Skip to main content

ഹെല്‍മറ്റിന്റെ പ്രാധാന്യം ഓര്‍മിപ്പിച്ച്  ബോധവത്ക്കരണ റാലി

 

 

പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച ഹെല്‍മറ്റ് ബോധവത്ക്കരണ റാലി ശ്രദ്ധേയമായി. മോട്ടോര്‍ സൈക്കിളില്‍ ഹെല്‍മറ്റ് ധരിച്ച്, പിന്‍ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്ത ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍  ഹെല്‍മറ്റ് പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശം നല്‍കി മാതൃകയായി. ഉത്തരമേഖല ഡി ടി സി ടി.സി ബിനീഷ്, കോഴിക്കോട് ആര്‍ ടി ഒ എം.പി സുഭാഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ 150 ലധികം മോട്ടോര്‍സൈക്കിള്‍ പങ്കെടുത്തു. 

 

മുന്‍ സീറ്റിലും പിന്‍ സീറ്റിലും ഹെല്‍മറ്റ് ധരിച്ചുള്ള റാലി ജനങ്ങള്‍ക്ക് മികച്ച സന്ദേശം നല്‍കുന്ന കാഴ്ചയായി. കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തു നിന്നാരംഭിച്ച റാലി ബീച്ച് ഹോസ്പിറ്റല്‍, സി എച്ച് ഓവര്‍ബ്രിഡ്ജ് വഴി സ്റ്റേഡിയം, ഭട്ട് റോഡ്, പ്രൊവിഡന്‍സ് സ്‌കൂള്‍, ഓവര്‍ബ്രിഡ്ജ്, നടക്കാവ് പോലീസ് സ്റ്റേഷന്‍, മനോരമ ജംഗ്ഷന്‍, മാവൂര്‍ റോഡ് ജംഗ്ഷന്‍ വഴി സ്റ്റേഡിയം മാനാഞ്ചിറ സി.എസ്.ഐ ചര്‍ച്ച് ഓവര്‍ബ്രിഡ്ജ് വഴി തിരിച്ചു ബീച്ചിലേക്ക് യാത്ര ചെയ്ത് സമാപിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ ദിലീപ് കുമാര്‍, പി പി രാജന്‍. പി എസ് ബിജോയ്, രണ്‍ദീപ്, സനല്‍ മണപ്പള്ളി, അസിസ്റ്റന്റ് മോട്ടോര്‍സ് ഇന്‍സ്‌പെക്ടര്‍മാരായ ടിജോ, സുരേഷ്, ടി ചന്ദ്രകുമാര്‍, ഷാജി ജോസഫ് തുടങ്ങിയവര്‍ റാലി നിയന്ത്രിച്ചു. റാലിയില്‍ കോഴിക്കോട് ആര്‍ടിഒ ഓഫീസിലെ പുരുഷ വനിതാ അംഗങ്ങളും ഡ്രൈവിംഗ് സ്‌കൂള്‍ അംഗങ്ങളും വിവിധ ഇരുചക്രവാഹന ഡീലര്‍മാരായ നിക്കോയ് ഹോണ്ട, ലുഹാ മോട്ടോഴ്‌സ്, ട്രൈസ്റ്റാര്‍, ബിഎംഡബ്ല്യു ഓട്ടോ ക്രാഫ്റ്റ്, കെ.വി.ആര്‍ ബജാജ് തുടങ്ങിയവരും കോഴിക്കോട് മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്, മലബാര്‍ കമ്മ്യൂണിറ്റി ക്ലബും കോഴിക്കോട് നിവാസികളും പങ്കെടുത്തു. പത്തിലധികം ഇരുചക്രവാഹനങ്ങളില്‍ വനിതകളുടെ സാന്നിധ്യവും ശ്രദ്ധേയമായി.

