Skip to main content

നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകും: മന്ത്രി ഇ.പി. ജയരാജൻ

നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് വ്യവസായ മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞു. വിവിധ മാധ്യമങ്ങളിൽ നിന്നുള്ള മുതിർന്ന മാധ്യമപ്രവർത്തകരുമായി തിരുവനന്തപുരത്ത് സംവദിക്കുകയായിരുന്നു മന്ത്രി.
വ്യവസായങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തുന്ന രീതിയിലുള്ള നിയമങ്ങളാണ് സർക്കാർ ഇപ്പോൾ നിർമിച്ചിട്ടുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ് ലക്ഷ്യം. കേരളത്തിലെ സംരംഭകർക്ക് പരിശീലനം നൽകുന്ന സ്ഥാപനം ആരംഭിക്കുന്നതിന് സർക്കാർ ശ്രമിക്കുന്നുണ്ട്. വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള പഠനം നടത്താൻ കൂടി കഴിയുന്ന വിധത്തിലുള്ള കേന്ദ്രമാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ 17 സ്പിന്നിംഗ് മില്ലുകളിലും സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നര വർഷത്തിനിടെ 52,137 എം. എസ്. എം. ഇ യൂണിറ്റുകൾ കേരളത്തിൽ രജിസ്റ്റർ ചെയ്തു. 4696.92 കോടി രൂപയുടെ നിക്ഷേപമാണ് ഉണ്ടായത്. ഇതിലൂടെ 1,82,474 തൊഴിൽ സൃഷ്ടിക്കാനായെന്ന് മന്ത്രി പറഞ്ഞു.
ഗെയിൽ പൈപ്പ് ലൈൻ ഉടൻ പൂർത്തിയാവും. ഇനി മൂന്നു കിലോമീറ്റർ ദൂരം മാത്രമാണ് പൈപ്പ് സ്ഥാപിക്കാനുള്ളത്. ഇത് കേരളത്തിൽ വലിയ മാറ്റമുണ്ടാക്കും. ഇ ഓട്ടോയ്ക്ക് കെനിയയിൽ നിന്നും ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും അന്വേഷണം ലഭിച്ചിട്ടുണ്ട്. ബാറ്ററി ഉത്പാദനവും ചാർജിംഗ് സ്‌റ്റേഷനുകൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് തോഷിബ ആനന്ദ് കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
പുതിയ നിരവധി സംരംഭങ്ങളാണ് കേരളത്തിൽ തുടക്കം കുറിക്കുന്നത്. വിവിധ മേഖലകളിലായി 14 ഫുഡ് പാർക്കുകളാണ് ഒരുങ്ങുന്നത്. ചേർത്തലയിൽ മറൈൻ ഫുഡ് പാർക്കും പാലക്കാട് മെഗാ ഫുഡ് പാർക്കും ലൈറ്റ് എൻജിനിയറിങ് പാർക്കും പൂർത്തിയായി. പാലക്കാട്, തൃശൂർ ജില്ലകളിൽ ഇന്റഗ്രേറ്റഡ് റൈസ് ടെക്ക്‌നോളജി പാർക്കുകൾക്ക് തറക്കല്ലിട്ടു. പാലക്കാട് കല്ലേപ്പുള്ളിയിൽ കെൽപ്പാമിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലത്ത് മോഡേൺ റൈസ് മിൽ നിർമാണം ആരംഭിച്ചിട്ടുണ്ട്. മൂല്യവർധിത റബർ ഉത്പന്നങ്ങളുടെ പ്രോത്‌സാഹനത്തിന് സിയാൽ മോഡൽ റബർ കമ്പനി രൂപീകരിച്ചു. മുഴുവൻ ജില്ലകളിലും നാളികേര അധിഷ്ഠിത വ്യവസായ പാർക്കുകൾ സ്ഥാപിക്കും. വയനാട് മുട്ടിൽ പഞ്ചായത്തിൽ കാർബൺ ന്യൂട്രൽ കോഫി പാർക്കും മാനന്തവാടിയിൽ ടീ പാർക്കും ഒരുങ്ങുന്നതായും മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. നഗരമേഖലയിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും സ്ഥലമുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കിന് അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു.
പി.എൻ.എക്‌സ്.4582/19

date