Skip to main content

വട്ടിയൂര്‍ക്കാവിന് പുത്തന്‍ വികസന കാഴ്ചപ്പാട്

 

    വട്ടിയൂര്‍ക്കാവ് നിയമസഭാ നിയോജക മണ്ഡലത്തിലെ സമഗ്ര വികസനം പുതിയ കാലത്തിന് യോജിക്കുംവിധം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറില്‍ മേഖലാടിസ്ഥാന ചര്‍ച്ചയും പൊതു അവതരണവും നടന്നു. വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞാണ് മേഖലാടിസ്ഥാന ചര്‍ച്ച നടന്നത്. വര്‍ക്കിംഗ് ഗ്രൂപ്പ് കണ്‍വീനര്‍മാര്‍ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. സുപ്രധാന നിര്‍ദേശങ്ങള്‍ ചുവടെ.

അടിസ്ഥാനസൗകര്യം

    അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ നിര്‍ദേശങ്ങള്‍ വന്നത്. നിര്‍മാണത്തിലിരിക്കുന്ന റോഡുകളുടെയും ഓടകളുടെയും  വികസനം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. നിര്‍മാണത്തിന്റെ ഗുണനിലവാരം,സുതാര്യത എന്നിവ ഉറപ്പുവരുത്തണം.കുടിവെള്ള പദ്ധതിയ്ക്കായി ഒരു നഗരകേന്ദ്രീകൃത പൊതു സംവിധാനം ഉണ്ടാക്കുന്നതിന് മുന്‍ഗണന കൊടുക്കണം. കുടിവെള്ളത്തിനായി റോഡ് വെട്ടിപ്പൊളിക്കുന്നതുമായി  ബന്ധപ്പെട്ട്  മണ്ഡലാടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനമുണ്ടാകണം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുഴുവന്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കണം. പാര്‍ക്കുകളും ജംഗ്ഷനുകളില്‍ കേന്ദ്രീകരിച്ച് പൊതു ശൗചാലയങ്ങള്‍ നിര്‍മിക്കണം. അങ്കണവാടി, ബസ് ഷെല്‍ട്ടര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നവീകരിക്കണം. മണ്ഡലത്തിലെ പ്രധാന കുളങ്ങളും തോടുകളും നവീകരിക്കണം. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടകള്‍ നവീകരിക്കണം. ഉള്‍പ്രദേശങ്ങളില്‍ മുടങ്ങിപ്പോയ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണം.

 ആരോഗ്യം    

    ആരോഗ്യസംരക്ഷണത്തിനും,പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുമായി റസിഡന്‍സ് അസോസിയേഷനുകളുടെ  നേതൃത്വത്തില്‍ ആരോഗ്യ സേന രൂപീകരിക്കണം. വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു ഇടങ്ങള്‍ സൃഷ്ടിക്കണം. വീടുകളില്‍ ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് വേണ്ട സഹായം ഉറപ്പു വരുത്തണം.ഒറ്റപ്പെട്ട് കഴിയുന്ന വൃദ്ധജനങ്ങളുടെ പരിരക്ഷ ഉറപ്പു വരുത്തണം.കുട്ടികളുടെ അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനും അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ആവശ്യമായ കൗണ്‍സിലിംഗ് നല്‍കണം. കുടപ്പനക്കുന്ന് ഗവണ്‍മെന്റ് ഹോമിയോ ഡിസ്പെന്‍സറിയുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തണം. വട്ടിയൂര്‍ക്കാവ് ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയ്ക്കായി പുതിയ കെട്ടിടം നിര്‍മിക്കണം.

 വിദ്യാഭ്യാസം

    വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നല്‍കുന്ന പരിഗണന എല്‍.പി-യു.പി സ്‌കൂളുകള്‍ക്കും നല്‍കിക്കൊണ്ട് അവയുടെ സൗകര്യം മെച്ചപ്പെടുത്തണം. എല്ലാ സ്‌കൂളുകളിലും ശുചിമുറി കുടിവെള്ള ലഭ്യത, ലൈബ്രറി സംവിധാനം എന്നിവ ഏര്‍പ്പെടുത്തണം. പുതിയതായി അങ്കണവാടികള്‍ തുടങ്ങണം. മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളും ഹൈടെക് ആക്കണം. കോളേജ്/പോളിടെക്നിക്കുകളില്‍ സ്വയം സംരഭക  യൂണിറ്റുകള്‍ ആരംഭിക്കണം.കോളേജുകളില്‍ സംരംഭകത്വ ബോധവല്‍ക്കരണം നടത്തണം. പിടിഎ സംവിധാനം സജീവമല്ലാത്ത സ്‌കൂളുകളില്‍ അവ സജീവമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കണം. മണ്ഡലത്തിലെ എല്ലാ ലൈബ്രറികളും വനിതാ സൗഹാര്‍ദ്ദം ആക്കണം. നെട്ടയത്ത് സാംസ്‌കാരിക നിലയം സ്ഥാപിക്കണം.