 

 

     

സായുധസേനാ പതാകദിനം ആചരിച്ചു

 

 

 

പൊതുജനങ്ങളെ വിമുക്തഭടന്മാരുടെ ക്ഷേമത്തിന് ബോധവാന്മാരാക്കുന്നതിനും സൈനികസേവനത്തിന് യുവജനങ്ങളെ സജ്ജമാക്കാനും പതാക ദിനാചരണത്തിലൂടെ നമ്മള്‍ക്ക് രാജ്യത്തോട് ചെയ്യാവുന്ന ഏറ്റവും മഹത്തായ കര്‍ത്തവ്യമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സായുധസേന പതാകദിനാചരണവും ആദ്യപതാക സ്വീകരകണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സൈനിക ക്ഷേമത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ഇത്തരം പദ്ധതിയുടെ പൂര്‍ണ്ണ വിജയത്തിന് പൊതുജനപങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കേവലം ധനസമാഹരണയജ്ഞം എന്നതിലുപരി സൈനികരുടെ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ഇത്തരം ചടങ്ങുകളിലൂടെ ശ്രമിക്കേണ്ടത്. ധീരസൈനികരെയും അവരുടെ ആശ്രിതരെയും സംരക്ഷിക്കേണ്ട ബാധ്യത പൊതുസമൂഹത്തിനാണെന്നും മന്ത്രി പറഞ്ഞു. സമീപ ദിനങ്ങളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വീരമൃത്യു വരിച്ച ധീരജവാന്‍മാര്‍ക്ക് മന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. പതാക ദിന സന്ദേശവും സംസ്ഥാന സര്‍ക്കാര്‍ സൈനിക വകുപ്പ് മുഖേന നല്‍കുന്ന വിവിധ സാമ്പത്തിക സഹായ വിതരണവും എ.ഡി.എം റോഷ്്നി നാരായണന്‍ നിര്‍വഹിച്ചു.

 

ജില്ലാ സൈനിക ക്ഷേമ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സൈനിക ബോര്‍ഡ് വൈസ് പ്രസിഡന്റ് കേണല്‍ എന്‍.വി മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്‍മാരുടെ സ്മരണയ്ക്ക് മുന്നില്‍ മൗന പ്രാര്‍ത്ഥ നടത്തിയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സെന്റ് വിന്‍സെന്റ് കോളനി എച്ച്.എസ്.എസിലെ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനവും ആലപിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ ജോഷി ജോസഫ്, ഹെഡ് ക്ലാര്‍ക്ക് ടി ജോസി വര്‍ഗ്ഗീസ്, കെ.എസ്.ഇ.എല്‍ ജില്ല പ്രസിഡന്റ് കേണല്‍ പി പ്രഭാകര കുറുപ്പ്, എന്‍.ഇ.എക്സ്.സി.സി ജില്ലാ സെക്രട്ടറി എം.വി ജോസ്, എക്സ് സര്‍വ്വീസ് മെന്‍ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് സി രാമദാസ്, പൂര്‍വ്വ സൈനിക് സേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് മുരളീധര ഗോപാല്‍, എയര്‍ഫോഴ്സ് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍, വെല്‍ഫേര്‍ ഓര്‍ഗനൈസര്‍ എം.പി വിനോദന്‍, വിമുക്ത ഭടന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിമുക്തഭടന്മാര്‍ക്ക് പുനരധിവാസ പരിശീലന ബോധവത്ക്കരണ സെമിനാറും സംഘടിപ്പിച്ചു.

 

 

 

ദേശീയ അംഗീകാരം നേടി കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

 

 

 

ദേശീയ റോള്‍പ്ലേ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. ദേശീയതലത്തില്‍ മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും  വിദ്യാലയങ്ങളെ  പിന്തള്ളിയാണ് കേരളത്തിലെ മലയോര ഗ്രാമപ്രദേശത്തുള്ള പൊതുവിദ്യാലയം നേട്ടം കൈവരിച്ചത്.  കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ആണ് മത്സരം സംഘടിപ്പിച്ചത്. ഒരു സ്‌കോറിനാണ് വിദ്യാലയത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. ദക്ഷിണമേഖല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ് മിര്‍ഷാദ്,  ഏഞ്ചല സുമേഷ്, ആയിഷ മിന്‍ഹ,  മുഹമ്മദ് ബിലാല്‍ മുഹമ്മദ് നിനാന്‍ എന്നിവരടങ്ങിയ ടീം ദേശീയ മത്സരത്തില്‍ പങ്കെടുത്തത്. ഡല്‍ഹിയിലെ എന്‍.സി.ഇ.ആര്‍.ടി ആസ്ഥാനത്തു നടന്ന മത്സരത്തില്‍ കൗമാര വിദ്യാഭ്യാസത്തിന്റെ ആവശ്യകത സംബന്ധിച്ച സ്‌ക്രിപ്റ്റ് അവതരിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ രണ്ടാംസ്ഥാനം നേടിയത്. ഇതേ വിദ്യാലയത്തിലെ ഇംഗ്ലീഷ് അധ്യാപിക രേഖ വിനോദാണ് കുട്ടികളെ മത്സരത്തിനായി പ്രാപ്തരാക്കിയത്. ജില്ലാ പഞ്ചായത്ത് എഡ്യൂ കെയര്‍ പദ്ധതിയുടെ ഭാഗമായി ദേശീയ അംഗീകാരം ലഭിച്ച ടീമിന് സ്വീകരണം നല്‍കും.

