Skip to main content

ലഹരി വർജ്ജനം: വാർഡുകളിൽ വിമുക്തി സേന വരുന്നു

നാളെത്ത കേരളം ലഹരി വിമുക്ത നവകേരളം എന്ന ആശയമുയർത്തി എക്‌സൈസ് വകുപ്പ് നടപ്പാക്കുന്ന തീവ്രയജ്ഞ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ഓരോ വാർഡുകളിലും വിമുക്തി സേനക്ക് രൂപം നൽകും. അഞ്ച് അംഗങ്ങൾ ഉൾപ്പെടുന്നതാകും സേന. ഇതിൽ രണ്ട് വനിതകളും ഉണ്ടാവും. ഇപ്രകാരം തെരഞ്ഞെടുക്കുന്നവർക്ക് സംസ്ഥാന എക്‌സൈസ് അക്കാദമിയിൽ പരിശീലനം നൽകും. പരിശീലനം നേടുന്നവർ എക്‌സൈസ് റെയഞ്ച് തല ഉദ്യോഗസ്ഥരുമായി ചേർന്ന് ലഹരിക്കടിമപ്പെട്ടവുടെ വിവരശേഖരണം നടത്തുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ലഹരി വിരുദ്ധ പ്രചരണ പരിപാടിയുടെ ഫലം താഴെ തലം വരെ എത്തുന്നതിനാണ് വിമുക്തി സേനയ്ക്ക് രൂപം നൽകുന്നത്.
തീവ്രയജ്ഞ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിമുക്തി വാഹനപ്രചരണജാഥ ഡിസംബർ 27 മുതൽ 30 വരെ തൃശൂർ ജില്ലയിൽ പര്യടനം നടത്തും. ഹൈസ്‌കൂളിലും ഹയർ സെക്കന്ററി വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ ക്ലബ് രൂപീകരിക്കാനും എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഘുലേഖാ വിവരണം, കലാ-കായിക പരിപാടികൾ, ബോധവൽക്കരണ പരിപാടികൾ, വിവരശേഖരണം എന്നിവ നടത്തും.
തീവ്രയജ്ഞ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ എല്ലാ ജനവിഭാഗങ്ങളും പങ്കെടുപ്പിക്കാനാണ് എക്‌സൈസ് വകുപ്പിന്റെ ശ്രമം.

date