പുതുജീവിതം നെയ്ത് പള്ളിപ്പുറത്തെ ഈ അമ്മമാർ
ആലപ്പുഴ: ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് ജീവനോപാധിയൊരുക്കി പള്ളിപ്പുറം പഞ്ചായത്ത്. പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന തുണിസഞ്ചി നിർമാണ യൂണിറ്റിൽ നിരവധി അമ്മമാരാണ് തങ്ങളുടെ ജീവിതം തുന്നിചേർക്കുന്നത്. ഒരുമാസം മുമ്പാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുപത് പേർ അടങ്ങുന്ന സ്ത്രീകൾക്ക് പരിശീലനം നൽകിയത്. ഹരിതചട്ടം പാലിക്കുന്ന പഞ്ചായത്തിലെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ആവശ്യമായ തുണിസഞ്ചി ഇവിടെ നിന്ന് ഉത്പ്പാദിപ്പിക്കുകയാണ് ഈ സംരഭത്തിന്റെ ലക്ഷ്യം.
ഭിന്നശേഷിയുമായി പിറന്നുവീണ കുഞ്ഞുങ്ങൾക്കായി തങ്ങളുടെ ജോലിയും യാത്രയുമെല്ലാം ഉപേക്ഷിക്കേണ്ടി വന്ന ഈ അമ്മമാർ ഇപ്പോൾ വളരെ സന്തോഷത്തിലും ആത്മവിശ്വാസത്തിലുമാണ്. കുട്ടികളെ പരിചരിച്ചതിന് ശേഷമുള്ള സമയങ്ങളിൽ തങ്ങളുടെ തൊഴിലിടത്തിലെത്തുന്ന അമ്മമാർ ഇപ്പോൾ ഒരു ദിവസം മുപ്പത് തുണി സഞ്ചികൾ വരെ നിർമിക്കുന്നുണ്ട്. പഞ്ചായത്തിന്റെ പരിപാടികൾക്കും കുടുംബശ്രീയുടെ ആവശ്യങ്ങൾക്കുമുള്ള തുണി സഞ്ചികളാണ് ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പുതുവർഷത്തിൽ നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനം തുണിസഞ്ചികളുടെ ആവശ്യം വർധിപ്പിക്കും എന്ന പ്രതീക്ഷയിലാണ് ഈ അമ്മമാർ. അങ്ങനെയായാൽ പഞ്ചായത്തിന് പുറത്തുനിന്നും ആവശ്യക്കാർ എത്തി തുടങ്ങുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു.
- Log in to post comments