Skip to main content

അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ സഞ്ചരിക്കുന്ന റേഷന്‍ കട: മന്ത്രി പി. തിലോത്തമന്‍ 10 ന് ഉദ്ഘാടനം ചെയ്യും

 

 

അട്ടപ്പാടിയിലെ ഉള്‍പ്രദേശങ്ങളിലുള്ള ആദിവാസി ഊരുകളിലേക്ക് റേഷന്‍ എത്തിക്കുക ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന സഞ്ചരിക്കുന്ന റേഷന്‍ കടയുടെ ഉദ്ഘാടനം പത്തിന് രാവിലെ 11.30 ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി  പി. തിലോത്തമന്‍ നിര്‍വഹിക്കും. ആനവായ് ആദിവാസി കോളനിയില്‍ നടക്കുന്ന പരിപാടിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കക്ഷേമ, നിയമ പാര്‍ലമെന്ററി കാര്യ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷനാവും.

 

പുതൂര്‍ പഞ്ചായത്തിലെ ആനവായ് മേഖലയിലുള്ള മേലെ ആനവായ്, താഴെ ആനവായ്, ഗലസി, കടുക് മണ്ണ, മുരുകള, പാലപ്പട, കിണറ്റുകര, മേലെ തൊഡുക്കി , താഴെ തൊഡുക്കി, തുടങ്ങിയ ഊരുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഈ പ്രദേശങ്ങളിലെ 120 ഓളം കുടുംബങ്ങള്‍ക്ക്  20 കിലോമീറ്ററിലധികം വനപ്രദേശത്ത്കൂടെ സഞ്ചരിച്ചുവേണം റേഷന്‍ കടയില്‍ എത്താന്‍ ഇത്തരം  സാഹചര്യം ഒഴിവാക്കുകയും കൃത്യമായ സമയങ്ങളില്‍ റേഷന്‍ വീടുകളില്‍ എത്തിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

 

വനംവകുപ്പിന് കീഴിലുള്ള വനം വികസന ഏജന്‍സി മുഖേന ലഭ്യമാക്കുന്ന വാഹനങ്ങളില്‍ മാസത്തില്‍ മൂന്നു തവണയാണ് പ്രദേശങ്ങളിലേക്ക് റേഷന്‍ എത്തിക്കുക. ആദിവാസി പ്രമോട്ടര്‍മാര്‍ മുഖേന റേഷന്‍ നല്‍കുന്ന ദിവസങ്ങള്‍ ഊരുകളില്‍ അറിയിക്കുകയും താഴെ ആനവായ്, താഴെ ഭൂതയാര്‍ എന്നിവടങ്ങളില്‍ റേഷന്‍ എത്തിച്ച് അവിടെ നിന്നുമായിരിക്കും മറ്റു ഊരുകളിലേക്ക് വിതരണം ചെയ്യുക. ഇത്തരത്തിലുള്ള  ജില്ലയിലെ ആദ്യ സംരംഭമാണ് അട്ടപ്പാടിയിലേത്.

 

ഈപോസ് മെഷീന്‍ ഉപയോഗിക്കുന്നതിലെ സാങ്കേതിക പ്രശ്‌നങ്ങള്‍മൂലം പുസ്തകങ്ങളില്‍  എഴുതിയായിരിക്കും കണക്കുകള്‍ സൂക്ഷിക്കുക.  മുന്‍ഗണനാ വിഭാഗത്തില്‍ പെടുന്നവരായ ഇവിടങ്ങളിലെ ആളുകള്‍ക്ക് നിലവില്‍ എങ്ങനെയാണോ റേഷന്‍ വിഹിതം ലഭ്യമാകുന്നത് അതുപോലെ തന്നെയായിരിക്കും  സഞ്ചരിക്കുന്ന റേഷന്‍കട യിലൂടെയും റേഷന്‍ വിതരണം നടത്തുക.

 

വി.കെ. ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ ഡി. ബാലമുരളി എന്നിവര്‍ മുഖ്യാതിഥികളാകുന്ന  പരിപാടിയില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ.  ഭക്ഷ്യധാന്യ വിതരണോദ്ഘാടനം നിര്‍വഹിക്കും. ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ  അര്‍ജുന്‍ പാണ്ഡ്യന്‍, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാളിയമ്മ,  ജില്ലാ സപ്ലൈ ഓഫീസര്‍ കെ. അജിത് കുമാര്‍ , ആനവായ് ഊരു മൂപ്പന്‍ കക്കി മൂപ്പന്‍,  ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

 

date