പഠനവും ജീവിതവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പൊതുവിദ്യാഭ്യാസം: മന്ത്രി സി.രവീന്ദ്രനാഥ്
പഠനവും ജീവിതവും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പൊതുവിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രെഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. തിരുവല്ല ഗവ: മോഡല്‍ ഹൈസ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തില്‍ സമഗ്രശിക്ഷ കേരളയുടെ പത്തനംതിട്ട ജില്ലാ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനവും ഉല്ലാസ ഗണിതം രണ്ടാം ഘട്ട മൊഡ്യൂളിന്റെ സംസ്ഥാന തല പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനകീയ വിദ്യാഭ്യാസമാണു കേരളത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജനകീയ വിദ്യാഭ്യാസത്തില്‍ ലോകത്തിനു മാതൃകയാണ് കേരളം. ഇന്ത്യയിലെ എറ്റവും മികച്ച സ്കൂള്‍ വിദ്യാഭ്യാസം നല്കുന്ന സംസ്ഥാനമായി കേരളം രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എല്ലാ വകുപ്പുകളുടേയും കൂട്ടായശ്രമത്തിന്റെ ഭാഗമാണ് ഈ വിജയം. വിജയം നിലനിര്‍ത്തുകയാണ് ഇനിവേണ്ടത്. 82 പോയന്റാണ് ഇപ്പോള്‍ കേരളത്തിനു ലഭിച്ചിരിക്കുന്നത്. അത് നൂറില്‍ എത്തിക്കുകയാണ് ലക്ഷ്യം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒന്നാം ക്ലാസില്‍ ഗണിതത്തിന്റെ അടിസ്ഥാന ധാരണകള്‍ എല്ലാ കുട്ടികള്‍ക്കും ഉറപ്പുവരുത്തുന്നതിനു സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് ഉല്ലാസ ഗണിതം. ആയാസരഹിതവും ആസ്വാദനകരവുമായി ഗണിതപഠനം സാധ്യമാക്കുക, ഒന്നാം ക്ലാസിലെ ഓരോ കുട്ടിയേയും ഒന്നാംതരക്കാരായി മാറ്റുക, സംഖ്യാബോധം, സംഖ്യാ വ്യാഖ്യാനം, അടിസ്ഥാന ഗണിത ക്രിയകള്‍, തുടങ്ങിയവയേക്കുറിച്ച് വിദ്യാര്‍ത്ഥികളെ ആയാസരഹിതമായി ബോധവാന്മാരാക്കുക എന്നതാണിതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ തിരുവല്ല നഗരസഭ ചെയര്മാന് ചെറിയാന് പോളച്ചിറക്കല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ എസ്.വി സുബിന്, സാം ഈപ്പന്, പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.എ ശാന്തമ്മ, ഡയറ്റ് പ്രിന്‍സിപ്പാള്‍ പി.ലാലിക്കുട്ടി, സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ എ.പി കുട്ടികൃഷ്ണന്, പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എസ്.രാജേഷ്, സമഗ്ര ശിക്ഷാ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ കെ.വി അനില്‍, തിരുവല്ല ബി.പി.ഒ: ആര് രാഗേഷ്, പ്രഥമാധ്യാപകന് യു.ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments