Skip to main content

ജില്ലിയിലെ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി: വാര്‍ഡ്തല പരിശീലനങ്ങള്‍ക്ക് 13ന് തുടക്കമാകും

ജില്ലിയിലെ ക്യാന്‍സര്‍ നിയന്ത്രണ പദ്ധതി: വാര്‍ഡ്തല പരിശീലനങ്ങള്‍ക്ക് 13ന് തുടക്കമാകും

കാക്കനാട്: ജില്ലയിലെ വിവിധ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷന്മാരുടെയും യോഗം ചേര്‍ന്നു. ജില്ലയില്‍ നടപ്പിലാക്കുന്ന സംയോജിത ക്യന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ വാര്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തല്‍, 2020- 2021 വാര്‍ഷിക പദ്ധതി രൂപീകരണം, കോഴിക്കോട് മാതൃകയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം എന്നീ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചചെയ്തു. ട്രഷറി നിയന്ത്രണം നിലവിലുണ്ടെങ്കിലും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിലും ബില്ലുകള്‍ സമര്‍പ്പിക്കുന്നതിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ താമസം വരുത്തരുതെന്ന്് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് പറഞ്ഞു. അടുത്തമാസം ആറിന് തദ്ദേശഭരണ വകുപ്പ്് മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അവലോകന യോഗം ചേരുമെന്നും ജി്ല്ലാ പഞ്ചായത്ത് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു.

സമഗ്ര ക്യാന്‍സര്‍ നിയന്ത്രണ പദ്ധതിയുടെ വാര്‍ഡ് തല  ക്ലാസ്സുകളുടെ ഉദ്ഘാടനം ഈ മാസം 13ന് വടുവുകോട് പുത്തന്‍കുരിശ്ശ് പഞ്ചായത്തില്‍ നടക്കും. ജില്ലയിലെ അറവുശാലകളില്‍ നി്ന്ന് കോഴിമാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിച്ച് മൃഗങ്ങള്‍ക്കുള്ള തീറ്റയുല്‍പന്നമാക്കി മാറ്റുന്ന പദ്ധതിയുടെ വിശകലനം യോഗത്തില്‍ നടന്നു. പദ്ധതിക്ക് സ്ഥലം ലഭ്യമാക്കാന്‍ തയ്യാറാണെന്ന് പിറവം മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ സാബു കെ. ജേക്കബ് അറിയിച്ചു.

തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ'  എന്ന പേരില്‍ നടപ്പിലാക്കുന്ന നീര്‍ച്ചാലുകളുടെയും ജലസ്രോതസ്സുകളുടെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. 2020- 2021 വാര്‍ഷിക പദ്ധതിയുടെ വിശദീകരണവും  തദ്ദേശഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കേണ്ട  ദുരന്തനിവാരണ പദ്ധതികളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഒരു സംഘത്തെ സജ്ജമാക്കണമെന്നും അടുത്ത വര്‍ഷം മാര്‍ച്ച്് 14നകം പദ്ധതിക്ക് അംഗീകാരം നേടണമെന്നും യോഗം നിര്‍ദ്ദേശിച്ചു. 

യോഗത്തില്‍  ജില്ലാ കളക്ടര്‍ എസ്. സുഹാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗങ്ങളായ  സി. കെ അയ്യപ്പന്‍കുട്ടി, സോന ജയരാജ്, സരള മോഹന്‍, കൊച്ചി ക്യാന്‍സര്‍ സെന്റെര്‍ ഡയറക്ടര്‍ ഡോ. മോനി എബ്രഹാം കുര്യാക്കോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സവിത എന്നിവര്‍ പങ്കെടുത്തു.

date