Skip to main content

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാര്‍ഷിക വ്യവസായ യൂണിറ്റ്  ഉദ്ഘാടനം ഇന്ന് ( 8 - 12-2019)

അങ്കമാലി:  കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലയിടിവ് തടയുന്നതിനും കാര്‍ഷികരംഗത്ത് പുത്തനുണര്‍വ്വ് പ്രദാനം ചെയ്യുന്നതിനുമായി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്വയാശ്രയ കാര്‍ഷികവിപണികളില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നു. താബോര്‍ ഡിവിഷനില്‍ വെജിറ്റബിള്‍ & ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആനപ്പാറ സ്വയാശ്രയ കാര്‍ഷിക വിപണിയില്‍ യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയായി.

 പഴം, പച്ചക്കറി, ഉല്‍പ്പാദന, വിപണനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന ആനപ്പാറ വിപണിയില്‍ തുറവൂര്‍, മഞ്ഞപ്ര, മൂക്കന്നൂര്‍, അയ്യംമ്പുഴ പഞ്ചായത്തുകളിലെ അറുനൂറോളം കര്‍ഷകര്‍ അംഗങ്ങളാണ്. ആഴ്ചതോറും ഞായറാഴ്ചകളില്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടന്ന് വരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കച്ചവടക്കാരാണ് ഉല്‍പ്പന്നങ്ങള്‍ ലേലം വിളിക്കുന്നത്. പലപ്പോഴും കച്ചവടക്കാര്‍ ഒത്ത് കളിച്ച് ഉല്‍പ്പന്നവില ഇടിക്കുന്ന അവസ്ഥയുണ്ട്. കച്ചവടക്കാര്‍ സംഘം ചേര്‍ന്ന് ലേലം ബഹിഷ്‌ക്കരിക്കാറുമുണ്ട്. ഇത്തരം സാഹചര്യങ്ങളെ നേരിട്ട് ക്രിത്രിമ വിലയിടിവ് തടയുന്നതിനുള്ള ഉപാധിയായിട്ടാണ് കാര്‍ഷികവിളകളില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് സൗകര്യം ഒരുക്കുന്നതെന്ന് ഡിവിഷന്‍ മെമ്പര്‍ ടി.എം. വര്‍ഗ്ഗീസ് പറഞ്ഞു.

 നാട്ടില്‍ ധാരളമായുണ്ടാകുന്ന ചക്ക, ഏത്തക്കായ എന്നിവയില്‍ നിന്ന് ചിപ്‌സ് നിര്‍മ്മിക്കുക, പഴങ്ങളും പച്ചക്കറികളും ഉണക്കി പൗഡര്‍ ഉണ്ടാക്കുക എന്നിവയാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്. വിപണിയിലെ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പരിശീലനം നല്‍കി അവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന സംരഭംകഗ്രൂപ്പാണ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 ആനപ്പാറ വിപണിയില്‍ നിര്‍മ്മിച്ചിട്ടുള്ള വ്യവസായ യൂണിറ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (8.12.2019 ഞായര്‍) 3 ന് റോജി എം.ജോണ്‍.എം.എല്‍.എ നിര്‍വ്വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി പോള്‍ അദ്ധ്യക്ഷത വഹിക്കും.

date