Skip to main content
മീര്‍ മുഹമ്മദലിയുടെ'നിങ്ങള്‍ എന്റെ നാട് കണ്ടിട്ടുണ്ടോ' മികച്ച പരസ്യ ചിത്രം

മീര്‍ മുഹമ്മദലിയുടെ'നിങ്ങള്‍ എന്റെ നാട് കണ്ടിട്ടുണ്ടോ' മികച്ച പരസ്യ ചിത്രം

മുന്‍ ജില്ലാ കലക്ടറും ശുചിത്വ മിഷന്‍ ഡയരക്ടറുമായ മീര്‍ മുഹമ്മദലി സംവിധാനം ചെയ്ത നിങ്ങള്‍ എന്റെ നാട് കണ്ടിട്ടുണ്ടോ എന്ന ഹ്രസ്വചിത്രം എട്ടാമത് മുംബൈ ഷോര്‍ട്സ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച പരസ്യചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ മാറ്റുരയ്ക്കുന്ന പ്രശസ്തമായ ഹ്രസ്വചിത്ര മേളയിലെ പ്രൊഡക്ഷന്‍ വിഭാഗത്തിലാണ് ഡിടിപിസി നിര്‍മിച്ച ഹാവ് യു സീന്‍ മൈ ഹോം എന്ന പരസ്യ ചിത്രം അവാര്‍ഡിന് അര്‍ഹമായത്.
കണ്ണൂര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതാണ് മീര്‍ മുഹമ്മദലി ജില്ലാ കലക്ടറായിരുന്നപ്പോള്‍ നിര്‍മിച്ച പ്രൊമോഷനല്‍ വീഡിയോ. അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ഥ്യമായ പശ്ചാത്തലത്തിലാണ് ജില്ലയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ പരസ്യവീഡിയോ തയ്യാറാക്കിയത്.
ജില്ലയിലെ വിശാലമായ കടല്‍ത്തീരങ്ങള്‍, ഇടതൂര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍, മനോഹരമായ കായലുകള്‍, സമ്പന്നമായ ചരിത്ര-പൈതൃകങ്ങള്‍, കൊതിയൂറും ഭക്ഷണം തുടങ്ങി സന്ദര്‍ശകരുടെ കണ്ണും മനസ്സും കുളിര്‍പ്പിക്കുന്ന അനുഭവങ്ങള്‍ മനോഹരമായി ചിത്രീകരിക്കുന്നതാണ് രണ്ടു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ. കൗമാരക്കാരന്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന രീതിയില്‍ തയ്യാറാക്കിയ ഈ പരസ്യചിത്രത്തില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ശിവയാണ് അഭിനയിച്ചിരിക്കുന്നത്.  അന്‍ഷാദ് കരുവഞ്ചാല്‍ പ്രൊജക്ട് ഡിസൈനറും ജിതീഷ് ജോസ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുമായാണ് മീര്‍ മുഹമ്മദലിയുടെ ആദ്യ സംവിധാന സംരംഭമായ ഹാവ് യു സീന്‍ മൈ ഹോം ഒരുക്കിയിരിക്കുന്നത്. മലയാളത്തിനു പുറമെ, ഹിന്ദി, ഇംഗ്ലീഷ്, അറബി, സ്പാനിഷ് തുടങ്ങി എട്ട് ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമാപിച്ച മുംബൈ ഷോര്‍ട്സില്‍ ആസ്ത്രേലിയന്‍ ഹ്വസ്വചിത്രമായ ദി ടണ്‍ മികച്ച ചിത്രമായും ജര്‍മനിയില്‍ നിന്നുള്ള ബില്‍ഡിംഗ് ബ്രിഡ്ജസ് മികച്ച ഡോക്യുമെന്ററിയായും തെരഞ്ഞെടുക്കപ്പെട്ടു.
പരസ്യചിത്രത്തിന് ലഭിച്ച അവാര്‍ഡിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള ആളുകള്‍ക്ക് കണ്ണൂരിനെ കുറിച്ച് കൂടുതലറിയാന്‍ വഴിയൊരുങ്ങുമെന്ന് പ്രത്യാശിക്കുന്നതായി മീര്‍ മുഹമ്മദലി പറഞ്ഞു. കണ്ണൂരിലായിരിക്കുമ്പോഴാണ് മനോഹരമായ പല കാര്യങ്ങളും ജീവിതത്തിലാദ്യമായി ചെയ്യാനും അനുഭവിക്കാനും അവസരം ലഭിച്ചത്. ആദ്യമായി കയാക്കിംഗ് നടത്തിയതും കടലിലും പുഴയിലും നീന്തിയതുമെല്ലാം കണ്ണൂരില്‍ വച്ചായിരുന്നു. അതുപോലൊരു ആഹ്ലാദകരമായ അനുഭവമായിരുന്നു ആദ്യമായി ഒരു പരസ്യചിത്രം ചെയ്തപ്പോള്‍ ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരിലെ കാഴ്ചകള്‍ക്കൊപ്പം ശിവയുടെ അഭിനയവും സൂര്യയുടെ ശബ്ദവും ചിത്രത്തെ മികച്ചതാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം പറഞ്ഞു.

date