ദാരിദ്ര ലഘൂകരണം 

    ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ നിരവധി നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്നുവന്നത്. ഒന്‍പതോളം വാര്‍ഡുകളില്‍ അംഗന്‍വാടികള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശമാണ് പ്രധാനമായും ഉയര്‍ന്നുവന്നത്. അഗന്‍വാടികളുടെ അഭാവം കാരണം കുഞ്ഞുങ്ങള്‍ക്കും വൃദ്ധര്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന പല പദ്ധതികളും വേണ്ടതരത്തില്‍ ഇവിടങ്ങളില്‍ നടപ്പിലാകുന്നില്ല. കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ വായ്പകള്‍ ലഭ്യമാക്കുകയും,അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പു വ്യാപകമാക്കാനും നിര്‍ദേശമുണ്ടായി.

ശുചിത്വം

    മണ്ഡലത്തിലെ ശുചിത്വം ഉറപ്പുവരുത്താന്‍ നിരവധി ക്രിയാത്മക നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കാനും കൂടാതെ നിലവിലുള്ളവയുടെ നവീകരണവും പ്രധാന ആവശ്യമായിരുന്നു.മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്റ്  പ്ലാന്റുമായി  മണ്ഡലത്തിലെ ഓടകളെ ബന്ധിപ്പിക്കാനുള്ള നടപടി ഉണ്ടാകണം. മാലിന്യ സംസ്‌കരണത്തിനായി എം.സി.എഫുകള്‍, തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ രീതികള്‍ എന്നിവ വ്യാപകമാക്കണം. കൂടാതെ കക്കൂസ് മാലിന്യങ്ങള്‍ ജലസ്രോതസ്സുകളില്‍ ഒഴുക്കുന്നത് തടയുവാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം റോഡുകളുടെ സൗന്ദര്യവല്‍ക്കരണം, മാര്‍ക്കറ്റ് നവീകരണം എന്നീ ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

വനിതകളുടെയും കുട്ടികളുടെയും  സംരക്ഷണം

മണ്ഡലത്തിലെ പൊതു ഇടങ്ങള്‍ പ്രത്യേകിച്ചും ഓഫീസുകള്‍ ഭിന്നശേഷി- വയോജന സൗഹൃദം ആക്കണം എന്നതാണ് പ്രധാനമായി ഉയര്‍ന്നുവന്ന ആവശ്യം. ഓഫീസുകളില്‍ അമ്മമാര്‍ക്കും കുട്ടികള്‍ക്കും  വിശ്രമകേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. മണ്ഡലത്തിലെ പല ബസ്  ഷെല്‍ട്ടറുകളിലും ഇരിപ്പിടങ്ങള്‍ ശരിയായ രീതിയിലല്ല ക്രമീകരിച്ചിരിക്കുന്നത്. അത് ശരിയായ രീതിയില്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. ബഡ്‌സ് സ്‌കൂളുകള്‍ , അംഗന്‍വാടികള്‍ എന്നിവ  നിര്‍മിക്കണം.

കൃഷി-മൃഗസംരക്ഷണം 

 പച്ചക്കറി കൃഷി മണ്ഡലത്തില്‍ വ്യാപിപ്പിക്കണമെന്ന ഒരുനിര്‍ദ്ദേശമാണ് പ്രധാനമായുള്ളത്. കര്‍ഷകര്‍ക്ക്  ആവശ്യമായ പരിശീലങ്ങള്‍ ഏര്‍പ്പെടുത്തണം. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനുമായി കേന്ദ്രങ്ങള്‍ ആരംഭിക്കണം. പ്ലാസ്റ്റിക് നിരോധനം കാലഘട്ടത്തിന്റെ ആവശ്യമാണെന്നിരിക്കെ ഗ്രോബാഗുകള്‍ക്ക് പകരം ചെടിച്ചട്ടികള്‍ വ്യാപകമാക്കണം. മണ്ഡലത്തില്‍ 82 കുളങ്ങള്‍ ഉണ്ട്. അവ മത്സ്യ കൃഷിക്ക് അനുയോജ്യമാക്കണം. കൂടാതെ കര്‍ഷക ദിനം വിപുലമായി ആഘോഷിക്കണം എന്ന നിര്‍ദേശവും ഉണ്ടായി.

വ്യവസായം

ഒരു വീട്ടില്‍ ഒരു വ്യവസായം പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കണം എന്നതായിരുന്നു പ്രധാന നിര്‍ദേശം. ചെറുകിട വ്യവസായങ്ങള്‍ മണ്ഡലത്തില്‍ ആരംഭിക്കാനായി മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കണം എന്നീ ആവശ്യങ്ങള്‍ ഉയര്‍ന്നുവന്നു. 
                                                                      (പി.ആര്‍.പി. 1350/2019)

date