 

 

 

പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) അഭിമുഖം 13ന്

 

 

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്)-എല്‍.പി.സ്‌ക്കൂള്‍ (I എന്‍.സി.എ-എസ്.ഐ.യു.സി നാടാര്‍) (കാറ്റഗറി നമ്പര്‍ 526/2017) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ഡിസംബര്‍ 13ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല.

 

 

 

കാട വളര്‍ത്തല്‍ പരിശീലനം

 

 

 

കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഡിസംബര്‍ 13 ന് കാട വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു.  പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 11 ന് രാവിലെ 10 മണി മുതല്‍ അഞ്ച് മണി വരെ പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമേ ക്ലാസില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04972- 763473.

 

 

 

ജില്ലാതല ജനകീയ കമ്മിറ്റി യോഗം 21ന്

 

 

വ്യാജമദ്യ ഉല്പാദനം, വിതരണം, വില്പന, മയക്കുമരുന്നുകളുടെ ഉപഭോഗം എന്നിവ ജനകീയ പങ്കാളിത്തത്തോടെ തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗം ഡിസംബര്‍ 21 ന് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ മെമ്പര്‍മാര്‍ കൃത്യസമയത്ത് എത്തണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.

 

 

 

'കതിര്' കുടുംബ സംഗമം നടത്തി 

 

 

 

ജില്ലാ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി ഐ.എം.എ ഹാളില്‍ കതിര് കുടുംബ സംഗമം നടത്തി. കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി ഇ ഐ സി (ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍) യില്‍ ചികിത്സയിലുള്ള കുട്ടികളുടെ കുടുംബ സംഗമമാണ് കതിര്. കുടുംബ സംഗമം ആര്‍ട്ടിസ്റ്റ് പ്രണവ് ആലത്തൂര്‍ ഉദ്ഘാടനം ചെയ്തു. 

 

ജന്മനാ ഇരു കൈകളുമില്ലായിരുന്ന തന്നെ മാതാപിതാക്കള്‍ പുറം ലോകം കാണിച്ചില്ലായിരുന്നെങ്കില്‍ ഈയൊരു ആത്മവിശ്വാസത്തോടെ നിങ്ങളുടെ മുമ്പില്‍ ഇങ്ങനെ നില്‍ക്കാനാവില്ലായിരുന്നുവെന്ന്് പ്രണവ് പറഞ്ഞു. മാതാപിതാക്കളുടെയും അധ്യാപകരുടെയും പിന്തുണയോട് കൂടിയാണ് ഈ നിലയില്‍ എത്തിയത്. ഇരു കൈകളും ഉണ്ടായിട്ടും ചിത്രം വരയ്ക്കാന്‍ കഴിയാത്തവരായി എത്രയോ പേരുണ്ട്. അവരില്‍ നിന്നും വ്യത്യസ്തമായി നന്നായി ചിത്രം വരയ്ക്കാന്‍ കഴിയുന്നുണ്ട്. ചെറുപ്പം മുതലേ സ്‌കൂളുകളിലെ എല്ലാ പരിപാടികള്‍ക്കും മത്സരിക്കുന്നത് ഒരു ഹരമായിരുന്നു. മത്സരങ്ങളില്‍ പങ്കെടുത്ത് വൈകല്യങ്ങളെ മറികടക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രണവ് പറഞ്ഞു. വൈകല്യം ഒരു കുറവല്ല കുട്ടികളിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്. വീട്ടുകാര്‍ ഇന്നുവരെ  ആഗ്രഹങ്ങള്‍ക്ക് നോ പറഞ്ഞിട്ടില്ല. ഇപ്പോള്‍ ഡിഗ്രി കഴിഞ്ഞ് ജോലി തേടുകയാണെന്നും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നല്ല പ്രോത്സാഹനം ലഭിച്ചിട്ടുണ്ടെന്നും പ്രണവ് ആലത്തൂര്‍ പറഞ്ഞു. പ്രണവ് കാല്‍ കൊണ്ട് ചിത്രം വരച്ചാണ് കതിര് കുടുംബസംഗമം ഉദ്ഘാടനം ചെയ്തത്.

