Skip to main content

ലക്ഷ്യ' മെഗാ ജോബ് ഫെസ്റ്റ് ഇന്ന്  മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

 

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് സെന്റര്‍ സംഘടിപ്പിക്കുന്ന 'ലക്ഷ്യ' മെഗാ ജോബ് ഫെസ്റ്റ് ഇന്ന് (ഡിസംബര്‍ ഏഴ്) രാവിലെ ഒമ്പതിന് ചിറ്റൂര്‍ ഗവ. കോളേജില്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും .

ഇരുപതോളം സ്വകാര്യ കമ്പനികള്‍ തൊഴില്‍ മേളയില്‍ പങ്കെടുക്കും. ബാങ്കിംഗ്, ഐടി, അക്കൗണ്ടിംഗ്, ടീച്ചിംഗ് ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഡ്രൈവര്‍, കുക്ക്, സെക്യൂരിറ്റി മേഖലകളിലായി രണ്ടായിരത്തോളം ഒഴിവുകളാണുള്ളത്. എട്ടാം ക്ലാസ് മുതല്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി, ബി.ടെക്ക് യോഗ്യതയുള്ള 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് സഹിതം അന്നേദിവസം രാവിലെ ഒമ്പതിന് കോളേജില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്. ഫോണ്‍: 0491- 2505435.

 

സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ്: 'മരണക്കളി' അരങ്ങിലെത്തിച്ച് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്

 

സാംസ്‌കാരിക വകുപ്പിന്റെ വജ്ര ജൂബിലി ഫെല്ലോഷിപ്പിന്റെ ഭാഗമായി നാടകം  അരങ്ങിലെത്തിച്ച്  പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് . നാടക പ്രവര്‍ത്തകരായ അലിയാര്‍ അലി, സജിത്ത് ചെറുമകന്‍ എന്നിവരുടെ നേതൃത്വത്തില്‍ 'മരണക്കളി' എന്ന നാടകമാണ് പൊതു അവതരണത്തിനായി അരങ്ങില്‍ എത്തിയിരിക്കുന്നത്. തിരക്കഥാകൃത്തായ  പി. വി. ഷാജികുമാറിന്റെ 'കിടപ്പറസമരം' എന്ന കഥാസമാഹാരത്തിലെ ചെറുകഥകളുടെ സ്വതന്ത്ര നാടകാവിഷ്‌കാരമാണ് 'മരണക്കളി'. 'മരണക്കളി'യുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അലിയാര്‍ അലിയും അഭിനയ പരിശീലനം നല്‍കിയിരിക്കുന്നത് സജിത്ത് ചെറുമകനുമാണ്. ഭാരത് മാതാ സ്‌കൂള്‍ അധ്യാപകന്‍ ബിജു, ആശാവര്‍ക്കറും കുടുംബശ്രീ യൂണിറ്റ് അംഗവുമായ സുചിത്ര എന്നിവരാണ് 'മരണക്കളി'യില്‍ വേഷമിടുന്നത്. 

ജീവിച്ചിരിക്കെ തന്നെ മരിച്ചു പോകുന്ന, പ്രതികരണങ്ങളില്ലാത്ത  ജീവിതങ്ങളാണ് 'മരണക്കളി'യിലെ കഥാപാത്രങ്ങള്‍. നാലുചുമരുകള്‍ക്കുള്ളില്‍ മാത്രം ചിന്തിച്ച് മരിച്ചു പോകുന്നവരെ നാടകം അടയാളപ്പെടുത്തുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടാകുന്ന ഫോണ്‍ സംഭാഷണത്തിലൂടെയാണ് ഈ ആക്ഷേപഹാസ്യ നാടകം  മുന്നേറുന്നത്. സാധാരണ തീയേറ്റര്‍ ലൈറ്റുകള്‍ ഉപയോഗിക്കാതെ വീടുകള്‍ക്കുള്ളില്‍ ഉപയോഗിക്കുന്ന ട്യൂബ് ലൈറ്റ് ഉപയോഗിച്ചാണ് നാടകത്തില്‍ നജീബ് ദീപവിതാനം ഒരുക്കിയിരിക്കുന്നത്. എന്താണ് ജീവിതം? എന്താണ് മരണം? എന്നീ ചോദ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് നാടകം അവസാനിക്കുന്നത്. 

പുതുപ്പരിയാരം  ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ ആദ്യ അവതരണം നടത്തി. അത്ലറ്റ് നാടകവേദിയുടെ  സഹകരണത്തോടെ ഡിസംബര്‍ 15ന് ചെമ്പൈ സംഗീത കോളേജിലെ എം. ഡി. രാമനാഥന്‍ ഹാളില്‍ വൈകിട്ട് ആറിന് പൊതുജനങ്ങള്‍ക്കായി അവതരിപ്പിക്കും. ഒരു വര്‍ഷമായി ആഴ്ചയില്‍ നാലു ദിവസമാണ് നാടക പരിശീലനം നടക്കുന്നത്. പ്രതിമാസം 10,000 രൂപയാണ് ഫെല്ലോഷിപ്പ് ആയി സാംസ്‌കാരികവകുപ്പ് കലാകാരന്മാര്‍ക്ക് നല്‍കുന്നത് . ബ്ലോക്ക് പഞ്ചായത്തുകളുടെ മേല്‍ നോട്ടത്തിലാണ് ഫെല്ലോഷിപ്പ് ഉപയോഗിച്ചുള്ള കലാ പരിശീലനം നടക്കുന്നത്. മലമ്പുഴ ബ്ലോക്കിന് കീഴില്‍ ആറ് പഞ്ചായത്തുകളിലാണ് നാടക പരിശീലനം മുന്നേറുന്നത്.

date