Skip to main content

ചെറിയന്നൂരില്‍ 'ഇനി ഞാന്‍ ഒഴുകട്ടെ' ശുചീകരണ യജ്ഞം

 

        തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന 'ഇനി ഞാന്‍ ഒഴുകട്ടെ' നീര്‍ച്ചാല്‍ പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി വര്‍ക്കല  ചെറിയന്നൂരില്‍ ശുചീകരണ യജ്ഞം ആരംഭിച്ചു. ക്ലീന്‍ ചെറിയന്നൂര്‍- ഗ്രീന്‍ ചെറിയന്നൂര്‍ എന്ന മുദ്രാവാക്യത്തോടെ തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.നവപ്രകാശ് നിര്‍വഹിച്ചു. അയന്തി-ശാസ്താംനട-എലിയന്‍ വിളാകം-കായല്‍പ്പാടം തോടിന്റെ തടസ്സ രഹിതമായ ഒഴുക്ക് ലക്ഷ്യമിട്ടാണ് ജനകീയ കൂട്ടായ്മയിലൂടെയുള്ള ശുചീകരണ യജ്ഞത്തിനു തുടക്കമിട്ടത്. പ്രവര്‍ത്തനത്തില്‍ ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ അംഗങ്ങള്‍,  സന്നദ്ധസംഘടനകള്‍ എന്നിവര്‍ പങ്കെടുത്തു.

    ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമന ശിവകുമാര്‍ അധ്യക്ഷയായ ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി  ബാലകൃഷ്ണന്‍ നായര്‍ സ്വാഗതം അറിയിച്ചു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹുമയൂണ്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് ചെയര്‍പേഴ്‌സണ്‍  സബീന ശശാങ്കന്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ശ്രീകാന്ത് നന്ദി പ്രകാശനം നടത്തി.
(പി.ആര്‍.പി. 1362/2019)

date