Skip to main content

ദുരന്തമുഖത്തേക്ക് സന്നദ്ധരാവാന്‍  ജില്ലാ പഞ്ചായത്തിന്റെ റെസ്‌ക്യൂ മിഷന്‍

 

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ദുരന്തനിവാരണ സേനയായ റെസ്‌ക്യൂ മിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രാമപഞ്ചായത്തിലും സേവന സന്നദ്ധതയും കാര്യശേഷിയുമുള്ള 25 പേരെയാണ് റെസ്‌ക്യൂ മിഷനിലേക്ക് തെരഞ്ഞെടുക്കുക. 1750 പേരടങ്ങുന്ന സേനയായി ജില്ലയാകെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് തീരുമാനം. സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങള്‍ക്ക് ഓരോ ബ്ലോക്ക് പഞ്ചായത്തുകളിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കും. ഏത് ദുരന്തമുഖത്തും പകച്ചുനില്‍ക്കാകെ ശക്തമായി പ്രവര്‍ത്തനം നടത്തുകയാണ് സേനയുടെ ലക്ഷ്യം. 

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, വാഹനാപകടം തുടങ്ങി എല്ലാ ഘട്ടങ്ങളിലും മിഷന്റെ സഹായം ലഭ്യമാകും. ഇത്തരം ഘട്ടങ്ങളില്‍ അടിയന്തിര പ്രാധാന്യത്തോടു കൂടി ഇടപെട്ട് മനുഷ്യജീവന്‍ രക്ഷിച്ചെടുക്കാന്‍ പറ്റാവുന്ന വിവിധ ഉപകരണങ്ങള്‍ കൈവശമുള്ളവരുടെ (ജെസിബി, ട്രീ കട്ടര്‍, കയര്‍, മഴു, ജനറേറ്റര്‍, ഏണി) മേല്‍വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്ന ഡയറക്ടറി തയ്യാറാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യും. ഇത്തരം ഉപകരണങ്ങള്‍ കൈവശമുള്ളവരുടെ യോഗങ്ങള്‍ പഞ്ചായത്ത് തലത്തില്‍ വിളിച്ചു ചേര്‍ത്ത് സേവനങ്ങള്‍ക്ക് അവരുടെ പങ്കാളിത്തം കൂടെ ഉറപ്പു വരുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി അംഗങ്ങളായ മുക്കം മുഹമ്മദ്, പി.കെ സജിത, സെക്രട്ടറി വി ബാബു, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date