Skip to main content
പ്ലാസ്റ്റിക്ക് ബദൽ മേളയുമായ് ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം

പ്ലാസ്റ്റിക് നിരോധനം: ബദല്‍ ഉല്‍പന്നമേള 22 മുതല്‍

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ നിരോധിച്ചതിന്റെ പശ്ചാത്തലത്തില്‍ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബദല്‍ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയ്ക്ക് ജനുവരി 22 ന് ജില്ലയില്‍ തുടക്കമാവും. വിപണിയില്‍ ബദല്‍ ആവശ്യാനുസരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹരിത കേരള മിഷന്‍, കുടുംബശ്രീ, വ്യവസായ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മേള സംഘടിപ്പിക്കുന്നത്. ജനുവരി 31 നകം മുനിസിപ്പല്‍, ബ്ലോക്ക് തലങ്ങളില്‍ മേള പൂര്‍ത്തിയാക്കാനും ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പ്ലാസ്റ്റിക് നിരോധനം ജില്ലയില്‍ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്ലാസ്റ്റിക് വസ്തുക്കളുടെ ബദല്‍ ഉല്‍പന്നങ്ങള്‍ ഗുണമേന്മയുള്ളതാകണമെന്ന് കലക്ടര്‍ പറഞ്ഞു. പ്ലാസ്റ്റിക് ഉപഭോഗം പരമാവധി കുറക്കുന്നതിന് നാം തയ്യാറാകണമെന്നും എല്ലാ വിഭാഗം ആളുകള്‍ക്കും ആവശ്യാനുസരണം ബദല്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനുവരി 15 വരെ വിപുലമായ രീതിയില്‍ പ്ലാസ്റ്റിക് നിരോധന ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, കുടുംബശ്രീ, അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ക്യാമ്പയിന്റെ ഭാഗമാകും. സമൂഹ മാധ്യമങ്ങള്‍, എഫ് എം, പത്രം എന്നിവയുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തും.
ആദ്യഘട്ടത്തില്‍ നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കൂടുതല്‍ സ്റ്റോക്ക് ചെയ്യുന്ന സ്ഥലങ്ങളില്‍ പരിശോധന നടത്താനും ആവശ്യമെങ്കില്‍ പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു. തദ്ദേശ ഭരണ സ്ഥാപന സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരിക്കും പരിശോധന. ജനുവരി 16 മുതല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുപുറമെ ജില്ലാ തലത്തിലും പരിശോധന നടത്തും. ഇതിന്റെ നോഡല്‍ ഓഫീസറായി സബ് കലക്ടര്‍മാരെ ചുമതലപ്പെടുത്തും.
ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, സബ് കലക്ടര്‍മാരായ ആസിഫ് കെ യൂസഫ്, എസ് ഇലക്കിയ, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജീവ്, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date