Skip to main content

യന്ത്രവത്കൃത കൃഷിക്ക് സഹായമായി ഫാം ഫെസിലിറ്റേഷൻ കേന്ദ്രങ്ങൾ വരുന്നു മധ്യമേഖല ഫാം ഫെസിലിറ്റേഷൻ കേന്ദ്രം ശിലാസ്ഥാപനം 19 ന് മണ്ണുത്തിയിൽ

കൃഷി വകുപ്പിന്റെ മധ്യമേഖല ഫാം ഫെസിലിറ്റേഷൻ കേന്ദ്രം ശിലാസ്ഥാപനം മണ്ണുത്തി സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ ഡിസംബർ 19 വൈകീട്ട് നാലിന് കൃഷി മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ നിർവഹിക്കും. കർഷിക യന്ത്രവൽക്കരണം യാഥാർത്ഥ്യമായെങ്കിലും സമയബന്ധിതമായി ഇവ റിപ്പയർ ചെയ്യുന്നതിനുളള സൗകര്യങ്ങൾ കുറവായ സാഹചര്യത്തിലാണ് ഫാം ഫെസിലിറ്റേഷൻ സെന്റർ തുടങ്ങുന്നത്. അതുപോല തന്നെ വിവിധ കാർഷിക യന്ത്രോപകരണങ്ങളുടെ സ്‌പെയർ പാർട്ട്‌സുകൾ പൊതുവിപണിയിൽ ലഭ്യമല്ലാത്തതും യന്ത്രങ്ങൾ ആവശ്യാനുസരണം റിപ്പയർ ചെയ്ത് കർഷകർക്ക് ലഭിക്കുന്നതിന് തടസ്സമായി. ഇവ അടിസ്ഥാനപരമായി പരിഹരിക്കുന്നതിനാണ് സംസ്ഥാനത്ത് മൂന്ന് മേഖലാ ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് കൃഷി വകുപ്പ് തീരുമാനിച്ചത്.
പാലക്കാട്, മലപ്പുറം, എറണാകുളം, തൃശൂർ ജില്ലകളിലെ അഗ്രോ സർവീസ് സെന്റർ, കാർഷിക കർമ്മസേന, കർഷകർ, കസ്റ്റം ഹയറിങ് സെന്റർ എന്നിവിടങ്ങളിലെ മെഷിനറികൾ റിപ്പയർ ചെയ്യുന്നതിനുളള ഗ്യാരേജ്, റിപ്പയർ ചെയ്യുന്നതിനുളള മെക്കാനിക്കുകൾ, എഞ്ചിനീയർമാർ എന്നിവരുടെ സേവനം തൃശൂർ മേഖലാ ഫാം ഫെസിലിറ്റേഷൻ സെന്ററിൽ ലഭ്യമാക്കും. കാർഷിക യന്ത്രങ്ങളുടെ സ്‌പെയർ പാർട്ട്‌സിന്റെ ഒരു സെന്റർ സ്റ്റോർ റൂം ഇതോടൊപ്പം സജ്ജീകരിക്കും. സംസ്ഥാന വിത്തുൽപാദന ഫാമുകളിലെ വിവിധ ഉൽപ്പന്നങ്ങൽ, വിത്ത്, തൈകൾ എന്നിവയുടെ വിൽപനയ്ക്കായി സൂപ്പർമാർക്കറ്റ് ഫാം ഫെസിലിറ്റേഷൻ സെന്ററിൻരെ ഗ്രൗണ്ട് ഫ്‌ളോറിൽ ഒരുക്കും. തകരാറിലായ കാർഷിക യന്ത്രങ്ങൾ പ്രസ്തുത സെന്ററിൽ എത്തിക്കുന്നതിനുളല റിക്കവറി വാനിന്റെ സേവനം കേന്ദ്രത്തിൽ ലഭ്യമാക്കും.
ഇതോടൊപ്പം ഓൺലൈൻ ടാക്‌സി സർവീസ് മാതൃകയിൽ കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സാധ്യമാകുന്നതിന് കസ്റ്റം ഹയറിംഗ് മൊബൈൽ ആപ്ലിക്കേഷൻ എൻഐസി വികസിപ്പിക്കുകയും അഖിലേന്ത്യാതലത്തിൽ ഇത് ഉപയോഗിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ കസ്റ്റം ഹിയറിങ് ആപ്ലിക്കേഷനിൽ വിവിധ അഗ്രോ സർവീസസ് സെന്ററുകൾ, കാർഷിക സെമിനാറുകൾ, സ്മാം കസ്റ്റം ഹയറിങ് സെന്ററുകൾ എന്നിവയ്ക്ക് അവരുടെ മെഷിനറിയും സേവനവും രജിസ്റ്റർ ചെയ്യുകയും കർഷകർക്ക് ആവശ്യാനുസരണം സേവനം നൽകുകയും ചെയ്യാം. കസ്റ്റം ഹയറിംഗ് മൊബൈൽ ആപ്ലിക്കേഷൻ സംസ്ഥാനതല ലോഞ്ചിംഗോടെ കർഷകർക്ക് കാർഷിക യന്ത്രങ്ങൾ വാടകയ്ക്ക് എവിടെ ലഭ്യമാണെന്ന് ഒറ്റ ക്ലിക്കിൽ അറിയുന്നതിനും മെഷിനറി ബുക്ക് ചെയ്യുന്നതിനും സേവനം അതിവേഗത്തിൽ ലഭ്യമാക്കുന്നതിനും അവസരം ഒരുങ്ങും.
സിഎച്ച്‌സി മൊബൈൽ ആപ്ലിക്കേഷൻ ലോഞ്ചിംഗ് ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജനും സ്മാം മെഷിനറി വിതരണം ടി എൻ പ്രതാപൻ എംപിയും നിർവഹിക്കും. കോർപ്പറേഷൻ മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് കാർഷിക യന്ത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് അഗ്രികൾച്ചറൽ എഞ്ചിനീയർ വി ബാബു പദ്ധതി വിശദീകരിക്കും. രാവിലെ പത്ത് മുതൽ കർഷക പരിശീലനവും കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും നടക്കും.

date