Skip to main content

കേരള ന്യൂട്രീഷ്യൻ റിസർച്ച് സെന്റർ യാഥാർത്ഥ്യത്തിലേക്ക്

*നിഫ്റ്റെമുമായി ധാരണപത്രം ഒപ്പിട്ടു
സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പോഷൺ അഭിയാന്റെ ഭാഗമായി ആരംഭിച്ച സമ്പുഷ്ട കേരളം പദ്ധതി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനായി സംസ്ഥാനത്ത് പോഷകാഹാര ഗവേഷണ കേന്ദ്രം (ന്യൂട്രീഷ്യൻ റിസർച്ച് സെന്റർ) ആരംഭിക്കുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്കായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ആന്റ് മാനേജ്മെന്റു (NIFTEM) മായി ധാരണാപത്രത്തിൽ ഒപ്പിട്ടു. ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ സാന്നിധ്യത്തിൽ പി.ആർ.ചേംബറിൽ നടന്ന ചടങ്ങിൽ നിഫ്റ്റെം രജിസ്ട്രാർ ഡോ. ജെ.എസ്. റാണയും വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, ഡോ. കോമൾ ചൗഹാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഗവേഷണ കേന്ദ്രത്തിനായി 41,99,520 രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
സമ്പുഷ്ട കേരളത്തിന് കീഴിലുള്ള കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരിലെ ഭാരക്കുറവ്, വളർച്ച മുരടിക്കൽ, വിളർച്ചയുടെ വ്യാപനം എന്നിവ കണ്ടെത്താനും ഫലപ്രദമായി ഇടപെടാനുമാണ് ഗവേഷണകേന്ദ്രം ലക്ഷ്യമിടുന്നത്.  
സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച പോഷകാഹാരവും ആരോഗ്യ സംബന്ധമായ പദ്ധതികളുടെ നടപ്പാക്കൽ, മേൽനോട്ടം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതികസഹായം, പ്രചാരണം, എന്നിവയ്ക്കായുള്ള ഗവേഷണ സ്ഥാപനമായിരിക്കും ഇത്. ഈ ഗവേഷണ കേന്ദ്രം ജീവിതചക്രത്തിലൂന്നി പോഷകാഹാരം വിലയിരുത്തി ലിംഗഭേദം കൂടാതെ ശിശു സംരക്ഷണം, നേരത്തെയുള്ള പഠനം, ആശയവിനിമയം, പോഷകാഹാര നിരീക്ഷണം എന്നിവ ഉറപ്പുവരുത്തും. പോഷകാഹാര മേഖലകളിലെ വിദഗ്ധരോടൊപ്പം വിവിധ പ്രൊഫഷണലുകൾ, സ്ഥാപനങ്ങൾ, സന്നദ്ധ ഏജൻസികൾ എന്നിവർ ഗവേഷണത്തിൽ പങ്കാളികളാകും.
കുട്ടികൾക്കിടയിലെ വളർച്ച മുരടിപ്പിന്റെ സാധ്യത 25 ശതമാനത്തിൽ താഴെയാക്കുക, ആറ് വയസുവരെയുള്ള കുട്ടികളിലെ ഭാരക്കുറവ് 25 ശതമാനത്തിൽ താഴെയാക്കുക, ആറ് മുതൽ 59 മാസം വരെ പ്രായമുള്ള ചെറിയ കുട്ടികളിൽ വിളർച്ച 43 ശതമാനത്തിൽ താഴെയാക്കുക, 15 മുതലുള്ള കൗമാരക്കാരായ പെൺകുട്ടികളുടേയും 49 വയസ് വരെയുള്ള സ്ത്രീകളുടേയും വിളർച്ച 38 ശതമാനത്തിൽ താഴെയാക്കുക എന്നിവയാണ് ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ.
കേരളത്തിലുടനീളമുള്ള പോഷകാഹാര കുറവിനെപ്പറ്റി പഠിക്കുക, ശിശു സംരക്ഷണ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഫലപ്രാപ്തത, വിളർച്ചയെയും മറ്റ് സാംക്രമിക രോഗങ്ങളെയും പരിഹരിക്കാനുള്ള മാർഗങ്ങൾ, അമൃതം ന്യൂട്രിമിക്സിന്റെ ഗുണനിലവാര വിലയിരുത്തൽ എന്നിവയും പഠനവിധേയമാക്കും.
വനിത ശിശു വികസന വകുപ്പിന്റെ പ്രതിദിന വാട്സ്ആപ് പ്രക്ഷേപണമായ പോഷൻവാണിയുടെ ഔദ്യോഗിക ഉദ്ഘാടനവും ആദ്യത്തെ പ്രക്ഷേപണവും മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിച്ചു. സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച് വിവിധ വിഷയങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു പ്രതിദിന വാട്സാപ്പാണിത്. ഓരോ ദിവസവും ഒരു വിഷയമാണ് പ്രക്ഷേപണം ചെയ്യുന്നത്. അവകാശങ്ങൾ, നിയമങ്ങൾ, സംരക്ഷണ സംവിധാനങ്ങൾ, ആരോഗ്യം, പോഷണം തുടങ്ങി സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന വ്യത്യസ്ത വിഷയങ്ങൾ നിത്യവും അവതരിപ്പിക്കും. സംഭാഷണം, ലഘു നാടകം, ഗാനങ്ങൾ, അഭിമുഖം എന്നിങ്ങനെയാണ് ഈ വിഷയങ്ങൾ അവതരിപ്പിക്കുന്നത്.
രണ്ട് മുതൽ നാല് മിനിട്ട് ദൈർഘ്യമുള്ള സന്ദേശമാണ് ദിവസവും പ്രക്ഷേപണം ചെയ്യുന്നത്. കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളിലൂടെ വകുപ്പിന്റെ സേവനങ്ങളും അറിയിപ്പുകളും പൊതുജനങ്ങളിലേക്ക് എത്തുന്നു. ദിവസവും രാവിലെ 10 മണിക്ക് അതാതു ദിവസത്തെ സന്ദേശം പ്രോഗ്രാം ഓഫീസർമാർക്ക് അയക്കും. പ്രോഗ്രാം ഓഫീസർമാർ സി.ഡി.പി.ഒ.മാർക്കും സി.ഡി.പി.ഒ.മാർ സൂപ്പർവൈസർമാർക്കും, സൂപ്പർവൈസർമാർ അങ്കണവാടി വർക്കർമാർക്കും നിത്യവും സന്ദേശങ്ങൾ കൈമാറും. അങ്കണവാടി വർക്കർമാർ അവരുടെ ഗ്രൂപ്പുകളിലൂടെ ഈ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യും.
പി.എൻ.എക്‌സ്.4435/19
 

date