Skip to main content

ജില്ലയിൽ റോട്ടവൈറസ് വാക്സിനേഷൻ ആരംഭിച്ചു

ദേശീയ പ്രതിരോധ ചികിത്സ പരിപാടിയുടെ ഭാഗമായി ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന റോട്ടവൈറസ് വാക്സിനേഷൻ ജനറൽ ആശുപത്രി പീഡിയാട്രിക് വാർഡിൽ തൃശൂർ നഗരസഭാ മേയർ അജിത വിജയൻ ആറ് ആഴ്ച്ച പ്രായമുള്ള കുഞ്ഞിന് നൽകി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.എൽ റോസി സന്ദേശം നൽകി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വി കെ മിനി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. കെ ഉണ്ണികൃഷ്ണൻ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ . ടി.പി ശ്രീദേവി എന്നിവർ പങ്കെടുത്തു.
കുഞ്ഞുങ്ങളിൽ പ്രത്യേകിച്ച് ഒരു വയസ്സിനു താഴെയുള്ളവരിൽ കാണുന്ന റോട്ടവൈറസ് മൂലമുള്ള വയറിളക്കരോഗം തടയുന്നതിനാണ് ഈ വാക്സിൻ നൽകുന്നത്. 6 ആഴ്ച, 10 ആഴ്ച, 14 ആഴ്ച എന്നീ പ്രായങ്ങളിൽ വായിലൂടെ മൂന്ന് ഡോസ് ആയാണ് ഈ വാക്സിൻ നൽകുന്നത്. ദേശീയ പ്രതിരോധ ചികിത്സ പട്ടികയിലെ മറ്റു വാക്സിനുകളെ പോലെത്തന്നെ റോട്ടാവൈറസ് വാക്സിനും എല്ലാ സർക്കാർ ആശുപത്രികളിലും പൂർണ്ണമായും സൗജന്യമായിത്തന്നെയാണ് നൽകുന്നത്.
റോട്ട വൈറസ് സാംക്രമിക സ്വഭാവമുള്ള ഒരു വൈറസ്സാണ്. ഇത് കുഞ്ഞുങ്ങളിൽ വയറിളക്കം ഉണ്ടാക്കുന്നു. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ വെള്ളത്തിന്റെയും ലവണങ്ങളുടെയും കുറവ് സംഭവിക്കുകയും നിർജ്ജലീകരണം മൂലം മരണം വരെ സംഭവിക്കുകയും ചെയ്യാം. റോട്ടവൈറസ് സംക്രമണത്തിൽ കടുത്ത വയറിളക്കത്തോടൊപ്പം പനിയും ഛർദ്ദിയും ഉണ്ടാകാം. ചിലപ്പോൾ വയറു വേദനയും അനുഭവപ്പെട്ടെന്നു വരാം. വയറിളക്കവും മറ്റു ലക്ഷണങ്ങളും 3 മുതൽ 7 ദിവസം വരെ തുടരാം. മനുഷ്യ വിസർജ്ജ്യത്തിലൂടെയാണ് സാധാരണ ഗതിയിൽ റോട്ടവൈറസിന്റെ പകർച്ചരീതി. തുറസ്സായ മലവിസർജ്ജനം, മലിനജലം, മലിനമായ ഭക്ഷണം, അണുബാധയുള്ള മറ്റു വസ്തുക്കൾ തുടങ്ങിയവ ഇവയുടെ വ്യാപനത്തിലേക്ക് കാരണമാകുന്നു. കൈകളിലും ഉറപ്പുള്ള പ്രതലങ്ങളിലും വൈറസ്സിന് മണിക്കൂറുകൾ ജീവിക്കാനാകും. റോട്ട വൈറസ്സ് സംക്രമണവും വയറിളക്കവും വർഷത്തിൽ ഏത് സമയത്തും ഉണ്ടാകാം. എന്നാലും തണുപ്പ് കാലത്തതാണ് ഇതിന്റെ സംക്രമണം കൂടുതൽ.

date