Skip to main content

നദീസംരക്ഷണത്തിന് സംഘടിതശ്രമം വേണം-മന്ത്രി ഇ. ചന്ദ്രശേഖരൻ

* ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്തു
മാനവസംസ്‌കാരത്തിന്റെ ഉറവിടങ്ങളായ നദികൾ സംരക്ഷിക്കാൻ കൂട്ടായ പരിശ്രമമുണ്ടാവണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ജലസ്രോതസുകൾ നിലച്ചാൽ ജീവന്റെ നിലനിൽപ്പ് ഇല്ലാതാകും. ഇതിനെതിരെ സംഘടിതമായി പരിശ്രമിച്ചാൽ നദീപുനരുജ്ജീവനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ നദീപരിപാലനത്തിന് ജൈവമാർഗ്ഗങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലവും മണലുമുൾപ്പെടെയുള്ളവ കമ്പോളത്തിലെത്തിക്കുന്നതിന് വലിയ ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. പ്രകൃതി വിഭവങ്ങൾ ഭാവിതലമുറയിൽ നിന്ന് കടംകൊണ്ടവയാണെന്ന ചിന്ത എല്ലാവർക്കുമുണ്ടാകണം. ഭാവി തലമുറയ്ക്കായി പ്രകൃതിയെ സംരക്ഷിച്ചു നിർത്താൻ വലിയ ഇടപെടൽ നടത്തണമെന്നും മന്ത്രി പറഞ്ഞു.
നദീതടത്തിന്റെയും ജലത്തിന്റെയും സംയോജിത സംരക്ഷണ പരിപാലനത്തിന് നവകേരള നിർമ്മിതിയുടെ ഭാഗമായി പ്രോത്സാഹിപ്പിക്കേണ്ട ജൈവമാർഗ്ഗങ്ങൾ വിശകലനം ചെയ്യുന്നതിനാണ് ശില്പശാല സംഘടിപ്പിച്ചത്.
നദീപരിപാലനത്തിനായി ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്ന ജൈവമാർഗ്ഗങ്ങൾ, നദീസംരക്ഷണ ജൈവമാർഗ്ഗ കർമ്മ പദ്ധതി തയ്യാറാക്കൽ, നദികളുടെ പുനരുജ്ജീവനത്തിന് ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ പങ്കാളിത്തം, ജലസമൃദ്ധി പദ്ധതി എന്നീ വിഷയങ്ങളിൽ ബന്ധപ്പെട്ട വിദഗ്ദ്ധർ വിഷയാവതരണം നടത്തി. ഡോ. ശ്രീകുമാർ ചഠോപാധ്യായ്, കേരള സർവകലാശാല എൻ.എസ്.എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. എ. ഷാജി, ആർ. അജയൻ, ഐ.എൽ.ഡി.എം. ഡയറക്ടർ പി.ജി. തോമസ്, പി.എ. രാജേശ്വരി, ഇ. മുഹമ്മദ് സഫീർ, വി.എം. സുനിൽ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥർ ഇറിഗേഷൻ വകുപ്പിലെ എൻജിനിയർമാർ, നദീസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന  സർക്കാർ ഇതര സ്ഥാപനങ്ങൾ, സർവകലാശാല വകുപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്.4583/19

date