Skip to main content

ജില്ലാ കേരളോത്സവം കലാമത്സരങ്ങൾക്ക് ഇന്ന് തുടക്കം

തൃശൂർ ജില്ലാ കേരളോത്സവം കലാ മത്സരങ്ങൾ ഇന്നും നാളെയുമായി (7, 8) നഗരത്തിലെ വിവിധ വേദികളിൽ അരങ്ങേറും. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 ന് ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ ഉദ്ഘാടനം ചെയ്യും. ബാനർജി ക്ലബ്ബിൽ നടക്കുന്ന പരിപാടിയിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയാകും. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി ബിജു, സിനി ആർട്ടിസ്റ്റ് ജെസ്നിയ ജയദീഷ് എന്നിവർ മുഖ്യാതിഥികളാവും. ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവത്തിന് വർഷങ്ങൾക്ക് ശേഷമാണ് തൃശൂർ നഗരം ആതിഥ്യമരുളുന്നത്. ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളും, 7 മുനിസിപ്പാലിറ്റി കൾ, കോർപറേഷൻ എന്നിവിടങ്ങളിൽ മത്സരിച്ച് വിജയികളായവരാണ് ജില്ലാ കേരളോത്സവത്തിൽ മാറ്റുരക്കുക. 7 വേദികളിലായി 59 ഇനങ്ങളി ലാണ് കലാ മത്സരങ്ങൾ നടക്കുക. 2254 പേർ മത്സരങ്ങളിൽ പങ്കെടുക്കും. മത്സരാർത്ഥികൾ അതാത് വേദികളിൽ രാവിലെ 8.30 ന് തന്നെ എത്തി ചേർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കണം എന്ന് സംഘാടകർ അറിയിച്ചു. ഫോട്ടോ പതിച്ച എൻട്രി പാസും ഐഡന്റിറ്റി കാർഡും ഹാജരാക്കണം. ഡിസംബർ 8 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പ്രൊ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. സിനി ആർട്ടിസ്റ്റ് അപർണ ബാലമുരളി മുഖ്യാതിഥിയാകും. ഇന്ന് വേദി 1 വിവേകോദയം സ്‌കൂളിൽ തിരുവാതിര കളി, നാടോടി നൃത്തം സിംഗിൾ, ഗ്രൂപ്പ്, സംഘനൃത്തം, മാർഗംകളി, മൈം എന്നിവ അരങ്ങേറും. ബാനർജി ക്ലബ്ബിൽ മിമിക്രി മോണോ ആക്ട്, കഥാപ്രസംഗം എന്നിവയും, മോഡൽ ഗേൾസ് ഹയർ സെക്കന്ററി ബ്ലോക്കിൽ വിവിധ ക്ലാസ്സ് മുറികളിൽ കഥക്, ഓട്ടൻതുള്ളൽ, ക്വിസ്, മൈലാഞ്ചി ഇടൽ, പുഷ്പാലങ്കാരം, കളിമൺ ശില്പ നിർമാണം, എന്നിവയും ഹൈസ്‌കൂളിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം എന്നിവയും നടക്കും. മോഡൽ ബോയ്സ് സ്‌കൂളിൽ വയലിൻ പാശ്ചാത്യം, പൗരസ്ത്യം, ഗിറ്റാർ, സിത്താർ, ഫ്ളൂട്ട്, വീണ, ഹാർമോണിയം, തബല, മൃദംഗം എന്നിവയും അരങ്ങേറും.
 

date