തിരുവാഭരണ ഘോഷയാത്രാ ക്രമീകരണങ്ങള്‍ വിലയിരുത്തി
പന്തളത്തുനിന്നും ഈമാസം 13ന് ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍.ബീനാറാണിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ നിര്‍ദേശപ്രകാരമാണ് യോഗം വിളിച്ചു ചേര്‍ത്തത്.
തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന പത്ത് പഞ്ചായത്തുകളിലെ തിരുവാഭരണ പാത നവീകരണം, കുടിവെള്ള വിതരണം, തെരുവ് വിളക്കുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളെ പോലീസ് നാല് സെക്ടറായി തിരിച്ച് നാല് ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 350ഓളം ഉദ്യോഗസ്ഥരെ വിന്യസിക്കും. തിരുവാഭരണ ഘോഷയാത്രയെ പോലീസിന്റെ 30 സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുഗമിക്കും. തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പം ഫയര്‍ ഫോഴ്‌സിന്റെ ഒരു ടീമിനെയും വാഹനവും രക്ഷാ ഉപകരണങ്ങളും സജ്ജമാക്കും.
തിരുവാഭരണ പാതയിലെ കാട് വെട്ടിതെളിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തിയായി വരുന്നതായി വനം വകുപ്പ് പ്രതിനിധി പറഞ്ഞു. ഘോഷയാത്രയെ വനം വകുപ്പിന്റെ എലിഫന്റ് സ്‌ക്വാഡ് അനുഗമിക്കും. തിരുവാഭരണപാതയില്‍ അതത് പഞ്ചായത്തുകള്‍ നല്‍കുന്ന തെരുവ് വിളക്കുകള്‍ കെ.എസ്.ഇ.ബി സ്ഥാപിക്കും. ഘോഷയാത്രയോടൊപ്പം കെ.എസ്.ഇ.ബി രണ്ട് ലൈന്‍ സ്റ്റാഫിനെ എല്ലാ സമയവും ലഭ്യമാക്കും. തിരുവാഭരണ ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ പൈപ്പുകളില്‍ കുടിവെള്ളം ഉറപ്പുവരുത്തുമെന്ന് വാട്ടര്‍ അതോറിറ്റി പ്രതിനിധി പറഞ്ഞു. വടശേരിക്കര, റാന്നി-പെരുനാട് പഞ്ചായത്തുകള്‍ കുടിവെള്ള വിതരണത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യോഗത്തില്‍ അറിയിച്ചു.
തിരുവാഭരണ ഘോഷയാത്രക്കൊപ്പം ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ടീമും ആംബുലന്‍സും അനുഗമിക്കും. തിരുവാഭരണ ഘോഷയാത്രയില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിന് റവന്യൂ വകുപ്പില്‍നിന്ന് നോഡല്‍ ഓഫീസറെ ചുമതലപ്പെടുത്തും. യോഗത്തില്‍ വിവിധ വകുപ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് അവസാനവട്ട ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ജനുവരി ഏഴിന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ യോഗം ചേരും.
- Log in to post comments