 

ആസ്റ്റര്‍ വളണ്ടിയേഴ്‌സ് കുട്ടികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണവും പാരഗണ്‍ ഗ്രൂപ്പ് ഉച്ചഭക്ഷണവും നല്‍കി. തുടര്‍ന്ന് കലാ പരിപാടികള്‍ അരങ്ങേറി. അഡീഷണല്‍ ഡി എം ഒ ഡോ. ആശാ ദേവി അധ്യക്ഷത വഹിച്ചു .

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ .നവീന്‍ എ. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ .മോഹന്‍ദാസ്.ടി, ഗവ .ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ .ഉമ്മര്‍ ഫാറൂഖ്, ഡെ.സൂപ്രണ്ട് ഡോ. സച്ചിന്‍ ബാബു

ഐ എം എ പ്രസിഡന്റ് ഡോ. അനില്‍ എന്‍ കുട്ടി, ഡോ അഷ്‌റഫ് ടി പി, ഡോ .വിജയന്‍,  പി .ഡി ഇ ഐ സി മാനേജര്‍ അജീഷ് ടി തുടങ്ങിയവര്‍ പങ്കെടുത്തു

 

 

 

 

തൊഴില്‍രഹിത വേതനം; പാസ്ബുക്ക് ഹാജരാക്കണം

 

 

 

 

തൊഴില്‍രഹിത വേതന വിതരണം ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് മുഖേന മാത്രം നടത്തുന്നതിനാല്‍ നിലവില്‍ തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്കുമായി ഡിസംബര്‍ 31 നകം അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

 

 

 

യോഗ ഇന്‍സ്ട്രക്ടര്‍ അഭിമുഖം 11 ന് 

 

 

കോഴിക്കോട്. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തും. വിശദ

വിവരങ്ങള്‍ക്ക് ആരോഗ്യകേരളത്തിന്റെ WWW.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍. ഡിസംബര്‍ 11 ന്  ഉച്ചക്ക് 2 മണിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം സിവില്‍ സ്റ്റേഷനിലുള്ളനാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഓഫീസില്‍ എത്തണം. 

 

 

 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

 

മേപ്പയൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  സ്‌കൂളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നിഷ്യന്‍(OFT) ലാബിലേക്  ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിതരണം ചെയ്യേണ്ട ലാബ് ഉപകരണങ്ങളുടെ വിശദമായ പട്ടിക സ്‌കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ , ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, മേപ്പയൂര്‍, കോഴിക്കോട് -673524  എന്ന വിലാസത്തില്‍ 

ഡിസംബര്‍ 20 ന് വൈകീട്ട് 3 മണിക്കകം ടെന്‍ഡര്‍ ലഭിക്കണം. 

 

 

 

കെഎഎസ് പ്രത്യേക പരിശീലനം ആരംഭിച്ചു

 

 

 

കോഴിക്കോട് സി.സി.എം.വൈ സെന്ററില്‍ കെ.എ.എസ് പ്രത്യേക പരിശീലനം ആരംഭിച്ചു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. എം. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.  പ്രൊഫസര്‍ നൗഷാദ് വെങ്ങാടന്‍ ഇന്ത്യന്‍ എക്കണോമി & പ്ലാനിങ്ങ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. നസീറാ വെള്ളങ്ങാട്ട്, എന്‍.കെ. ഷാഹിദ, മദ്രസാ ക്ഷേമനിധി ബോഡ് മാനേജര്‍ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. 40 ദിവസം നീണ്ടു നില്‍ക്കുന്ന കോഴ്സ് പൂര്‍ണമായും സൗജന്യമാണ്. ഫെബ്രുവരി 10ന് കോഴ്സ് അവസാനിക്കും.

 

 

 

എംആര്‍എഫ് സെന്റര്‍; സ്ഥലം നല്‍കാന്‍ തയ്യാറായവര്‍ അറിയിക്കണം

 

 

 

മേലടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ എംആര്‍എഫ് സെന്റര്‍ സ്ഥാപിക്കുന്നതിനായി റോഡ് സൗകര്യമുള്ള  15 സെന്റില്‍ കുറയാത്ത സ്ഥലം സൗജന്യമായോ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിലോ വിട്ടുനല്‍കാന്‍ തയ്യാറുള്ളവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ അറിയിക്കണം. ഫോണ്‍ 0496-2602031.

