Skip to main content

സംസ്ഥാനത്ത് സംരംഭക - തൊഴിലാളി സൗഹൃദാന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

പൊതുമേഖലയെ സംരക്ഷിച്ചും സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിച്ചും കേരളത്തില്‍ സംരംഭക - തൊഴിലാളി സൗഹൃദ അന്തരീക്ഷം ഉറപ്പാക്കി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യമെന്നു തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. തൊഴില്‍, സാമ്പത്തിക മേഖലകളില്‍ കൊണ്ടുവരാന്‍ പോകുന്ന പുതിയ പരിഷ്‌കാരങ്ങള്‍ വഴി തൊഴിലാളികള്‍ക്കും തൊഴില്‍ മേഖലയ്ക്കുമുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് അവരെ സംരക്ഷിക്കുന്ന നിലപാടാണ് കേരള സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ദക്ഷിണേന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ വേജ് കോഡും ചട്ടങ്ങളും തൊഴിലാളികള്‍ക്കും അസംഘടിത മേഖലയിലുള്ളവര്‍ക്കും ഗുണകരമല്ലെന്ന ആശങ്ക മന്ത്രി പങ്കുവച്ചു. ഇത് ഇന്ത്യന്‍ തൊഴിലാളി സമൂഹത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന നയമാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആശങ്ക കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ട്. പുതിയ കേന്ദ്ര വേജ് കോഡ് നയം മിനിമം കൂലിയായി 176 രൂപ മാത്രമാണ് ഉറപ്പാക്കുന്നത്. എന്നാല്‍, കേരള സര്‍ക്കാര്‍ കൊണ്ടുവന്ന തൊഴില്‍ നയം എല്ലാ മേഖലയിലുമുള്ള തൊഴിലാളികള്‍ക്കും പ്രതിദിനം 600 രൂപയാണ് മിനിമം വേതനമായി വ്യവസ്ഥ വച്ചിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കേരളത്തില്‍ തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. തൊഴില്‍ വകുപ്പിനു കീഴിലുള്ള 16 ക്ഷേമനിധികളുള്‍പ്പെടെ കേരളത്തില്‍ വിവിധ വകുപ്പുകളുടെ കീഴില്‍ 27 ക്ഷേമനിധി ബോര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 94,06,649 പേര്‍ അംഗങ്ങളായുണ്ട്. ക്ഷേമ പെന്‍ഷനുകള്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രതിമാസം 1200 രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മറ്റ് ആനുകൂല്യങ്ങളും ക്ഷേമ പദ്ധതികളും ഇതിന് ക്രമാനുഗതമായി ഉയര്‍ത്തിക്കഴിഞ്ഞു. 1960ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിവഴി തൊഴിലിടങ്ങളില്‍ ജോലി സമയത്ത് ജീവനക്കാര്‍ക്ക് ഇരിക്കാനുള്ള അവകാശം നിയമമാക്കി. അണ്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരെയും മറ്റു ജീവനക്കാരെയും മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നടപടിയും സ്വീകരിച്ചുകഴിഞ്ഞു. 

സംസ്ഥാനത്തെ തൊഴിലാളികള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങളെല്ലാം കുടിയേറ്റ തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതര സംസ്ഥാന (അതിഥി) തൊഴിലാളികള്‍ക്കായി പുതിയ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. ആവാസ് എന്ന പേരില്‍ ആരംഭിച്ച ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ നിലവില്‍ 4.91 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷ്വറന്‍സും 25,000 രൂപയുടെ ചികിത്സാ സഹായവുമാണ് ഇതിന്റെ പരിധിയില്‍ വരുന്നത്. ഗുരുതര അപകടങ്ങള്‍ക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷയും ലഭിക്കും. അതിഥി തൊഴിലാളികള്‍ക്ക് കേരളത്തില്‍വച്ച് മരണം സംഭവിച്ചാല്‍ ഭൗതികശരീരം മരണപ്പെട്ടയാളുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് 50,000 രൂപയുടെ ധനസഹായം നിലവില്‍ നല്‍കിവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട പാര്‍പ്പിട സൗകര്യമൊരുക്കുന്നതിനായി അപ്നാ ഘര്‍ എന്ന പേരില്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് പാര്‍പ്പിട പദ്ധതി ആരംഭിച്ചിട്ടുണ്ട്. 620 പേര്‍ക്കു താമസിക്കാവുന്ന വിധത്തിലുള്ള ഈ ഹോസ്റ്റല്‍ സൗകര്യം മറ്റു ജില്ലകളിലും ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ക്ക് കേരളത്തിലെത്തുമ്പോള്‍ വിവിധ കാര്യങ്ങളില്‍ സഹായം നല്‍കുന്നതിനു നിലവില്‍ മൂന്നു ജില്ലകളില്‍ ആരംഭിച്ചിട്ടുള്ള 'ശ്രമിക് ബന്ധു' എന്ന പേരിലുള്ള സഹായ കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

കേന്ദ്രവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടേയും സഹകരണം ഉറപ്പാക്കി രാജ്യത്തെ തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

date