Skip to main content

ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിന് ഭൂമി കണ്ടെത്താന്‍ ജനപ്രതിനിധികള്‍ സഹകരിക്കണം -ജില്ലാകലക്ടര്‍

    ജില്ലയില്‍ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന്  ഭൂമി കണ്ടെത്തുന്നതിനായി ജനപ്രതിനിധികള്‍ സഹകരിക്കണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അഭ്യര്‍ത്ഥിച്ചു. പ്രതിദിനം 200 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിന്  6.5 ഏക്കറില്‍ കുറയാത്ത ഭൂമി കണ്ടെത്താനാണ് കലക്ടര്‍ സഹായം അഭ്യര്‍ത്ഥിച്ചത്. അതേ സമയം ജില്ലാ ഭരണകൂടം സ്ഥലം കണ്ടെത്തുകയാണെങ്കില്‍ ആക്ഷേപം കൂടാതെ ഭൂമി ഏറ്റെടുക്കുന്നതിന് ജനപ്രതിനിധികളുടെ സഹായസഹകരണം ഉണ്ടാകണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. 
    ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റ്  സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ത്രിതല പഞ്ചായത്ത് - മുനിസിപ്പല്‍ അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്കായി നടത്തിയ യോഗത്തിലാണ് കലക്ടര്‍ ഈക്കാര്യം ആവശ്യപ്പെട്ടത്.  ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങളാണ്  ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍ സംസ്‌കരിക്കുക. കെ.എസ്.ഐ.ഡി.സിയാണ് പ്ലാന്റിന്റെ നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത്.    യോഗത്തില്‍  പ്രൊജക്ട് ഡയറക്ടര്‍ പി.സി.ഹരികേഷ്, ഡെപ്യൂട്ടി കലക്ടര്‍ പുതുക്കുടി മുരളീധരന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ സൗമാ ഹമീദ്, ജില്ലാ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എ.കെ.നാസര്‍, ജൂനീയര്‍ സൂപ്രണ്ട് ഷഫീക്ക് മുഹമ്മദ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date