 

 

 

 

പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗൈഡന്‍സ് പരിശീലനം 

 

 

 

കോഴിക്കോട് ജില്ലയിലെ പ്ലസ് വണ്‍, പ്ലസ് ടു വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്കുള്ള കരിയര്‍ ഗൈഡന്‍സ് പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കില്‍ ഡവലപ്മെന്റ് സെന്ററാണ് പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഡയറക്റ്റര്‍ പ്രൊഫ. കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഹേമപാലന്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സെയ്ദ് നയീം, കെ. വിജയന്‍, ഷൈമ സി ചേവണ്ടേരി എന്നിവര്‍ സംസാരിച്ചു. കരിയര്‍ ഗൈഡന്‍സിനോടൊപ്പം വ്യക്തിത്വവികാസം, ആത്മവിശ്വാസം, പോസിറ്റീവ് തിങ്കിംഗ് തുടങ്ങിയ മൃദു നൈപുണ്യവികസനവും ഉള്‍പ്പെട്ടതാണ് പരിശീലനം. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന അടുത്ത പരിശീലനം ജനുവരി നാലിന് നടക്കും.  

 

 

 

എയ്ഡഡ് സ്‌കൂളില്‍ അഡ്മിഷന് തലവരി പണം വാങ്ങുന്നത് അവസാനിപ്പിക്കണം - താലൂക്ക് വികസന സമിതി

 

 

 

കോഴിക്കോട് നഗരത്തിലെ എയ്ഡഡ് സ്‌കൂളുകളില്‍ അഡ്മിഷന് വിദ്യാര്‍ത്ഥികളില്‍ നിന്നും തലവരി പണം ഈടാക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന് കോഴിക്കോട് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. താഴെക്കോട് വില്ലേജിന്റെ പഴയ കെട്ടിടം പൊളിച്ച് ഹൈടെക് വില്ലേജ് ഓഫീസ് നിര്‍മ്മിക്കണമെന്നും തകര്‍ന്നുതരിപ്പണമായ റോഡുകള്‍ യഥാസമയം അറ്റകുറ്റപണി നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഫാര്‍മസി കോഴ്സ് പാസാകാത്തവര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് വിതരണം നടത്തുന്നത് കണ്ടുപിടിച്ച് തടയണം. റേഷന്‍ കടകളിലെ പച്ചരിക്ഷാമം പരിഹരിക്കണം. നഗരത്തിലെ ജ്യൂസ് കടകള്‍, ഫ്രൂട്ട്സ് സ്റ്റാളുകള്‍, മീന്‍ മാര്‍ക്കറ്റ് എന്നിവ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പരിശോധിക്കണമെന്നും മാങ്കാവ് മൈതാനത്തിനടുത്തുള്ള ശുചി മുറി പ്രവര്‍ത്തനക്ഷമമാക്കണമെന്നും  വാട്ടര്‍ വൈദ്യുത കണക്ഷന്‍ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും രാമനാട്ടുകര, വെങ്ങളം ബൈപ്പാസ് റോഡിനരികില്‍ മാലിന്യ നിക്ഷേപം നടത്തുന്നത് തടയണം ഡോക്ടര്‍മാരുടെ കുറിപ്പടി ഇല്ലാതെ മെഡിക്കല്‍ സ്റ്റോറുകളിലൂടെ മരുന്ന് വിതരണം നടത്തുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു.

 

തഹസില്‍ദാര്‍ പി ശുഭന്‍, കെ.പി കൃഷ്ണന്‍കുട്ടി, കെ മോഹനന്‍, എന്‍ സഖീഷ് ബാബു, സി.പി കുമാരന്‍, എന്‍.വി ബാബുരാജ്, ഇയ്യക്കുന്നത്ത് നാരായണന്‍, പി മുഹമ്മദ്, അസീസ് മണലൊടി, ടി മുഹമ്മദാലി, സി.പി ഉസ്മാന്‍ കോയ എന്നിവരും വിവിധ ഉദ്യോഗസ്ഥപ്രതിനിധികളും സംസാരിച്ചു.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു 

 

 

വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിതരണ കേന്ദ്രത്തില്‍ ഒഴിവുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നതിനായി 11 മാസത്തേക്ക് ലൈസന്‍സിന് അനുമതി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാനിക്കുന്ന തീയതി ഡിസംബര്‍ 17 ന് രാവിലെ 11 മണി.       

