Skip to main content

മാണിക്കല്‍ കുടുംബാരോഗ്യ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു

 

    മാണിക്കല്‍ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ജനകീയ കൂട്ടായ്മയില്‍ ആരോഗ്യമേഖലയില്‍ പുത്തന്‍ ഉണര്‍വാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശലഭം നഴ്സുമാര്‍ക്ക് ടാബ്ലറ്റ് കമ്പ്യൂട്ടര്‍ നല്‍കുന്നതിന്റെ  സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഇ - ഹെല്‍ത്ത് പദ്ധതി വ്യാപകമാക്കാനായാണ് ആര്‍.ബി. എസ്.കെ പദ്ധതിയില്‍ ഉള്‍പ്പെടുന്ന നഴ്സുമാര്‍ക്ക് ടാബ്ലെറ്റ് കമ്പ്യൂട്ടര്‍ വിതരണം ചെയ്തത്. 

    ആര്‍ദ്രം മിഷന്‍, എംഎല്‍എ ഫണ്ട് , പഞ്ചായത്ത് ഫണ്ട് എന്നിവ  സംയുക്തമായി ഉപയോഗപ്പെടുത്തിയാണ് 1.05 കോടി രൂപ ചിലവില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് സൗകര്യങ്ങള്‍ ഒരുക്കിയത്. നിലവില്‍ ഇവിടെ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 6 വരെയുള്ള ഒ. പി  സൗകര്യം ഇനി ലഭ്യമാകും. ഇ- ഹെല്‍ത്ത് പദ്ധതിയിലൂടെ ലബോറട്ടറി, ഫാര്‍മസി, ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമാക്കും.

    സി. ദിവാകരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. മികച്ച കൃഷി ഓഫീസര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട പമീല വിമല്‍ രാജിനെ ഡി. കെ. മുരളി എം എല്‍എ ആദരിച്ചു.  മാണിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുജാത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വൈ.വി.  ശോഭകുമാര്‍, ഡിഎംഒ ഡോ.  ജോസ് .ജി.ഡിക്രൂസ്, വിവിധ  ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
                                                                      (പി.ആര്‍.പി. 1355/2019)

date