Skip to main content

ലൈഫ് മിഷൻ: വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പൂർത്തീകരിച്ചത് 350 വീടുകൾ

ലൈഫ് പദ്ധതിയുടെ ഭാഗമായി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിൽ പൂർത്തീകരിച്ചത് 350 വീടുകൾ. ലൈഫ് മിഷൻ സമ്പൂർണ്ണ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പടിയൂർ, പുത്തൻചിറ, വേളൂക്കര, പൂമംഗലം, വെള്ളാങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിലായാണ് വീടുകൾ പണിതത്. ഇതിന്റെ ഭാഗമായി ലൈഫ് വകുപ്പിന്റെ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും സംഘടിപ്പിച്ചു. സംസ്ഥാന തലത്തിൽ ജനുവരി 26 - ന് നടക്കുന്ന പൂർത്തീകരണ പ്രഖ്യാപനത്തിന് മുന്നോടിയായാണ് കുടുംബസംഗമവും അദാലത്തും നടത്തിയത്. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കാനാണ് അദാലത്ത് സംഘടിപ്പിച്ചത്.
വെള്ളാങ്ങല്ലൂർ പി.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്ക് രജിസ്‌ട്രേഷന് പ്രത്യേകം കൗണ്ടർ സജ്ജമാക്കിയിരുന്നു. ഇരുപതോളം സർക്കാർ വകുപ്പുകളുടെ സ്റ്റാൾ ഒരുക്കിയാണ് അദാലത്ത് നടത്തിയത്.
ആധാർ തിരുത്തൽ, ഇലക്ഷൻ തിരിച്ചറിയൽ കാർഡ് (അക്ഷയ), ബാങ്ക് അക്കൗണ്ട് (ലീഡ് ബാങ്ക് / റീജിയണൽ ബാങ്ക്), റേഷൻ കാർഡ് തിരുത്തൽ (സിവിൽ സപ്ലൈസ്), പ്രധാനമന്ത്രി ഉജ്വൽ യോജന (ഗ്യാസ് ഏജൻസികൾ), സ്വച്ഛ് ഭാരത് അഭിയാൻ (സാനിറ്റേഷൻ / ശുചിത്വ മിഷൻ), തൊഴിൽ പരിശീലനം (കുടുംബശ്രീ), തൊഴിൽ കാർഡ്, ചെറുകിട തൊഴിൽ സംരംഭങ്ങൾ (വ്യവസായ വകുപ്പ്), മത്സ്യ കൃഷി (ഫിഷറീസ്), ഡയറി വകുപ്പ് പദ്ധതികൾ (ക്ഷീര വികസന വകുപ്പ്), കൃഷി പദ്ധതികൾ(കൃഷി വകുപ്പ്), എംകെഎസ്പി പദ്ധതികൾ (ഗ്രാമവികസന വകുപ്പ്) പട്ടികവർഗ്ഗ വകുപ്പ് പദ്ധതികൾ (പട്ടിക വർഗ്ഗ വകുപ്പ്), പട്ടികജാതി വകുപ്പ് പദ്ധതികൾ (പട്ടികജാതി വകുപ്പ്), ആരോഗ്യ വകുപ്പ് പദ്ധതികൾ(ആരോഗ്യ വകുപ്പ്), സാമൂഹ്യക്ഷേമ പദ്ധതികൾ (സാമൂഹ്യ നീതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്), റവന്യൂ രേഖകൾ (റവന്യൂ വകുപ്പ്), സാമൂഹ്യ സുരക്ഷാ പെൻഷൻ (പഞ്ചായത്ത് വകുപ്പ്, നഗരകാര്യ വകുപ്പ്), ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻ വകുപ്പ് എന്നിങ്ങനെ 20 വകുപ്പുകളുടെ കീഴിൽ സേവനങ്ങൾ ഒരുക്കി നൽകിയാണ് അദാലത്തും സംഗമവും മികച്ചതാക്കിയത്.
കേരളത്തിലെ അർഹരായ ഭൂരഹിത ഭവന രഹിതർക്ക് സ്വന്തമായി തൊഴിൽ ചെയ്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹ്യ ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന തരത്തിൽ സുരക്ഷിതവും മാന്യമായ വീടുകൾ നൽകുക എന്നതാണ് ലൈഫ് മിഷന്റെ ലക്ഷ്യം.
വെള്ളാങ്ങല്ലൂർ പി.സി.കെ. ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം വി.ആർ.സുനിൽകുമാർ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കെ.യു.അരുണൻ എം.എൽ.എ. അധ്യക്ഷനായി. എഡിസി ജനറൽ പി എൻ അയന റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വത്സല ബാബു, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന അനിൽകുമാർ, ഉചിത സുരേഷ്, വർഷ രാജേഷ്, സി എസ് സുധൻ, നദീർ വി എ, പഞ്ചായത്ത്- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date