 

 

 

നോര്‍ക്ക റുട്ട്‌സ് വഴി എന്‍ജിനീയര്‍മാര്‍ക്ക് ബ്രൂണെയിലേയ്ക്ക് തൊഴിലവസരം

 

 

 

പുതിയ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്‌സ് നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവയ്ക്ക് പുറമേ അധ്യാപകര്‍, എന്‍ജിനീയര്‍മാര്‍ മറ്റ് സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവരുടെ റിക്രൂട്ട്‌മെന്റും നടത്തും. മാലിദ്വീപിലേക്ക് നഴ്‌സുമാരുടെ നിയമനത്തിന് പുറമെ അധ്യാപക നിയമനത്തിനും അവസരം ഒരുങ്ങുന്നു. പ്രമുഖ ദക്ഷിണേഷ്യന്‍ വികസിത രാജ്യമായ ബ്രൂണെയിലെ പ്രകൃതി വാതക കമ്പനിയായ സെറിക്കാണ്ടി ഓയില്‍ ഫീല്‍ഡ് സര്‍വീസിലേയ്ക്ക് ഇന്ത്യയില്‍ നിന്ന് നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം നടത്തും. എന്‍ജിനീയറിംഗില്‍ ബിരുദം/ ഡിപ്ലോമയും പെട്രോളിയം പ്രകൃതി വാതകമേഖലയില്‍ (on shore, off shore) നിശ്ചിത പ്രവൃത്തി പരിചയവുമുള്ള വിദഗ്ധരായ എന്‍ജിനീയര്‍മാരില്‍ നിന്നും  ടെക്‌നീഷ്യന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദ വിരങ്ങള്‍ക്കും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും  www.norkaroots.org സന്ദര്‍ശിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി  ഡിസംബര്‍ 21. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447339036 (രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ), ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

 

 

 

സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ല

 

 

 

സാങ്കേതിക കാരണങ്ങളാല്‍ ഡിസംബര്‍ 26, ജനുവരി മൂന്ന് തീയതികളില്‍ നോര്‍ക്ക റൂട്ട്‌സിന്റെ എറണാകുളം മേഖല ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുന്നതല്ലെന്ന് എറണാകുളം സെന്റര്‍ മാനേജര്‍  അറിയിച്ചു. തൃശൂര്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 12 നും,  കോട്ടയം കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ 27 നും സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കും. അപേക്ഷകര്‍ ഓണ്‍ലൈനായി http://202.88.244.146.8084/norka എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ 0484- 2371810, 2957099.

 

 

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ- ലൈസന്‍സ് റദ്ദാക്കി

 

 

 

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ വിതരണം ചെയ്ത മോരിക്കര കാളിക്കടവ് റോഡ് സായ് ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ് റദ്ദാക്കി. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് കോഴിക്കോട് ജില്ലയില്‍ 451 പരിശോധനകള്‍ നടത്തുകയും നിയമവ്യവസ്ഥകള്‍ ലംഘിച്ച 184 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. 123 സര്‍വെയ്ലന്‍സ് സാമ്പിളുകളും 61 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. 38 സിവില്‍ കേസുകളും 16 കിമിനല്‍ കേസുകളും ഫയല്‍ ചെയ്തു. ആര്‍ഡിഒ കോടതി വിവിധ കേസുകളിലായി 73000 രൂപ പിഴ വിധിച്ചു. വിവിധ സ്ഥാപനങ്ങളില്‍ നിന്നായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിണര്‍ 2,14000 രൂപ പിഴ ഈടാക്കി. ഗുണനിലവാരം കുറഞ്ഞതോ മിസ്ബാന്‍ഡഡ് ആയതോ സുരക്ഷിതമല്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കളുടെ വിപണനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിണര്‍ അറിയിച്ചു. മെമ്മറീസ് 94, എവര്‍ഗ്രീന്‍, കെപിഎസ് ഗോള്‍ഡ്, കേരറാണി, കേരക്രിസ്റ്റല്‍ തുടങ്ങിയ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ നിര്‍മ്മാണം, വിതരണം, വില്‍പന എന്നിവ ജില്ലയില്‍ നിരോധിച്ചു.

date