Skip to main content

മുഖ്യമന്ത്രിയുടെ സംസ്ഥാന ഹരിത അവാര്‍ഡ് പൊന്നാനി നഗരസഭയ്ക്ക്  

    മണ്ണിനേയും പ്രകൃതിയേയും മുറുകെ പിടിച്ചുള്ള പൊന്നാനി നഗരസഭയുടെ വികസന കാഴ്ചപ്പാടുകള്‍ക്ക്  സംസ്ഥാന പുരസ്‌കാരം. ഹരിത കേരളം മിഷന്റെ മുഖ്യമന്ത്രിയുടെ സംസ്ഥാന ഹരിത പുരസ്‌കാരം പൊന്നാനി നഗരസഭയ്ക്ക് ലഭിച്ചു.  തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പുരസ്‌കാരം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 87  നഗരസഭകള്‍ക്കായി നടത്തിയ ഹരിതകേരളം അവാര്‍ഡിലാണ് പൊന്നാനി നഗരസഭ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യയില്‍ ആദ്യമായി ഒരു പ്രാദേശിക ഭരണകൂടം പരിസ്ഥിതി സംരക്ഷകര്‍ക്ക് അവകാശ ധനം നല്‍കുന്ന ഗ്രീന്‍ റോയല്‍റ്റി പദ്ധതിയും, മറ്റൊരു  നൂതന മാതൃകാ പദ്ധതിയായ ഹരിതഭവനം പദ്ധതിയുമാണ് അവാര്‍ഡിന് പൊന്നാനി നഗരസഭയെ അര്‍ഹരാക്കിയത്.
    നഗരസഭ നടപ്പിലാക്കിയ കൃഷി, ജലസംരക്ഷണം, ശുചിത്വം  മാലിന്യ സംസ്‌കരണം തുടങ്ങിയ പ്രകൃതി സംരക്ഷണ മേഖലയില്‍ നടത്തിയ മാതൃകാ ഇടപെടലുകള്‍ക്ക് കൂടിയാണ് പുരസ്‌കാരം. മേഖലാ തലത്തിലും തുടര്‍ന്ന് സംസ്ഥാന തലത്തിലും പ്രഗല്‍ഭരായ ജൂറി അംഗങ്ങളാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

    പൊന്നാനി നഗരസഭ നടപ്പിലാക്കിയ പൊന്നാര്യന്‍ കൊയ്യും പൊന്നാനി പദ്ധതി പ്രകാരം തരിശുഭൂമിയില്‍ 19 ഏക്കറില്‍ നിന്നും 93 ഏക്കറിലേക്ക്  കൃഷി വ്യാപനം,  പൊന്നരി എന്ന ബ്രാന്‍ഡില്‍  ജൈവ അരിയും വിപണിയിലെത്തിച്ചത്, അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ നിരവധി തോടുകളുടെയും കുളങ്ങളുടെയും വീണ്ടെടുപ്പ്, പൊതുജന പങ്കാളിത്തം ശുചിത്വ പരിപാടികളില്‍ ഉറപ്പുവരുത്തി നടപ്പാക്കിയത്, നഗരസഭ പരിധിയിലെ വിദ്യാലയങ്ങളില്‍ സ്റ്റുഡന്റ് എക്കോ പൊലീസ് സേന രൂപീകരണം, കനോലി കനാല്‍  പരിസരത്ത് സൗജന്യമായി സെപ്റ്റി ടാങ്കുകള്‍  സ്ഥാപിക്കല്‍, യു.എന്‍ പ്രോഗ്രാം ഹരിത തീരം, ഓഡിറ്റോറിയങ്ങളിലെ ഗ്രീന്‍ പ്രോട്ടോക്കോള്‍, പി.എം.എ.വൈ വീടുകള്‍ക്കും അങ്കണവാടികള്‍ക്കും നഗരസഭ സൗജന്യമായി ഉറവിട മാലിന്യ സംസ്‌കരണ ഉപാധികള്‍ നല്‍കിയ പദ്ധതി, ശുചിത്വ ഹര്‍ത്താല്‍, പ്രളയ മാലിന്യ സംസ്‌കരണം, പച്ചത്തുരുത്ത് തുടങ്ങിയ പദ്ധതികള്‍ സംസ്ഥാന ജൂറി പ്രത്യേകം പരാമര്‍ശിച്ചു.
 

date