Skip to main content

ഫാസ്റ്റ് ടാഗ്: പാലിയേക്കരയിൽ പ്രദേശവാസികൾക്ക് ഇളവ് അനുവദിക്കണമെന്ന് റോഡ് സേഫ്റ്റി കമ്മിറ്റി

പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ പത്ത് കിലോമീറ്റർ ചുറ്റളളവിൽ താമസിക്കുന്ന പ്രാദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിർത്തണമെന്ന് പാർലമെന്ററി റോഡ് സേഫ്റ്റി കമ്മിറ്റിയുടെ നിർദ്ദേശം. യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ടി എൻ പ്രതാപൻ എംപിയാണ് ഈ ആവശ്യം ഉന്നയിച്ചത്. ഫാസ്റ്റ് ടാഗ് സമ്പ്രദായത്തിലേക്ക് ടോൾപ്ലാസ പൂർണ്ണമായും മാറുന്നതോടെ പ്രദേശവാസികൾക്ക് നേരിടുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണിത്. ഇതിനായി രണ്ട് ട്രാക്കുകൾ തുറന്നു കൊടുക്കണമെന്നും എംപി ആവശ്യപ്പെട്ടു. ഫാസ്റ്റ് ടാഗിലേക്ക് മാറാത്ത ശബരിമല തീർത്ഥാടകർക്കായി ടോൾ പ്ലാസയുടെ ഇരുവശത്തുമായി രണ്ട് ട്രാക്കുകൾ ഉണ്ടാകുമെന്ന് ടോൾ പ്ലാസ അധികൃതർ യോഗത്തെ അറിയിച്ചു. ടോൾ പ്ലാസ ഫാസ്റ്റ് ടാഗിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 13 ന് ജില്ലയിലെ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും ഉന്നതലയോഗം ചേരും. ബസ് ബേ സൗകര്യമുളള സ്റ്റോപ്പുകളിൽ ബസുകൾ അവിടങ്ങളിൽ തന്നെ നിർത്തണമെന്ന് യോഗം നിർദ്ദേശം നൽകി. തൃശൂർ വിമല കോളേജിന് സമീപം ഹോം ഗാർഡിനെ നിയമിക്കുന്നതിനും സ്പീഡ് ബ്രേക്കർ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു. ഒളരി സെന്ററിലെ റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സീബ്രാലൈനും സ്ഥാപിക്കും. തൃശൂർ റൗണ്ടിലെ സീബ്രാലൈനുകൾ ശാസ്ത്രീയമാണോ എന്ന് പഠിക്കാൻ റോഡ് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് ഇക്കാര്യം പരിശോധിക്കും. പുതുക്കാട് ബസ് സ്റ്റാൻഡിനോടടുത്ത് അപകട സാധ്യതയുളള മേഖലയിൽ ട്രാഫിക് പുന:സംവിധാനം പ്രത്യേകം പരിഗണിക്കും. ഇതിനായി മോട്ടോർ വാഹനവകുപ്പ്, ട്രാഫിക് പോലീസ്, കെഎസ്ആർടിസി എന്നീ വകുപ്പുകളെ ചുമതലപ്പെടുത്തി.
യോഗത്തിൽ ജില്ലാ കളക്ടർ എസ് ഷാനവാസ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ദേശീയപാത അതോറിറ്റി പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കാത്തതിനെതിരെ കേന്ദ്രമന്ത്രിക്ക് കത്ത് നൽകുമെന്ന് ടി എൻ പ്രതാപൻ എംപി അറിയിച്ചു

date