Skip to main content

മനം കവര്‍ന്ന് ശബരിമേള;  കരകൗശല വസ്തുക്കള്‍ വിപണി കീഴടക്കുന്നു

ശബരിമല ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയില്‍ വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന ശബരിമേള മനം കവരുന്നു. ശബരിമല യാത്രയ്ക്കിടയില്‍ നിളയുടെ തീരത്ത് വിശ്രമിക്കാനെത്തുന്ന തീര്‍ത്ഥാടകരും കാറ്റു കൊള്ളാനും സൊറ പറഞ്ഞിരിക്കാനും എത്തുന്ന നാട്ടുകാരുമാണ് മേളയിലെ വസ്തുക്കള്‍ക്ക് ആവശ്യക്കാര്‍.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മേളയില്‍  ഒമ്പത് സ്റ്റാളുകളാണ് പ്രവര്‍ത്തിക്കുന്നത്. ബാംബൂ കോര്‍പ്പറേഷന്‍ മുളയില്‍ തീര്‍ത്ത ഉല്പന്നങ്ങള്‍ക്കാണ്  ആവശ്യക്കാര്‍ കൂടുതല്‍.  50 രൂപയുടെ മുളകോല്‍ മുതല്‍ 26,000 രൂപയുടെ മുളയില്‍ തീര്‍ത്ത ഡൈനിംങ് ടേബിള്‍ വരെ ഇവിടെയുണ്ട്. നാല് കസേരകളും ടേബിളും അടങ്ങുന്നതാണ് ഡൈനിംങ് ടേബിള്‍ സൈറ്റ്. കൂടാതെ ചാരുകസേര, മുള സോഫ, പുട്ടുകുറ്റി, മുള വിളക്ക്, നക്ഷത്രം, തുടങ്ങി   മുളയില്‍ നിര്‍മ്മിച്ച വീട്ടുപകരണങ്ങള്‍ അനവധിയാണ്. കല്ലന്‍മുള, ആനമുള, ഇല്ലിമുള തുടങ്ങിയ മുളകള്‍ ഉപയോഗിച്ചാണ് വസ്തുക്കള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
മേളയുടെ മറ്റൊരാകര്‍ഷണം ഹാന്‍ഡി ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ കരകൗശല വസ്തുക്കളാണ്. 2,730 രൂപ മുതല്‍ 12,399 രൂപ വരെ വിലമതിക്കുന്ന മരത്തില്‍ തീര്‍ത്ത ഗണപതിവിഗ്രഹങ്ങളും 340 രൂപ മുതല്‍ 2,191 രൂപ വരെ വിലമതിക്കുന്ന ആന ശില്പങ്ങളും ഇവിടെയുണ്ട്. ആറ•ുള കണ്ണാടി, വിവിധ തരം മരങ്ങളില്‍ കൊത്തിയുണ്ടാക്കിയ കൗതുക വസ്തുക്കള്‍ എന്നിവയുമുണ്ട്. 
തേഞ്ഞിപ്പലം കുടുംബശ്രീ ഭക്ഷ്യ ഉല്പന്നങ്ങള്‍, കേരള ദിനേശ് സൊസൈറ്റിയുടെ ഭക്ഷ്യ ഉല്പന്നങ്ങള്‍, കേരള സാന്‍ഡല്‍ സോപ്പ് ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, ഖാദി വില്ലേജ് ഉല്പന്നങ്ങള്‍, ഹാന്‍വീവ് തുണിത്തരങ്ങള്‍ എന്നിവയും മേളയിലുണ്ട്. 2020 ജനുവരി പതിനഞ്ചു വരെ മേള പ്രവര്‍ത്തിക്കും. 
 

date