Skip to main content

വനിതാ കമ്മീഷൻ മെഗാ അദാലത്ത്; 18 പരാതികൾ തീർപ്പായി

കാക്കനാട്: സെസ്- പ്രത്യേക സാമ്പത്തീക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സ്ത്രീ തൊഴിലാളികൾക്ക് നേരെ തൊഴിലിട പീഢനങ്ങൾ വർധിക്കുകയാണെന്ന് വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന വനിതാ കമ്മീഷൻ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇവിടുത്തെ വിവിധ കമ്പനികൾക്കെതിരെ പരാതികളുമായി സ്ത്രീ തൊഴിലാളികൾ കമ്മീഷന് മുന്നിലെത്തുന്നുണ്ട്. സ്ത്രീകളുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നതോടൊപ്പം ശാരീരിക-മാനസീക പീഢനങ്ങളും ഏറി വരുന്നുണ്ട്. ഇക്കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണം.  കമ്പനികളിലെ സ്ത്രീ തൊഴിലാളികളുടെ അവസ്ഥ നേരിൽ മനസിലാക്കുന്നതിന് നേരിൽ സന്ദർശിക്കും.  വ്യക്തിയുടെ സ്വതന്ത്ര തീരുമാനങ്ങളിൽ സമൂഹം ഇടപെടുന്നത് വർധിച്ച് വരികയാണ്. പ്രണയ വിവാഹങ്ങളിൽ അടുത്തിടെയുണ്ടാകുന്ന സംഭവങ്ങൾ ഇതാണ് കാണിക്കുന്നത്. വ്യക്തിയുടെ ഭരണഘടനാ ദത്തമായ അവകാശങ്ങൾ അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അദാലത്തിൽ 84 പരാതികൾ പരിഗണിച്ചു. ഇതിൽ 18 പരാതികൾ തീർപ്പാക്കി. 7 പരാതികളിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ട്  തേടി. 59 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പെരുമ്പാവൂർ മേഖലയിലെ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികമാർ പി.റ്റി.എ ക്കെതിരെ നൽകിയ പരാതിയിൽ ഡി. ഇ.ഒ യോട് റിപ്പോർട്ട് തേടി. പി.റ്റി.എ അനാവശ്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നെന്നാണ് അധ്യാപികമാരുടെ പരാതി. ഭർത്താവിന്റെ സഹോദരനായ അഭിഭാഷകൻ ഉപദ്രവിക്കുന്നതായ പരാതിയുമായെത്തിയ യുവതിയോട് ഇക്കാര്യത്തിൽ കോടതി വഴി തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. കാലടി പ്ലാന്റേഷനിലെ ഫാം ഹൗസ് നടത്തിപ്പുകാരനെതിരെ സമീപത്ത് താമസിക്കുന്ന കുടുംബത്തിലെ സ്ത്രീകൾ നൽകിയ പരാതിയിൽ അടിയന്തിരമായി കേസെടുക്കാൻ കാലടി സി.ഐ.ക്ക് നിർദ്ദേശം നൽകി. വീട് നിർമ്മാണത്തിന് കരാറെടുത്ത വ്യക്തി പണം വാങ്ങിയ ശേഷം കബളിപ്പിച്ചതായ വിധവയുടെ പരാതിയിൽ വാങ്ങിയ പണം അടുത്ത അദാലത്തിൽ തിരിച്ച് നൽകാൻ നിർദ്ദേശം നൽകി. കമ്മീഷനംഗം അഡ്വ.ഷിജി ശിവജി, ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവരും അദാലത്തിൽ പങ്കെടുത്തു.

date