമിടയില്‍ പ്രായമുള്ള 94 കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുത്തു. ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേകം വിഭാഗങ്ങളായാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അങ്കണം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റേഡിയം, നെടുമങ്ങാട് സിഡിപിഒ ഓഫീസ്, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളില്‍ രണ്ടുദിവസങ്ങളിലായാണ് മത്സരങ്ങള്‍ നടന്നത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അതിജീവന മാര്‍ഗങ്ങളും എന്ന വിഷയത്തില്‍ സെമിനാറും നടന്നു.

    സമാപന സമ്മേളനം അസിസ്റ്റന്റ് കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു അധ്യക്ഷത വഹിച്ചു. അഡിഷണല്‍ ഡെവലപ്മെന്റ് കമ്മിഷണര്‍ വി.എസ്.സന്തോഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.രാജേഷ് കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പ്രഭാകുമാരി, ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 1309/2019)

 

date