Skip to main content

ഒരു സവിശേഷ സൗഹൃദത്തിന്റെ പിന്തുടര്‍ച്ചക്കാരനായി വാവര്‍ നടയില്‍ അബ്ദുല്‍ റഷീദ് മുസ്ല്യാര്‍

ശബരിമല സന്നിധാനത്ത് നിന്ന് ഒരുമിച്ചേ മടങ്ങൂ എന്ന് പരസ്പരം ഉറപ്പിച്ച് സ്വാമി അയ്യപ്പന്റെ മുഖാമുഖം ഇരിക്കുന്ന അമീര്‍ ഖാദി ബഹദൂര്‍ വാവ വാവര്‍ മുസ്ല്യാര്‍ എന്ന വാവര്‍ സ്വാമിയുടേതും അയ്യപ്പന്റെതും സവിശേഷമായ സൗഹൃദമായിരുന്നു. അതിന്റെ കുടുംബപരമായ, ആശയപരമായ പിന്തുടര്‍ച്ചക്കാരനാണ് അബ്ദുല്‍ റഷീദ് മുസ്ല്യാര്‍. വാവരുടെ എരുമേലിക്കടുത്ത് വായിപൂരിലെ വെട്ടിപ്ലാക്കല്‍ കുടുംബത്തിന്റെ ഇപ്പോഴത്തെ കാരണവര്‍. കഴിഞ്ഞ 12 വര്‍ഷമായി അദ്ദേഹം സന്നിധാനത്തെ വാവര്‍ നടയില്‍ കാരവണരായി സ്വാമി അയ്യപ്പ•ാര്‍ക്ക് വാവരുടെ പ്രസാദവും അനുഗ്രഹവും നല്‍കി ഇരിപ്പുണ്ട്. 60 വര്‍ഷമായി അദ്ദേഹം സ്ഥിരമായി ശബരിമലയില്‍ എത്തുന്നു.
ജാതിക്കും മതത്തിനും അതീതമായി മനുഷ്യന്‍ ഒന്നാണെന്ന മഹത്തായ, പ്രസക്തമായ സന്ദേശമാണ് സ്വാമി അയ്യപ്പന്റെയും വാവര്‍ സ്വാമിയുടെയും സൗഹൃദവും പവിത്രമായ പതിനെട്ടാം പടിക്ക് താഴെയുള്ള വാവര് നടയുമെന്ന് അദ്ദേഹം പറഞ്ഞു. ഭിഷഗ്വരനും മാന്ത്രികനുമായിരുന്ന വാവരുടെ പ്രസാദമായി കുരുമുളകും കല്‍ക്കണ്ടവും ഏലയ്ക്കയും ജീരകവും ചുക്കും അരി വറുത്തുപൊടിച്ചതും ചേര്‍ത്ത ഔഷധമാണ് നല്‍കുന്നത്. പേടി മാറാനും മറ്റുമായി ജപിച്ച ഉറുക്കും നല്‍കുന്നു. അയ്യപ്പന്റെ പ്രസാദമായി ഭസ്മവും വാവര്‍ നടയില്‍ നല്‍കുന്നു. അയ്യപ്പന്‍മാര്‍ കുരുമുളകും നവധാന്യങ്ങളും കല്‍ക്കണ്ടവും കാണിക്കയായി വാവര്‍ നടയില്‍ അര്‍പ്പിക്കുന്നു. ഇത് പ്രസാദം നല്‍കാനായി ഉപയോഗിക്കുന്നു. എന്നെ കാണാന്‍ വരുന്നവര്‍ വാവരെ കണ്ടിട്ടേ മടങ്ങാവൂ എന്ന അയ്യപ്പന്റെ നിര്‍ദേശമാണ് ഭക്തര്‍ പാലിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി സൗഹൃദപൂര്‍ണമായ ബന്ധമാണ് പുലര്‍ത്തുന്നതെന്ന് അബ്ദുല്‍ റഷീദ് മുസ്ല്യാര്‍ പറഞ്ഞു. ബോര്‍ഡ് എല്ലാവിധ സഹായവും നല്‍കിവരുന്നു. എരുമേലിയില്‍ വാവരുടെ പേരിലുള്ള പള്ളിയില്‍ ദര്‍ശനം നടത്തുന്നത് സ്വാമി അയ്യപ്പന്‍മാര്‍ക്ക് ശബരിമല തീര്‍ഥാടനത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്.
 

date