Skip to main content

മൂന്നുകോടി രൂപയുടെ പദ്ധതികള്‍ വിജയം; ഉഴവൂരില്‍ പ്രതിദിന പാലുത്പാദനം 19500 ലിറ്റര്‍

 

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍  ക്ഷീരമേഖലയുടെ വികസനത്തിന് തദ്ദേശ സ്ഥാപനങ്ങളും ക്ഷീര വികസന വകുപ്പും നടപ്പാക്കി വരുന്ന മൂന്നു കോടി രൂപയുടെ വികസന പദ്ധതികള്‍ വിജയപാതയില്‍. 19500 ലിറ്റര്‍ പാലാണ് ക്ഷീര സംഘങ്ങളില്‍  ദിവസവും സംഭരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന  2.45 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കി വരുന്നത്. പാലിന് സബ്സിഡിയായി ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തും അഞ്ച് ഗ്രാമപഞ്ചായത്തുകളും 102.5 ലക്ഷം രൂപ കര്‍ഷകര്‍ക്ക് നല്‍കി. സംഘങ്ങളില്‍ പാല്‍ നല്‍കുന്നവര്‍ക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയ 35 ലക്ഷത്തിന്‍റെയും ഒന്‍പത് ഗ്രാമപഞ്ചായത്തുകള്‍ വകയിരുത്തിയ 55.5 ലക്ഷം രൂപയുടെയും പദ്ധതികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. ജില്ലാ പഞ്ചായത്തിന്‍റെ ക്ഷീരവര്‍ധിനി പദ്ധതിയില്‍ റിവോള്‍വിംഗ് ഫണ്ടായി ലഭിച്ച 52 ലക്ഷം രൂപ  കറവപ്പശുക്കളെ വാങ്ങുന്നതിന്  പലിശ രഹിത വായ്പയായി നല്‍കി വരുന്നു.

ക്ഷീര വികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 55.64 ലക്ഷം രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്.  എം.എസ്.ഡി- 26.09 ലക്ഷം,  തീറ്റപ്പുല്‍ കൃഷി വികസനം- 6.63 ലക്ഷം,  വിജ്ഞാനവ്യാപനം- 2.03 ലക്ഷം,  എസ്.സി.എ ടു എസ്.സി.പി -ആറ് ലക്ഷം,  ക്ഷീര സംഘങ്ങള്‍ക്ക് ധനസഹായം - 14.87 ലക്ഷം എന്നിങ്ങനെയാണ് വിവിധ  മേഖലകളില്‍ തുക ചിലവിടുന്നത്.

രണ്ട് ക്ഷീര വികസന യൂണിറ്റുകളും 33 ക്ഷീര വികസന സംഘങ്ങളുമാണ്  ബ്ലോക്കിലുള്ളത്. ഉഴവൂര്‍ ക്ഷീര വികസന യൂണിറ്റ്  പരിധിയിലെ  26 സംഘങ്ങളിലായി 13500 ലിറ്ററും  മാഞ്ഞൂര്‍ ക്ഷീര വികസന യൂണിറ്റിനു കീഴിലെ ഏഴ്  ക്ഷീരസംഘങ്ങളില്‍ 6000 ലിറ്ററുമാണ് ദൈനംദിന പാല്‍ സംഭരണം.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ചത് ചക്കാമ്പുഴ ക്ഷീരസംഘമാണ്. 1791 ലിറ്ററാണ് ഇവിടുത്തെ പ്രതിദിന സംഭരണം. 1,11,596 ലിറ്റര്‍ പാല്‍ അളന്ന കരിങ്ങനാട്ട് കെ.ജെ. സ്റ്റീഫനാണ് ബ്ലോക്കിലെ മികച്ച കര്‍ഷകന്‍. വെള്ളിയാങ്കണ്ടം തങ്കമ്മ ജോസഫ്, വട്ടകുളം വേങ്ങയില്‍ ഷൈനി ബാബു എന്നിവരാണ്  ഈ വര്‍ഷത്തെ മികച്ച വനിതാ ക്ഷീരകര്‍ഷകര്‍. കഴിഞ്ഞ ദിവസം നടന്ന ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമത്തില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഇവര്‍ക്ക്  പുരസ്കാരം സമ്മാനിച്ചു.

date